Wednesday 6 March 2024

ബാൽക്കണിയിലെ അഭയാർത്ഥി



അങ്ങനെ അത് പോയി. പറന്ന് പോയി. പോവുമ്പോ എന്നോട് പറഞ്ഞൊന്നുമില്ല. ഇത്തിരി അപ്പി ഇട്ട് വെച്ചിട്ടുണ്ട്. 

അതിന് കണ്ണ് കാണില്ലായിരുന്നു എന്ന് തോന്നുന്നു. ഭക്ഷണം കൊടുത്തതൊന്നും ഒരു മണി പോലും കഴിച്ചില്ല. 

അരിമണികളാണ് കൊടുത്തത്. അത് കൊത്തിത്തിന്നാൻ വേറെയും കിളികൾ വന്നു. വന്ന കിളികളും പ്രാവുകളും അഭയയെ ഉപദ്രവിക്കാനും തുടങ്ങി. 

ഇന്ന് വീട്ടില് വേറൊരു അതിഥി വരാനുണ്ടായിരുന്നു. അമൃത. അമൃതയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോവാൻ സമയമായപ്പോൾ ഒരു കുറ്റബോധം തോന്നി. അഭയക്ക് കൊടുക്കാൻ വെച്ച അരിമണികൾ തൂത്തു വാരിക്കളഞ്ഞില്ലെങ്കിൽ ഉപകാരം ഉപദ്രവമായേക്കാം. അരിമണികളൊക്കെ അടിച്ചു വാരിക്കളഞ്ഞു. ഇതിനെ ആരെങ്കിലും കൊത്തിപ്പറിക്കുമോ എന്ന് പിന്നെയും തോന്നിക്കൊണ്ടിരുന്നു. പക്ഷിയെ കയ്യിലെടുക്കാൻ പേടിയുണ്ടായിരുന്നു. എങ്കിലും അടുത്ത് പോയി തുളകളുള്ള ഒരു ചെറിയ ബാസ്കറ്റ് കൊണ്ട് അഭയയെ മൂടി വെച്ചു. അഭയ വെപ്രാളമൊന്നും കാണിച്ചില്ല. അടങ്ങി അതിനുള്ളിൽത്തന്നെ ഇരുന്നു. 

തിരികെ വീട്ടിലെത്തിയപ്പോ അഭയയെ മൂടി വെച്ചിരുന്ന ബാസ്കറ്റ് മാറ്റിയപ്പോ വിചാരിച്ചു അത് എന്നെ പറന്ന് കൊത്തുമായിരിക്കുമെന്ന്. ഒന്നുമുണ്ടായില്ല. 

അമൃതയും അജയും എന്നെ പോലെ പേടിയോടെ തന്നെ അഭയയെ നോക്കി നിന്നു. 

അഭയ പിന്നെയും കുറെ നേരം ബാൽക്കണിയിൽ വിശ്രമിച്ചു. 

ഞങ്ങൾ വർത്തമാനത്തിൽ മുഴുകി ഇരിക്കുന്നതിനിടയിൽ എപ്പോഴോ നോക്കിയപ്പോ അഭയയെ ബാൽക്കണിയിൽ കണ്ടില്ല. അത് പറന്ന് പോയിരിക്കും. കൂട്ടിലിട്ട പോലെ ഇനിയും കിടക്കേണ്ടി വന്നാലോ എന്ന് പേടിതോന്നിക്കാണും

Sunday 6 November 2022

ഒരു വിഷു അവധിക്കാലത്തിന്റെ ഓർമയ്ക്ക് - 2 - റോഡിലൂടെ

ഒരു വിഷുക്കാലത്തെ കുറിച്ച് എഴുതാൻ വിചാരിച്ചിരുന്ന കാര്യങ്ങൾ എഴുതിത്തീരുമ്പോഴേക്കും ഒരു നാലഞ്ച് വിഷു കടന്ന് പോവുമെന്നാ തോന്നുന്നത്. ആദ്യമായി ഒരു സീരീസ് മുഴുമിക്കാനുള്ള  ദൃഢനിശ്ചയത്തിലാണ്. അത് എഴുതി തീർക്കണം. പത്തു വർഷമെടുത്തിട്ടായാലും!

ഇന്നിപ്പോ കുട്ടിക്കാലത്തെ അവധിക്കാല വിശേഷങ്ങളാണ് വിഷയം. ഒരു പക്ഷെ, ആ ഓർമകളും അനുഭവങ്ങളുമാണ് ഇക്കഴിഞ്ഞ അവധിക്കാലം പ്ലാൻ ഇടാനും ഇങ്ങനെയൊരു ബ്ലോഗ് എഴുതാനുമുള്ള നിമിത്തമായത്.  

മുൻപൊരിക്കൽ ബ്ലോഗിൽ എഴുതിയിട്ടുള്ളത് പോലെ, ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ  സ്നേഹിക്കാൻ പഠിച്ചത് അച്ഛനിലൂടെ ആണ്. പാലക്കാട്ടേക്കുള്ള ഡ്രൈവ് മുഴുവൻ ഞാൻ പ്രമിത്തിനോട് ഞങ്ങളുടെ പഴയ കാല അവധിക്കാലങ്ങളെ കുറിച്ച് പറയുകയായിരുന്നു. കേട്ട് കേട്ട് പ്രമിത്തിന് മടുത്തു തുടങ്ങിയെങ്കിലും ഞാൻ ഓർമ്മകൾ പങ്ക് വെക്കുന്ന പതിവ് ഇത് വരെ നിർത്തിയിട്ടില്ല. 

കാറില്ലാത്ത കാലത്ത് ടാക്സി ജീപ്പിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ യാത്രകൾ അധികവും. അമ്മയും അച്ഛനും ഫ്രണ്ട് സീറ്റിൽ. ഞാനും അനിയനും പിറകിൽ. യാത്രകൾക്ക് അജയേട്ടന്റെ KLW - 2557 ജീപ്പ് ആയി മാറിയത് അമ്മക്ക് ഹിന്ദുത്വം തലയിലോതിക്കൊടുത്ത ഒരു സുഹൃത്തതിന്റെ (പേര് പറയുന്നില്ല) വരവോട് കൂടിയായിരിക്കണം. "കിളി"യായി സുരേന്ദ്രൻ ചേട്ടനും വരുമായിരുന്നു ആ യാത്രകളിൽ. അതിന് മുൻപ് സുബേർക്കായുടെ ജീപ്പ് ആയിരുന്നു. സുബേർക്കാ (ഇപ്പൊ ഇല്ല) ഗൾഫിൽ പോയതിന് ശേഷമാണ് അജയേട്ടന്റെ വരവ്. KLW 2639 ആയിരുന്നു സുബേർക്കാന്റെ ജീപ്പിന്റെ നമ്പർ. അന്നൊക്കെ പരിചയമുള്ളവരുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ ഓർത്തു വെക്കുക ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു. 

എല്ലാ കണക്കുകളും കൃത്യമായി സൂക്ഷിക്കുന്ന അച്ഛൻ 900 രൂപയ്ക്കു ഒരു വിഷുവിനോ നവരാത്രിക്കോ പെട്രോൾ അടിച്ചതിന്റെ കണക്ക് ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ശേഷം  പറഞ്ഞു കേട്ടത് ഓർക്കുന്നുണ്ട്. വയനാട് നിന്ന് കോഴിക്കോട് വഴി പാലക്കാടും കോയമ്പത്തൂരും പോയി അവിടെന്നു തിരിച്ച് കോഴിക്കോട് വഴി വയാനാട്ടിലെ വീട്ടിലേക്ക്. അതായിരുന്നു വെക്കേഷൻ യാത്രകളിലെ സ്ഥിരം റൂട്ടുകളിലൊന്ന്. അതിനാണ് 900 രൂപയുടെ പെട്രോൾ. 92 ന് മുൻപെപ്പോഴോ ആയിരുന്നിരിക്കണം 900 രൂപയുടെ പെട്രോൾ അടിച്ച അവധിക്കാലം!  


പിന്നെ കാർ വന്നപ്പോ കാറിലായി യാത്ര. KL - 12, 1510. നീല നിറമുള്ള മാരുതി കാർ. നാട്ടിൽ പോവാനുള്ള വിഷുക്കാല ബസ് യാത്രകളിൽ നിന്നും ഒരു വിടുതൽ കിട്ടി, കാർ വന്നപ്പോൾ. അല്ലെങ്കിൽ ബത്തേരി കെ. എസ് ആർ. ടി. സി സ്റ്റാൻഡിൽ നിന്നും വിഷുക്കാലത്ത് നാട്ടിലേക്കുള്ള തിരക്കുള്ള ബസ്സുകളിൽ കയറിപ്പറ്റുക എന്നത് ഒരു ബുദ്ധിമുട്ടുള്ള ഏർപ്പാട് തന്നെയായിരുന്നു. ലക്ഷ്വറിയിൽ വളർന്ന 'അമ്മയ്ക്ക് ബസ്സ് യാത്ര അത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ല. അമ്മ ബസ്സ് യാത്ര തിരിക്കുന്നതിന്  മുൻപ് തന്നെ ഞങ്ങളെ എഴുന്നേൽപ്പിച്ച് നിർത്തി ഞങ്ങളുടെ സീറ്റ് മുഴുവൻ അപഹരിച്ച് അതിൽ നീണ്ട് നിവർന്ന് കിടക്കാൻ തുടങ്ങും. ആ യാത്രകളിൽ ഏറ്റവും നല്ല ഓർമയുള്ളത് ചുരത്തിലൂടെ ഉള്ള യാത്രയാണ്. കാറിൽ പോവുന്ന പോലെ അല്ല. ബസ്സിലിരിക്കുമ്പോ ഉയരത്തിൽ നിന്ന് കൊക്കയൊക്കെ നല്ലോണം കാണാം. അതൊക്കെ അതിശയത്തോടെ നോക്കി ഇരിക്കും. മോഷൻ സിക്നെസ്സ് ഉള്ളവർ ശർദ്ദിക്കാൻ തുടങ്ങുമ്പോ പിന്നെ പുറത്തേക്കുള്ള നോട്ടം അവസാനിക്കും. മഴക്കാല യാത്രകളാണെങ്കിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളാണ് ചുരത്തിന്റെ ആകർഷണം. ഉരുൾ പൊട്ടൽ ഉണ്ടാവുമോ എന്ന പേടിയുണ്ടാവുമെങ്കിലും.  


ടാക്സിയിലാണ് രാത്രി യാത്രയെങ്കിൽ സ്‌കൂളിൽ നിന്ന് കേട്ട കരിന്തണ്ടന്റെ കഥ ഓര്മ വരും. അവിടത്തെ ചങ്ങലക്കടുത്ത് വണ്ടി സ്ലോ അക്കാതെയാണ് യാത്ര തുടരുന്നതെങ്കിൽ  കരിന്തണ്ടന്റെ പ്രേതം ഉപദ്രവിക്കുമോ എന്ന പേടി തുടങ്ങിയത് സ്‌കൂളിൽ നിന്ന് ഒരിക്കൽ കരിന്തണ്ടനെ കുറിച്ച് ഒരു നാടകം കണ്ട ശേഷമാണ്. കരിന്തണ്ടൻ എന്ന് തന്നെയാണോ അന്ന് കേട്ട പേര് എന്ന് ഇപ്പൊ ഉറപ്പില്ല.   


ചില കാർ യാത്രകളിൽ അമ്മയും അച്ഛനും വഴക്കിടും. അമ്മ വഴിയിലിറങ്ങി തിരിച്ചു പോവും. ഞങ്ങൾ യാത്ര തുടരും. 'അമ്മ വീട്ടിൽ എത്തിയിട്ടുണ്ടാവുമോ എന്ന് ആദ്യമൊക്കെ ഒരു ആധിയുണ്ടാവുമെങ്കിലും പിന്നീട് അതൊക്കെ മറന്നു അവധിക്കാലത്തെ "വിരുന്നു പോക്കുകളിൽ" മുഴുകും. പൊന്നാനിയിലെ അച്ഛാച്ചനെയും അച്ഛമ്മയെയും കാണാത്ത വിഷു അവധിക്കാലങ്ങൾ ആ കാലത്ത് ഉണ്ടായിട്ടില്ല. അരണ്ട വെളിച്ചമുള്ള അച്ഛാച്ചന്റെ ഡൈനിങ്ങ് റൂമിലെ ഊണും, മേശപ്പുറത്തുണ്ടാവാറുള്ള ജീരകവെള്ളവും, പ്ലേറ്റിന്റെയോ ഇലയുടെയോ സൈഡിൽ വെച്ച് തരുന്ന പുളിയിഞ്ചിയും ഒക്കെ ചേർന്നതാണ് ആണ് എന്റെ കുട്ടിക്കാല വിഷുക്കാല ഓർമ്മകൾ. മറന്നു, അച്ചാച്ചന്റെ മട്ടൻ കറിയും. അച്ഛമ്മയെക്കാൾ കൂടുതൽ മേശപ്പുറത്തെ കാര്യങ്ങളിലും വിളംബലുകളിലും അച്ഛാച്ചൻ ആയിരുന്നു കൂടുതലും നിറഞ്ഞു നിന്നിരുന്നത്. ഒരു പക്ഷെ, ഫെമിനിസമൊക്കെ തലയ്ക്കു പിടിക്കുന്നതിന്റെ ഒരുപാട് മുൻപ് തന്നെ അടുക്കളയും ഡൈനിങ്ങ് ടേബിളുകളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ലാ എന്ന എന്റെ ചിന്തകളുടെ തുടക്കം അങ്ങനെ ഹാൻഡ്‌സ് ഓൺ ആയ ഒരു അച്ഛാച്ചനെ കണ്ടു വളർന്നത് കൊണ്ടായിരിക്കണം എന്ന് ഇടക്കൊക്കെ തോന്നാറുണ്ട്. 

പൊന്നാനിയിലേക്കുള്ള യാത്രകളിൽ അച്ഛനും അമ്മയും മാറി മാറി ഡ്രൈവ് ചെയ്യും. അധികവും അച്ഛൻ തന്നെ. ഇപ്പൊ ഡ്രൈവ് ചെയ്യാറില്ലെങ്കിലും, ഞാൻ ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല ഡ്രൈവർ എന്റെ അച്ഛനാണ്. കോഴിക്കോട്ടങ്ങാടിയിലെ തിരക്കിലേക്കിറങ്ങിയാൽ മൂപ്പരുടെ കണ്ട്രോൾ പോവുമായിരുന്നെങ്കിലും! ഡ്രൈവിംഗ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ലിബറേറ്റിംഗ് സ്കിൽ ആയിരുന്നു. ഡ്രൈവിംഗ് അറിയാത്തത് കൊണ്ട് നഷ്ടപ്പെട്ടു പോയ നല്ല ഒപ്പോർട്ടുണിറ്റീസ് പലതും ഉണ്ടായിട്ടുണ്ട്, ബാംഗ്ലൂരിലെ ആദ്യ കാലങ്ങളിൽ. പക്ഷെ, ഞാൻ ഒരു പാഷൻ പോലെ ഡ്രൈവിംഗ് പഠിച്ചെടുത്തത് റോഡിലൂടെ കാറോടിച്ചു ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കൊക്കെ യാത്ര ചെയ്യാനുള്ള ഫ്രീഡം എന്ന സ്വപ്നം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്. ആ സ്വപ്നങ്ങളുടെ തുടക്കവും ഞങ്ങളുടെ പഴയ കാല ഓണം വിഷു യാത്രകളിൽ നിന്നാണ്.  

ഓണക്കാലത്താണ് യാത്രയെങ്കിൽ മഴയുണ്ടാകും. കോരിച്ചൊരിയുന്ന മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഞങ്ങൾക്ക് (എനിക്കും അനിയനും) രണ്ട് ജോലികളുണ്ട്. റോഡിൽ കുഴികളുണ്ടോ എന്ന് നോക്കുക. അന്നത്തെ റോഡിൻറെ സ്ഥിതിയൊക്കെ പരിതാപകരമായിരുന്നു. ചെറിയ റോഡുകൾ, വാഹനങ്ങളും കുറവ്. അധികവും ബസും ലോറിയും ടാക്സി ജീപ്പുകളുമായിരുന്നു റോഡിൽ. രണ്ടാമത്തെ ജോലി ട്രാഫിക് സൈൻസ് നോക്കുക. അന്നൊക്കെ ബ്ലാക്ക് ആൻഡ് യെല്ലോ അല്ലെങ്കിൽ ബ്ലാക്ക് ആൻഡ് ഗ്രേ ബോർഡുകളായിരുന്നു സൈൻ ബോർഡുകൾ.



സൈൻ ബോർഡുകൾ വായിക്കാനും ആ യാത്രകളിലാണ് പഠിക്കുന്നത്. ഇടത്തോട് ചരിഞ്ഞ ആരോ ആണെങ്കിൽ റോഡ് ഇടത്തോട്ട് തിരിയും എന്നും, വലത്തോട്ടുള്ള ആരോ ആണെങ്കിൽ റോഡിൽ വലത്തോട്ടൊരു വളവുണ്ടാവുമെന്നുമൊക്കെ അച്ഛൻ പറഞ്ഞു തന്നു. 

കയറ്റം വരാൻ പോവുന്നു, ഇറക്കം വരാൻ പോവുന്നു, ജംഗ്ഷൻ വരാൻ പോവുന്നു,  ഇടത്ത് നിന്നൊരു റോഡ് വന്നു ചേരാൻ പോവുന്നു എന്നും, വലത്തോട്ട് ഒരു റോഡ് വന്നു ചേരാൻ പോവുന്നുമെന്നൊക്കെ സൈൻസ് നോക്കി ഞങ്ങൾ അച്ഛന് വാണിംഗ് കൊടുക്കും. 

യാത്രകളിലെ ബോർ അടി മാറ്റിത്തന്നിരുന്നത് മൈൽ സ്റ്റോണുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. കുറ്റിപ്പുറം 40 കി. മി., എടപ്പാൾ 4 കി. മി. ഞങ്ങൾ അങ്ങനെ "കി. മി" ബോർഡുകൾ ഉറക്കെ വായിക്കും. 


പൊന്നാനി ഇടത്തോട്ട്, ഗുരുവായൂർ വലത്തോട്ട്, കുന്നംകുളം നേരെ - ഇത്തരം ബോർഡുകൾ പിന്നെ നേവി ബ്ലൂ ബാക് ഗ്രൗണ്ടിൽ വെള്ള എഴുത്തും, ചുവപ്പ് ബോർഡറും ഉള്ള ബോർഡുകളായി മാറി.  ഗൂഗിളിൽ തപ്പിയിട്ടു ആ കളറുള്ള സൈൻ ബോർഡുകളുടെ ഒരു ഫോട്ടോ പോലും കിട്ടിയില്ല. ഇനി നാട്ടിൽ പോവുമ്പോൾ കുറച്ചു ഫോട്ടോ എടുത്ത് ഈ ബ്ലോഗുകൾ അപ്ഡേറ്റ് ചെയ്യണം.  

മയിൽക്കുറ്റികൾ എന്ന് വിളിച്ചുരുന്ന മൈൽസ്റ്റോണുകൾക്ക് വെള്ളയും കറുപ്പുമായിരുന്നു അന്നൊക്കെ നിറം. ഇന്നത് പച്ച ബോർഡുകൾക്ക് വഴി മാറിയെങ്കിലും ഇന്നും മയിൽസ്റ്റോണുകൾ കാണാറുണ്ട്. കറുപ്പ് "തൊപ്പി"ക്ക് പകരം മഞ്ഞ "തൊപ്പി" ആയി എന്ന് മാത്രം.   


കേരളത്തിലൂടെ റോഡ് വഴിയുള്ള യാത്രകൾ എന്നാൽ എനിക്ക് ഇന്നും അച്ഛന്റെ (അമ്മയുടെയും) ഡ്രൈവിങ്ങിൽ നാട്ടിലേക്കുള്ള യാത്രകളാണ്.  'അമ്മ നല്ല ഓർമകളിൽ അധികം ഇല്ല. ഉള്ള ഓർമകളിൽ ഫ്രണ്ട് സീറ്റിൽ മുഖം വീർപ്പിച്ചു ഇരിപ്പായിരിക്കും കക്ഷി. ഡിസിപ്ലിൻ എന്ന അസുഖം ഉള്ളത് കൊണ്ടാവാം കെയോസ്‌ കക്ഷിക്ക്‌ ഹാൻഡിൽ ചെയ്യാൻ പറ്റില്ല. അധികം സംസാരിക്കുന്ന ഞങ്ങളുടെ വായ എങ്ങനെ അടപ്പിക്കാം എന്ന ആലോചനയിലായിരുന്നിരിക്കും കക്ഷി അധികവും എന്ന്  ഇപ്പൊ തോന്നുന്നു. 


പഴയകാല ഓർമ്മകൾ തൽക്കാലം നിർത്താം. എന്നിട്ടു പാലക്കാട് വിശേഷങ്ങളോ, തലശ്ശേരിയിലെ കപ്പ വിശേഷങ്ങളോ ആയി അടുത്ത പോസ്റ്റിൽ തുടരാം. പ്രമിത്ത് പറയാറുള്ളത്, മനുഷ്യൻ മുൻപോട്ട് പോണമെന്നാണ്. പഴയ ഓർമകളിൽ തങ്ങി നിൽക്കരുതെന്നും. ശരിയാണെന്ന് തോന്നുന്നു. ഒന്നൂല്ലെങ്കിലും എന്റെ ഇഡിയോസിൻക്രസികൾക്കൊക്കെ കൂട്ട് വന്ന ആളല്ലേ, പറയുന്നത് കേട്ടേക്കാം. മുൻപോട്ടു പോയേക്കാം. പഴയ ഓർമകൾക്ക് തൽക്കാലം വിട. 

എൻ. ബി: എന്റെ ബ്ലോഗുകളിൽ അമ്മയെ ഒരു നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമായി അവതരിപ്പിക്കുമ്പോ ഒരു പേടിയില്ലാതില്ല. അപ്പുവിന്റെ കഥകളിലെ നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രം ഞാനായിരിക്കുമല്ലോ എന്നോർത്ത് 


   

Monday 17 October 2022

പത്തിരി


വയനാട്ടിലെ വീട് ഒരു പത്ത് സെന്റ് സ്ഥലത്തായിരുന്നു. ഇടത് വശത്ത് എല്ലാവരും കൊല്ലൻ എന്ന് വിളിച്ചിരുന്ന കൊല്ലന്റെ ആല. വലത് വശത്ത് പെരുമ്പാവൂര്കാരനായ പൗലോസ് വൈദ്യർ. റോഡിന്  എതിർ വശത്ത് ഒരു മില്ലും മില്ലിനോട് ചേർന്ന വഴിയിലൂടെ പോയാൽ കാദർക്കാന്റെ വീടും. 

ഒരു പഴയ പോസ്റ്റിൽ കാദർക്കാന്റുമ്മാനെ പറ്റി ഒന്നോടിച്ചെഴുതി വെച്ചിട്ടുണ്ട്. പത്തിരി ആദ്യമായി കഴിക്കുന്നത് കാദർക്കാന്റുമ്മ ഉണ്ടാക്കിയിട്ടാണ്. അന്ന് മുതൽ ഇന്നു വരെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പത്തിരി. ഓരോ തവണ പത്തിരി കഴിക്കുമ്പോഴും ഇപ്പോഴും കദർക്കാന്റുമ്മാനെ ഓർക്കും. കോഴിക്കോട് പോയാൽ സാഗറിൽ നിന്നും zains ഇൽ നിന്നും കഴിക്കുകയാണെങ്കിൽ പത്തിരി കഴിക്കാതെ വരാറില്ല. സ്റ്റ്യൂ ആണ് പത്തിരിയുടെ കൂടെ എന്റെ ഇഷ്ടപ്പെട്ട കോമ്പിനേഷൻ. നല്ല സ്റ്റ്യൂ പക്ഷെ ഇപ്പൊ പത്തിരിയുടെ കൂടെ ചിലപ്പോ കിട്ടാറില്ല. ഒരിക്കൽ zains ഇൽ കിട്ടി. പാരഗണിൽ സ്റ്റ്യൂ കിട്ടിയെങ്കിലും അന്ന് പത്തിരി കിട്ടിയിട്ടില്ല. അങ്ങനെ പത്തിരിയും ബീഫും അല്ലെങ്കിൽ പത്തിരിയും ഫിഷ് മുളകിട്ടതുമൊക്കെ കഴിച്ച് അഡ്ജസ്റ്റ് ചെയ്യുകയാണ് പതിവ്.  


കഴിഞ്ഞ തവണത്തെ കോഴിക്കോട് യാത്രയിൽ അമ്മയുടെ കസിൻ മനു uncle ന്റെ വീട്ടിൽ പോയപ്പോൾ അവര് പത്തിരിയുണ്ടാക്കിയിരുന്നു. കണ്ണൂരൊക്കെ കിട്ടുന്ന പോലത്തെ പത്തിരി. ഇത്തിരി കട്ടിയുള്ളത്. കർണാടകയിലെ അക്കിറോട്ടിയെ ഓർമപ്പെടുത്തുന്ന പത്തിരി.    ഇന്ഫോസിസിലായിരുന്ന കാലത്ത് ലോട്ടസ് ഫുഡ് കോർട്ടിൽ നിന്ന് രാവിലെ ഇരുപത് രൂപയ്ക്കു സ്ഥിരമായി വാങ്ങി കഴിച്ചിരുന്ന ഒരു ഐറ്റം ആയിരുന്നു അക്കി റൊട്ടി. അവരുടെ ചട്ണിയുടെ കൂടെ. ചുവന്ന കളറിലുണ്ടാക്കുന്ന ചട്ണി ഒരു പക്ഷെ ടൊമാറ്റോ ചട്ണി ആയിരുന്നിരിക്കണം. രുചിച്ച് ingredients മനസ്സിലാക്കാനുള്ള കഴിവ് എനിക്കില്ല കേട്ടോ. ചട്ണി എന്ന് വിളിക്കുമെങ്കിലും എന്റെ ജെനെറേഷൻ മലയാളി ചമ്മന്തി എന്ന് വിളിക്കുന്ന ഐറ്റം പോലൊന്ന്. ഒരു കട്ടിയുള്ള വേർഷൻ. ആദ്യമായി അക്കി റൊട്ടി കഴിക്കുന്നത് സുഹൃത്ത് ഭവാനിയുടെ വീട്ടിൽ നിന്നാണ്. ഒരു പാട് കാലം കഴിഞ്ഞ് പത്തിരി കണ്ട സന്തോഷത്തിൽ അക്കി റൊട്ടി നല്ല തട്ട് തട്ടിയത്  ഓർക്കുന്നുണ്ട്. അതിനു ശേഷമാണ് കാമത്തിലെ ഈ അക്കി റൊട്ടി അഡിക്ഷൻ. 

ഇപ്പൊ ഇവിടെ അടുത്തൊന്നും കാമത്ത്  ഇല്ല. യാത്രയിലെവിടെയെങ്കിലും കാമത്ത് കണ്ട് നിർത്തുകയാണെകിൽ ചോദിക്കുന്ന ഒരു ഐറ്റം ആണ് അക്കി റൊട്ടി. ഇപ്പൊ കിട്ടാറില്ല. ബ്രേക്ഫാസ്റ്റ് സമയം കഴിയുന്നത് കൊണ്ടാവണം. ആനന്ദ് ഭവനിൽ ഒരിക്കെ അക്കി റൊട്ടി കണ്ട് ഓർഡർ ചെയ്തു. പക്ഷെ വന്നപ്പോൾ ഉള്ളിയും മല്ലിയിലയും ഒക്കെ ചേർത്ത വേറൊരു സ്റ്റൈൽ അക്കി റൊട്ടി ആയിരുന്നു അത്. ടേസ്റ്റി ആയിരുന്നെങ്കിലും നമ്മടെ പത്തിരി ഫീലിന് വേണ്ടി ഓർഡർ ചെയ്തിട്ട് വേറൊരു ടേസ്റ്റ് കിട്ടിയതിന്റെ സങ്കടത്തോടെ ഇറങ്ങി വന്നു. 


എന്തായാലും മനു അങ്കിൾന്റെ വീട്ടിൽ അവരുണ്ടാക്കുന്ന രീതിയൊക്കെ അടുത്ത് നിന്ന് കണ്ടപ്പോ തോന്നി എന്തായാലും പത്തിരി വീട്ടിൽ ഉണ്ടാക്കിയിട്ട് തന്നെ കാര്യം എന്ന്. പത്തിരി നന്നാവാനുള്ള ടിപ്സ് ഒക്കെ മനു അങ്കിൾന്റെ എന്റത്രയൊക്കെ മാത്രം പ്രായമുള്ള ആന്റി പറഞ്ഞു തന്നു. തിരിച്ച് ബാംഗ്ലൂർ എത്തിയ ഉടനെ ആദ്യത്തെ പടിയായി ഒരു ചപ്പാത്തി പ്രെസ്സർ ഓൺലൈനായി ഓർഡർ ചെയ്തു. ഒരാഴ്ച എടുത്തു ഉത്തരേന്ത്യയിൽ നിന്നും സാധനം ഇങ്ങെത്താനെങ്കിലും അവസാനം ഒരു പ്രെസ്സർ കയ്യിൽ കിട്ടി. പത്തിരി ഉണ്ടാക്കാനുള്ള സമയവും സാഹചര്യവും പക്ഷെ  ഇത് വരെ ഒത്ത് കിട്ടിയില്ല. 

ഇന്ന് രാത്രി ചപ്പാത്തി ഉണ്ടാക്കാൻ നോക്കിയപ്പോഴാണ് സീതയും ശ്രദ്ധിച്ചത് ആട്ട കഴിഞ്ഞു എന്ന്. എന്നാൽ പിന്നെ നമ്മടെ പത്തിരി പൊടി കുഴച്ചു വെച്ചോളാൻ പറഞ്ഞു. അവര് കടലക്കറിയുമുണ്ടാക്കി വെച്ചു. പപ്പക്ക് അവല് നനച്ചതായിരുന്നു ഡിന്നർ. അപ്പൂന് ഉച്ചക്കത്തെ ചോറുണ്ട്. അപ്പൊ എന്റെ കാര്യം എളുപ്പമായി. പരീക്ഷണാർത്ഥം ഒരു രണ്ട് പത്തിരിയുണ്ടാക്കാനുള്ള സമയം ഇത് തന്നെ. പതിവില്ലാത്ത നേരത്തു നല്ല ത്രില്ലോടെ തന്നെ അടുക്കളയിൽ കയറി. രണ്ടെണ്ണം ഉണ്ടാക്കിയെടുത്തു. ഒരു പത്തു മിനിട്ട് കൊണ്ട് കാര്യം കഴിഞ്ഞു. 





ചുട്ടെടുത്തപ്പോ എന്റെ സാറേ... 

അങ്ങനെ എന്റെ അടുക്കളേല് ഒരു പുതിയ ഐറ്റം എത്തി. കടലക്കറിയുടെ കൂടെയായാലെന്താ.. സ്വന്തം അടുക്കളേല് ചൂടുള്ള രണ്ട് പത്തിരി ഉണ്ടാക്കി കഴിക്കുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്.. 


ഹാ.. അപ്പൊ ശരി. ഭക്ഷണ പുരാണം പതുക്കെ നിർത്താം. 

കാദർക്കാന്റുമ്മാനോട് ഒരു പാട് ഒരു പാട് സ്നേഹം  




 

Wednesday 12 October 2022

ചുമര്

 ഞായറാഴ്ച പരീക്ഷയാണ്. തിരക്ക് പിടിച്ച വലിച്ചു വാരിയെഴുതലുകൾ നിർത്തി എഴുത്തിനോട് നീതി പുലർത്തണമെന്ന ആഗ്രഹം തോന്നി തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിവിടെ ഇടയ്ക്കിടയ്ക്ക് എഴുതി വെച്ച് ബോറാക്കാറും ഉണ്ട്. സമയമുണ്ടാവുമ്പോ മാത്രം എഴുതാനിരുന്നാൽ എഴുത്ത് തന്നെ ഉണ്ടാവില്ല എന്ന പേടി ഉള്ളിൽ ഇല്ലാതില്ല. ആ പേടി ഒന്ന് മാറ്റിയെടുക്കാൻ കൂടിയാണ് ഇപ്പൊ ഈ എഴുത്ത്. 


ട്വിറ്ററിൽ അംബേദ്‌കറും നവയാനാ ബുദ്ധിസവും ട്രെൻഡ് ചെയ്യുകയാണോ എന്ന് തോന്നിപ്പോവുന്ന വിധമായിരുന്നു എന്റെ ഫീഡ് രണ്ട് ദിവസമായിട്ട്. ആൽഗരിതത്തിന് വിട്ടു കൊടുക്കാതെയാണ് ഫീഡ് പൊതുവെ സെറ്റ് ചെയ്യാറ്.  ഇനി ആൽഗരിതത്തിന്റെ കളിയാണോ എന്നും അറിയില്ല. അതെന്തായാലും ആ ഫീഡിൽ നിന്നാണ് ഇപ്പൊ ഈ ബ്ലോഗ് ഉണ്ടായത്. 

മലയാളത്തിലെ വായന ഇപ്പൊ കുറവാണ്. ഇനി മലയാളം വായിക്കുമ്പോ നവോത്ഥാനത്തെ കുറിച്ച് വായിക്കണം എന്ന് തീരുമാനിച്ചിട്ട് കുറെ കാലമായി. വായനാ ശീലമുള്ള സുഹൃത്തുക്കളോടൊക്കെ  അതിന് പറ്റിയ പുസ്തകങ്ങൾ പറഞ്ഞു തരാൻ പറയാൻ പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങളുടെ ലിസ്റ്റിൽ പക്ഷെ ആ ക്യാറ്റഗറിയിൽ നിന്നും ഒരു പേര് പോലും കയറിക്കൂടിയിട്ടില്ല. 

വായന തുടങ്ങിയ കാലത്ത് ആദ്യം വായിച്ച പുസ്തകങ്ങളിലൊന്ന് വി. ടി. ഭട്ടതിരിപ്പാടിന്റെ സമ്പൂർണ കൃതികളായിരുന്നു. അച്ഛൻ, ഹോസ്പിറ്റലിൽ നിന്ന് നല്ല വായനാ ശീലമുള്ള ഒരു ഡോക്ടറുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് വന്ന പുസ്തകം. ഇന്നലെ കണ്ട തീർപ്പ് എന്ന മലയാള സിനിമയിൽ ഒരു കാര്യം ശ്രദ്ധിച്ചു. അതിലെ പ്രധാന കഥാപാത്രമായ നായരായ രാമന് നമ്പൂതിരിയായ സുഹൃത്തിനെ പട്ടരെന്ന് വിളിച്ചും അവന്റെ കഴിവ് കേടുകളെ പെരുപ്പിച്ചു കാണിക്കുന്നതും ഒരു ഹരമാണ്. സിനിമ കണ്ടു കൊണ്ടിരിക്കെ വി. ടി. യുടെ പുസ്തകം ഓര്മ വന്നു. മലയാള സിനിമകളിൽ പൊതുവെ കണ്ടു വരാറുള്ള നായർക്ക് നമ്പൂതിരിയോടുള്ള വിധേയത്തത്തിനും അതെ സമയം അവരുടെ മുൻപിൽ വരുമ്പോഴുള്ള സുപ്പീരിയോരിറ്റി കോംപ്ലക്സുകൾക്കും കാരണങ്ങൾ ചരിത്രപരമായ കാരണങ്ങൾ ആയിരിക്കണമെന്ന് തോന്നി.  

(എന്നെ ജാതി പറയുന്നവൾ എന്ന് വിളിക്കുന്നതിന്‌ മുൻപ്, ഒരു കാര്യം ഓർത്താൽ നന്ന് - നമ്പൂതിരിയേയും, നായരെയും, മേനോനെയും ഒക്കെ സ്‌ക്രീനിൽ കാണിച്ചത് ഞാനല്ല.) 

അപ്പൊ, ഇന്നത്തെ വിഷയം ജാതിയാണ്. ജാതിയേക്കാൾ മതമാണ്. 

ഒരു പാടൊന്നും വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമില്ലെങ്കിലും, ഹിന്ദു മതത്തിനോടനുബന്ധിച്ച്  കേട്ടിട്ടുള്ള മൂന്ന് പേരുകൾ ആണ് എന്നെ ഏറ്റവും കൂടുതൽ  സ്വാധീനിച്ചിട്ടുള്ളത്. 

ഒന്ന്: ഡോക്ടർ അംബേദ്‌കർ. 

രണ്ട്: നാരായണ ഗുരു 

മൂന്ന്: അയ്യങ്കാളി 


സ്കൂൾ വിദ്യാഭ്യാസം ആദ്യത്തെ ഏഴു വര്ഷം സ്റ്റേറ്റ് സിലബസ് ആയിരുന്നത് കൊണ്ട്, അയ്യങ്കാളി എന്ന പേര് വളരെ കനം കുറഞ്ഞ ആ ചെറിയ സോഷ്യൽ സ്റ്റഡീസ് ടെക്സ്റ്റ് ബുക്കിൽ വായിച്ചതോർമയുണ്ട്. പിന്നെ അയ്യങ്കാളി എന്ന പേര് ഓർമയിൽ നിന്ന് തന്നെ മാഞ്ഞു പോയി. ഈയിടെ അതായത് കഴിഞ്ഞ ഒരു അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ ആണ്, പിന്നെ അയ്യൻകാളിയെ കുറിച്ചൊരു ലേഖനം ഹിന്ദുവിൽ വായിക്കുന്നത്. കേരളത്തിൽ നിന്നും നേടിയ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അയ്യങ്കാളിയോട് ഞാനുൾപ്പടെ പലരും കടപ്പെട്ടിരിക്കണം എന്ന എന്ന തിരിച്ചറിവ് ആ ലേഖനം വായിച്ച ദിവസമാണുണ്ടായത്. 


നാരായണ ഗുരു: ഗുരുവിന്റെ മാർഗ്ഗങ്ങൾ ഒരു പക്ഷെ എളുപ്പമുള്ളതായിരിക്കണം. ഈഴവ തിയ്യ വിഭാഗങ്ങളെ ഹിന്ദു മതത്തിൽ camoflage ടെക്‌നിക് ഉപയോഗിച്ച് സർവൈവ് ചെയാൻ ഗുരു സഹായിച്ചു എന്ന് പറയുന്നതാവും ശരി. ഗുരുവിന്റെ മാർഗ്ഗങ്ങൾ മതം ഉപേക്ഷിക്കാൻ ബുദ്ധിമുട്ട് തോന്നിയവർക്കും, ഫിറ്റ് ഇൻ ചെയ്യണം എന്ന് തോന്നിയവർക്കും  തീർച്ചയായും ഒരു അനുഗ്രഹം ആയിരുന്നിരിക്കണം. എളുപ്പമുള്ള മാർഗം. ആക്രമിക്കപ്പെടാതെ ഒളിഞ്ഞിരിക്കാൻ ഒരു ഇടം. എങ്കിലും ഗുരുവിന്റെ രീതികളിൽ ഒരു നന്മയുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു. ഒരു പക്ഷെ, ഹിന്ദു മതത്തിൽ സ്നേഹത്തിന്റെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും സംസാരിച്ചത് ഗുരു മാത്രമായിരിക്കണം. ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, അധികാരത്തിന്റെയും പിന്നാലെ പായാൻ മാത്രം പഠിക്കുന്ന ഗർവ് നിറഞ്ഞ ഹിന്ദുക്കളിൽ ഒരു വിഭാഗം മാറി നിൽക്കുന്നുണ്ടെങ്കിൽ അത് നാരായണ ഗുരുവിന്റെ മാത്രം കഴിവാണെന്ന് പറയാമെന്ന് തോന്നുന്നു. 


ഡോക്ടർ അംബേദ്‌കർ: അംബേദ്കറുടെ ഒരു എഴുത്ത് മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്. അത് വായിച്ചിട്ടു ആറേഴ് വർഷങ്ങൾ കഴിഞ്ഞു. ജീവിതത്തിൽ ഉണ്ടായിട്ടുള്ള കോൺഫിഡൻസ് വളരെ വലുതാണ് അംബേദ്കറെ വായിച്ച ശേഷം. എങ്കിലും, അടുത്ത ഒരു പുസ്തകം വായിക്കാൻ മനസ് ഇനിയും പാകപ്പെട്ടിട്ടുണ്ടോ എന്ന് സംശയം. ആദ്യ പുസ്തകത്തിന്റെ വായന മനസ്സിൽ ഉണ്ടാക്കിയ അസ്വസ്ഥകൾ, അജിറ്റേഷൻ ഇനിയും കെട്ടടങ്ങിയിട്ടില്ല. 

ഒരു മനുഷ്യന്റെ നന്മ അഥവാ ശരിയായ ഗുണം എന്തെന്നറിയാൻ അയാൾക്ക് അധികാരം കൊടുക്കൂ എന്നല്ലേ പറയാറ്. അധികാരം ലഭിച്ചപ്പോ ഇക്വാളിറ്റിയും സാഹോദര്യവും ഒരു മഹാരാജ്യത്തിന്റെ കോൺസ്റ്റിട്യൂഷനിൽ എഴുതി ചേർത്ത അംബേദ്കറെ കുറിച്ച് എന്താണ് കൂടുതൽ പറയാൻ സാധിക്കുക.  


എന്റെ വീട്ടിൽ, അച്ഛൻ വലുതായി ഒരു കടലാസിൽ എഴുതി ഒട്ടിച്ച് വെച്ചിരുന്ന ഒരു വലിയ സ്റ്റിക്കർ ഉണ്ട്. ഭഗവദ് ഗീതയിലെ ഒരു ശ്ലോകം. പഴയ ഒരു ബ്ലോഗിൽ എഴുതിയതിന്റെ സ്ക്രീന്ഷോട്ട് ഇവിടെ ചേർക്കുന്നു. ആദ്യം കേട്ടപ്പോ എത്ര നല്ല ആശയം എന്ന് തോന്നി. പ്രിവിലേജ് എന്ന വാക്കിനെ കുറിച്ച് കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴാണ് ഈ ശ്ലോകത്തിലടങ്ങിയ പ്രിവിലിജിന്റെ സ്വരത്തെ കുറിച്ച് മനസ്സിലാവുന്നത്. ഗതികേടിൽ ജീവിക്കുന്നവർ അടിച്ചമർത്തപ്പെട്ടവർ ഇവരൊക്കെ  എങ്ങനെയാണ് ഹിതമായ വാക്കുകൾ മാത്രം പറയാൻ കഴിയുക. 




അംബേദ്കറെ വായിച്ചപ്പോ ആദ്യം മനസ്സിലൊരു സംശയമായിരുന്നു. അച്ഛൻ മനസ്സിലിട്ട ഒരു ആശയത്തെ അത് കോൺട്രഡിക്ററ് ചെയ്യുന്നു.  അംബേദ്‌കർ പറയുന്നതൊക്കെ അപ്രിയമല്ലേ. ഹിതകരമല്ലല്ലോ എന്നോക്കെ. ആയിരുന്നു അന്നത്തെ സംശയങ്ങൾ.  അംബേദ്‌കർ തിരഞ്ഞെടുത്ത വഴിയിൽ അദ്ദേഹം പലതും, അല്ല ഹിന്ദു മതത്തിലെ എല്ലാ കുഴപ്പങ്ങളെ കുറിച്ചും  തുറന്നടിച്ചു പറഞ്ഞു, എഴുതി. നവയാനാ ബുദ്ധിസം സ്വീകരിക്കാൻ അദ്ദേഹം തന്റെ അണികളോടാവശ്യപ്പെട്ടു. 



എന്റെ കൊച്ചു വീട്ടിൽ ഒരു ഫ്രീ ആയി കിടക്കുന്ന ചുവർ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. എനിക്കവിടെ വലിയ ചിത്രങ്ങൾ ഒട്ടിച്ചു വെക്കണം. അതിൽ ഒന്ന് അയ്യങ്കാളിയുടേതായിരിക്കും, ഒന്ന് നാരായണ ഗുരുവിന്റെ, പിന്നെ ഒന്ന് ഡോ. അംബേദ്കറുടെ.  മതത്തിന്റെ കാര്യത്തിൽ ഇന്നും എനിക്ക് പുറത്തു വരാൻ സാധിച്ചിട്ടില്ല. ഒരു മത ചിഹ്നങ്ങളുമില്ലാത്ത വീട്ടിൽ അപ്പുവിനെ വളർത്താൻ ഇന്നും എനിക്ക് പേടിയാണ്. എപ്പോഴെങ്കിലും അവന് മതത്തിന്റെ നന്മകളെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടി വരുന്ന കാലം വന്നാൽ നാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞു കൊടുക്കണം. 

ഹൃദയത്തിൽ എന്നും ഒരു അംബേദ്‌കറൈറ്റ് ആയിരിക്കുമെങ്കിലും അന്നത്തെ കാലത്തെ പോലെ ഇനിയൊരു മതത്തിന്റെ ധൈര്യം മനുഷ്യന് ആവശ്യം ഇല്ല എന്നുള്ളത് കൊണ്ട് നവയാനാ ബുദ്ധിസത്തിലേക്കുള്ള ആ ബുദ്ധിമുട്ടുള്ള ആ കാൽവെപ്പ് ഉണ്ടാവില്ല. അയ്യങ്കാളിയുടെ വഴിയാണ് മതത്തിന്റെ കാര്യത്തിൽ എനിക്ക് പ്രിയം. സഹോദരൻ അയ്യപ്പന്റേയും 


Friday 9 September 2022

ഒരു പോസ്റ്റ് കോവിഡ് ഓണം

 സുഹൃദ് വലയത്തിലും ബന്ധുവലയത്തിലും ഈ ഓണത്തിന് ഒരു പാട് പേര് പല ബുദ്ധിമുട്ടിലൂടെയും കടന്നു പോവുന്നുണ്ട്. കൂടാതെ പ്രമിത്തിന്റെ മാമൻ മരിച്ചിട്ട് ഒരു വർഷമായതുമില്ല. അതിനിടയിലാണ് രണ്ട് വർഷത്തിന് ശേഷമുള്ള എന്റെ ഓണാഘോഷം. 


അടുക്കളയിൽ പുളിച്ചു പൊങ്ങിപ്പോയ വെള്ളേപ്പത്തിന്റെ മാവ് കണി കണ്ട് കൊണ്ടായിരുന്നു എന്റെ തിരുവോണനാളിന്റെ തുടക്കം.





ഉത്തരവാദിത്തത്തിന് നടുവിൽ ഫോട്ടോകളൊന്നും കാര്യമായി എടുക്കാൻ കഴിഞ്ഞില്ല.  പക്ഷെ, പ്രമിത്തിന്റെ ആന്റി പകർത്തിയ  വിഡിയോയിൽ എല്ലാ ഓർമകളും ഒരു പാട് കാലത്തേക്ക് വേണ്ടി ക്യാപ്ച്വർ ചെയ്തു വച്ചിട്ടുണ്ട്.  


വീഡിയോയിലെ അപ്പൂന്റെ അസാന്നിധ്യം ആദ്യം ശ്രദ്ധിച്ചത് ലക്ഷ്മിയാണ്. ശരിയാണ്. അപ്പു വന്നില്ല ഉച്ചയ്ക്കുണ്ണാൻ. ചെറിയ പനി കാരണം ഒരു മൂഡില്ലാത്തത് കൊണ്ട്, അപ്പു വീട്ടിൽ തന്നെ ഇരിക്കാമെന്ന് പറഞ്ഞു. അവന് വേണ്ടി വാങ്ങി വച്ച മുണ്ടും ഷർട്ടും പെട്ടിയിൽ തന്നെയിരിക്കുന്നുണ്ട്. ഒരു കൊച്ചു മലയാളി ചെക്കനായി ഇലയിൽ ഉണ്ണുന്ന അവന്റെ ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം ഇത്തവണയും നടന്നില്ല.






എന്തായാലും, ഇത്തവണത്തെ ഓണം വീട്ടിൽ പാചകം ചെയ്ത ഭക്ഷണം ഇലയിൽ തന്നെ ഉണ്ണണം എന്നായിരുന്നു ആഗ്രഹം. അത് കൊണ്ട് തന്നെ, ബിരിയാണിയുടെ കൂടെ ഡേറ്റ്‌സ്  അച്ചാറും, പുദീനാ ചമ്മന്തിയും, സാലഡും ഉണ്ടാക്കി - ഇലയിൽ വെയ്ക്കാൻ. പഴവും, ശർക്കര വരട്ടിയും കായ ഉപ്പേരിയും വാങ്ങി. പ്രമിത്തിന്റെ കസിന്റെ വൈഫ് ഉണ്ടാക്കിയ അടപ്രഥമനും, ചെമ്മീൻ റോസ്റ്റും പിന്നെ അവസാന നിമിഷം പപ്പടവും ഫ്രൈ ചെയ്ത് ഞങ്ങൾ ഓണ സദ്യ ഫീൽ ഉണ്ടാക്കിയെടുത്തു.  

പക്ഷെ, അമ്പതിനും  അറുപതിനും മുകളിൽ പ്രായമുള്ള മൂന്ന്  സ്ത്രീകൾക്കുൾപ്പെടെ ഭക്ഷണം കൊടുക്കാൻ നാല് മണി കഴിഞ്ഞു. ഞങ്ങളുടെ ഓണസദ്യ അങ്ങനെ പകുതി പാളിപ്പോയി എന്ന് പറയുന്നതാവും ശരി.  



പൂക്കളം - ഇത്തവണ പൂവിന്റെ കാര്യം പറഞ്ഞു വഴക്ക് കൂടേണ്ട എന്ന് കരുതി പൂവ് മേടിക്കാൻ ഞാനും കൂടി പോയി. ഇക്കണോമിക്കലി എങ്ങനെ ഓണത്തിന് ഷോപ് ചെയ്യാമെന്ന് പ്രമിത്തിന് പിന്നീട് പഠിപ്പിച്ചു കൊടുക്കാം എന്നൊക്കെ മനസ്സിൽ കരുതിയാണ് ഷോപ് ചെയ്തത്. പക്ഷെ, എന്ത് സംഭവിച്ചു? ഇടാൻ വിചാരിച്ച ഡിസൈനിന് വേണ്ട പൂവ് തികഞ്ഞില്ല! അവസാനം ഒരു തട്ടിക്കൂട്ട് പൂക്കളം ഒപ്പിച്ചു. അടുത്ത തവണ പൂവ് വാങ്ങിക്കാൻ പ്രമിത്തിനെ തന്നെ ഒറ്റക്കയക്കാൻ തീരുമാനിച്ചു,



അല്ല, പൂക്കൾ മാത്രമല്ല, അടുക്കളയിലേക്ക് വേണ്ട സാധനങ്ങളും പ്രമിത്താണ് വാങ്ങിക്കുന്നതെങ്കിൽ അടുക്കളയിൽ എല്ലാം സമൃദ്ധിയായുണ്ടാവും സാധാരണ. എന്റെ "ഇക്കണോമിക് ഷോപ്പിംഗ്" കാരണം, പലതും വീണ്ടും ബ്ലിങ്കിറ്റിൽ നിന്ന് വാങ്ങിക്കേണ്ടി വന്നു. പെന്നി വൈസ് പൗണ്ട് ഫൂളിഷ് - ചീത്തപ്പേരിൽ നിന്ന് എനിക്ക് ഒരു മുക്തി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ബ്ലിങ്കിറ്റിനു നന്ദി, കുടുംബ കലഹം ഇല്ലായിരുന്നു ഈ ഓണത്തിന്.  




അങ്ങനെ നാല് മണിക്കുള്ള സമയം തെറ്റിയുള്ള ഓണസദ്യയും, പത്തു പന്ത്രണ്ട് വർഷത്തിന് ശേഷം സാരി ഉടുക്കാനുള്ള എന്റെ നടക്കാതെ പോയ ആഗ്രഹവും, അപ്പൂനെ മുണ്ടുടുപ്പിച്ച് സദ്യ കഴിപ്പിക്കാനുള്ള എന്റെ നടക്കാത്ത മറ്റൊരാഗ്രഹവും ഒക്കെ കൂടി പാളിച്ചകൾ നിറഞ്ഞ ഒരോണമായിരുന്നെങ്കിലും, എല്ലാവരും കൂടി ചേർന്നാഘോഷിച്ച ഈ കൊച്ചു ഓണം നല്ലൊരു ഓണമായിരുന്നു.




അതിന് വലിയൊരു പങ്ക് ഞങ്ങളുടെ മനു അങ്കിൾക്കും ഉള്ളതാണ്. നാട്ടിൽ അച്ഛനെയും അമ്മയെയും അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി നല്ലൊരു ഓണസദ്യ കൊടുത്തു അവരെ ഒറ്റക്കാവാതെ നോക്കിയതിന്, രണ്ടു ദിവസം അവിടെ അവരെ കൊണ്ട് പോയി ഭക്ഷണം കൊടുത്തതിന്.




സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായ കൂടുതൽ പൊന്നോണങ്ങൾ നമ്മൾ മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കട്ടെ. 



Monday 25 July 2022

ഒരു വിഷു അവധിക്കാലത്തിന്റെ ഓർമയ്ക്ക് - 1- കുതിരാൻ

 അപ്പു ജനിച്ചതിന് ശേഷം, എന്റെ ഓർമയിലെ ഏറ്റവും മനോഹരമായ ഒരു വിഷുക്കാലം കഴിഞ്ഞ വർഷത്തേതായിരിക്കണം. കോവിഡ് പ്രമാണിച്ച് അതിന് മുൻപത്തെ രണ്ട് വിഷു കാര്യമായ പ്രത്യേകതകളൊന്നുമില്ലാതെ കടന്ന് പോയിരുന്നു. ഇത്തവണ കണി വെക്കണം സദ്യ ഉണ്ടാക്കണം എന്നൊക്കെ ഉറപ്പിച്ചതായിരുന്നു. വിഷുവിന് രണ്ടാഴ്ച മുൻപാണ് യെശോദമ്മയ്ക്ക് വയ്യാതായത്. തലേന്ന് വരെ യെശോദമ്മയെ കാത്തു. അവര് വന്നില്ല. അങ്ങനെ ഇത്തവണത്തെ വിഷുവും വീട്ടിലെ സദ്യയില്ലാതെ കടന്ന് പോയി. ബാംഗ്ലൂർ ആയത് കൊണ്ട് പടക്കവും, പൂത്തിരിയുമൊന്നും വിഷുവിനുണ്ടാവാറില്ല. 

നമ്മുടെ സ്വന്തം സുരേഷ് പിള്ളയുടെ റെസ്ട്രോന്റിൽ നിന്നും കഴിച്ച ഉച്ച ഭക്ഷണത്തോടെയായിരുന്നു ഇത്തവണത്തെ വിഷു അവധിക്കാലത്തിന്റെ തുടക്കം. ടെക് ഗ്രൂപ്പുകൾ അല്ലാത്ത വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് ഒരു പാട് കാലമായി. ഇന്ത്യയിലെ ഇന്നത്തെ പൊളിറ്റിക്കൽ അറ്റ്മോസ്ഫിയറിൽ ഹേയ്ട്രെഡ് അതിന്റെ ഉച്ചസ്ഥായിലെത്തി നിൽക്കുമ്പോൾ ബാക്കിയുള്ള സൗഹൃദങ്ങൾ കൂടി ഇല്ലാതാവണ്ട എന്ന് കരുതിത്തന്നെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് മാറി നിൽക്കുന്നത്. ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് ഇല്ലായിരുന്നു എന്ന് പറയാതിരിക്കാൻ പറ്റില്ല. പക്ഷെ കുറച്ച് കാലങ്ങൾക്ക് ശേഷം അതില്ലാതായി എന്ന് ഇപ്പൊ നിസ്സംശയം പറയാം. 


ഗ്രൂപ്പുകളിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒന്നും കാണാത്തത് കൊണ്ടാവണം ഓഫിസിലെ ഈസ്റ്റർ അവധിക്കാലത്ത് രണ്ട് മൂന്ന് ലീവുകൾ കൂടി ചേർത്തെടുത്ത് കിട്ടിയ ലോങ്ങ് വീക്കെന്റിൽ പ്രിയപ്പെട്ടവരെ കാണാൻ തീരുമാനിച്ചു. കാണാൻ തീരുമാനിച്ചവരുടെ ഒരു വലിയ ലിസ്റ്റ് ഉണ്ടാക്കി റൂട്ട് തീരുമാനിച്ചു. ഓരോ സ്ഥലത്തും താമസിക്കാനുള്ള റൂമുകളൊക്കെ മുൻകൂട്ടി ബുക്ക് ചെയ്തു. അപ്പു ജനിച്ച ശേഷം വലിയ യാത്രകൾ അധികമൊന്നും ഉണ്ടായിട്ടില്ല. ഇത്തവണ അവനെ ആദ്യമേ പറഞ്ഞു റെഡിയാക്കി വെച്ചു. വലിയ കുട്ടിയായത് കൊണ്ട് അവനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഇപ്പൊ കുറച്ചു കൂടി എളുപ്പമാണ്. കുറച്ച് നെഗോസിയേഷനൊക്കെ ഉണ്ടാവുമെങ്കിലും നമ്മുടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുമെന്നത്‌ ഒരു വലിയ മനസ്സമാധാനമാണ്. 


ആദ്യ ഡെസ്റ്റിനേഷൻ പാലക്കാട് ആയിരുന്നെങ്കിലും എഴുതാനുള്ള മൂഡ് വന്നപ്പോൾ എഴുതാൻ തോന്നിയത് കുതിരാൻ പാസിനെ കുറിച്ചാണ്. ഗ്രാജ്വേഷൻ ചെയ്തത് സിവിൽ എഞ്ചിനീയറിംഗിൽ ആണ്. പോസ്റ്റ് ഗ്രാജ്വേഷൻ സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്ങിലും. അത് കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ സിക്സ് ലെയിൻ ടണൽ ആയ കുതിരാൻ കടന്ന് പോയപ്പോൾ സമ്മിശ്ര വികാരങ്ങളായിരുന്നു. കുതിരാൻ കടന്ന് പോവും ഈ യാത്രയിൽ എന്ന് സത്യം പറഞ്ഞാൽ അറിഞ്ഞിരുന്നില്ല. ഗൂഗിൾ മാപ്‌സ് നോക്കി യാത്ര പോവുമ്പോൾ റൂട്ടിനെ കുറിച്ചൊന്നും നമ്മൾ അധികം ആലോചിക്കാറില്ലല്ലോ, അതും യാത്ര കേരളത്തിലേക്കാവുമ്പോൾ. സ്ഥിരമായി കടന്ന് പോവുന്ന വയനാട് ചുരത്തിന്റെ എൻട്രൻസ് പോലെ ഒരു എൻട്രൻസ് പെട്ടെന്ന് ഹൈവേയിൽ കണ്ടപ്പോൾ ഇത് കുതിരാൻ പാസ് ആയിരിക്കണമെന്ന് തോന്നുകയായിരുന്നു. പാസ് കടന്ന് കഴിഞ്ഞാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് അത് കുതിരാൻ ടണൽ തന്നെയായിരുന്നു എന്ന് ഉറപ്പിച്ചത്. 


സാധാരണക്കാരന്റെ ഭാഷയിൽ മാത്രമേ ഒരു സിവിൽ എഞ്ചിനീയർ ആണെങ്കിൽ കൂടി എനിക്കതിനെ വിശദീകരിക്കാൻ അറിയൂ. മല തുരന്ന് അതിലൂടെ ഒരു റോഡ്. അതും ഒരു കിലോമീറ്ററോളം നീളത്തിൽ. അതിന്റെ കൂര അതിശയത്തോടെ ശ്രദ്ധിച്ചു. എങ്ങനെ ആയിരിക്കും അതിനെ റീഇൻഫോഴ്‌സ്‌ ചെയ്തിട്ടുണ്ടാവുക. ഇത്രയും നീളത്തിൽ ഒരു ടണൽ അതിന്റെ സ്ട്രക്ചറൽ സ്ട്രെങ്ത്ത് എങ്ങനെയായിരിക്കും ഉറപ്പ് വരുത്തിയിട്ടുണ്ടാവുക. അത്തരമൊരു പ്രോജക്ടിന്റെ ഒക്കെ ഭാഗമാവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹം തോന്നിപ്പോയി. 


ബി. ടെക്കിന് ചേർന്നപ്പോൾ സിവിൽ എഞ്ചിനീയറിംഗ് ആണ് ഏറ്റവും സ്കോപ്പ് കുറഞ്ഞ ബ്രാഞ്ച് എന്ന് ചുറ്റുമുള്ളവരൊക്കെ പറഞ്ഞു. പക്ഷെ ഇലക്ട്രിക്കൽ കിട്ടാനുള്ള റാങ്ക് ഉണ്ടായിരുന്നിട്ടും പന്ത്രണ്ടാം ക്‌ളാസ്സിലെ ഫിസിക്സ് പഠിച്ചപ്പോൾ കറന്റ് ഇലെക്ട്രിസിറ്റി എന്ന ചാപ്റ്ററിനോടു തോന്നിയ ഇഷ്ടക്കുറവ് കാരണം തീരുമാനിച്ചു ഇലെക്ട്രിക്കൽ വേണ്ട എന്ന്. ഒരു സിവിൽ എഞ്ചിനീയർ എന്ത് ജോലി ചെയ്യുമെന്ന് പോലും വലിയ ധാരണയില്ലായിരുന്നു അന്ന്. ആദ്യമായി സിവിൽ എഞ്ചിനീയറിംഗ് ഡ്രോയിങ് ക്ലാസ്സിൽ ഒരു പ്ലാൻ വരച്ചപ്പോളായിരിക്കണം ഒരു സിവിൽ എഞ്ചിനീയർ വീടുണ്ടാക്കുന്ന എഞ്ചിനീയർ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവുക. പഴയ മലയാളം സിനിമകളൊക്കെ സ്ഥിരമായി കാണുന്നത് കൊണ്ടാവണം പി. ഡബ്ള്യൂ. ഡി എഞ്ചിനീയർമാരൊക്കെ കൈക്കൂലിക്കാരാണെന്നും, പി. ഡബ്ള്യൂ. ഡി ഒരു കറപ്റ്റ് ഡിപ്പാർട്മെന്റ് ആണെന്നുമൊക്കെ മനസ്സിൽ കയറിപ്പറ്റിയത്. ഗവണ്മെന്റ് എഞ്ചിനീയർ ജോലി എനിക്ക് ശരിയാവുമെന്നു തോന്നുന്നില്ല എന്ന് മനസ്സിൽ കുറിച്ചത് ഫൈനൽ ഇയർ എഞ്ചിനീറിങ്ങിന് എത്തുന്നതിന് മുൻപ് തന്നെയായിരുന്നു. എല്ലാവരും പി. എസ്. സി എഴുതിയപ്പോൾ ഞാൻ ആദർശം പറഞ്ഞ് പി. എസ്. സി എഴുതിയില്ല. ജീവിതത്തിൽ ഫിനാൻഷ്യലി ഞെരുങ്ങി പോയ കാലത്ത് ഏറ്റവും റിഗ്രെറ്റ് ചെയ്തിരുന്നതും അതെ കുറിച്ചാലോചിച്ചായിരുന്നു. അല്ല കോളേജ് കാല സുഹൃത്ത് യമുന ഒരിക്കെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞതാണ് ശരി. എഴുതിയാലും പി. എസ്. സി ക്ലിയർ ആവണമെന്നോ, പി. ഡബ്ള്യൂ. ഡി. യിൽ കിട്ടണമെന്നോ ഇല്ല.


എന്തായാലും, കുതിരാൻ പാസിലൂടെ ഉള്ള യാത്ര ഒരു തിരിഞ്ഞു നോട്ടത്തിന്റെ യാത്രയായിരുന്നു. എഞ്ചിനീറിങ്‌ പഠനത്തിന് വേണ്ടി നീക്കി വെച്ച ആറ് വർഷങ്ങളിൽ പക്വതയില്ലാത്ത മനസ്സെടുത്ത തീരുമാനങ്ങളെ കുറിച്ച് വീണ്ടും ഓർക്കാനിടവരുത്തി കുതിരാനിലൂടെയുള്ള യാത്ര. 


വിഷയം അവധിക്കാലമായതിനാൽ തൽക്കാലം സിവിൽ എഞ്ചിനീയറിംഗ് കാലത്തെ ഓർമ്മകകളും, കൺഫ്യൂഷനുകളും ഇവിടെ നിർത്താം. കുതിരാനിലൂടെയുള്ള യാത്രയുടെ ഒരു വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.  കൃത്യ സമയത്ത് കാമറ ഓൺ ആക്കി ഈ നിമിഷങ്ങൾ ഡിജിറ്റൽ ആയി കാപ്ച്വർ  ചെയ്ത് തന്ന പ്രമിത്തിനോട് ഒരു പാട് സ്നേഹം  

കുതിരാൻ തണലിലേക്കുള്ള പ്രവേശന കവാടം 


2022 ലെ വിഷു അവധിക്കാലത്തെ വിശേഷങ്ങളുമായി എഴുതി തുടങ്ങുന്ന ആദ്യത്തെ പോസ്റ്റ് അവസാനിപ്പിക്കുമ്പോ പി. ഡബ്ലിയു. ഡി. യിലും അല്ലാതെയുമായി സിവിൽ എഞ്ചിനീയറിംഗ് ഫീൽഡിൽ തന്നെ ജോലി തിരഞ്ഞെടുത്ത എല്ലാ ക്ലാസ്സ്‌മെറ്റിസിനോടുമുള്ള അസൂയ ഇവിടെ രേഖപ്പെടുത്തുന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിലും ബഹുമാനവും, ആരാധനയും. 

Tuesday 31 May 2022

ദോശ

ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലുമായി ഈ കഥയിലെ കഥാപാത്രങ്ങൾക്ക് സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം. 


ഫ്ലാഷ് ബാക്: ഒരു പാട് ഒരു പാട് ഒരു പാട് വർഷങ്ങൾക്ക് മുൻപ് - ഒരു യാഹൂ മെസ്സഞ്ചർ ചാറ്റ് 

ഞാ: ഉച്ചക്കെന്തെങ്കിലും കഴിച്ചോ? 

അ: ഇല്ല, കുറച്ചു കൂടി കഴിഞ്ഞിട്ടാവട്ടെ

ഞാ: ഇങ്ങനെ തോന്നിയ നേരത്തൊക്കെ കഴിച്ചാൽ ആരോഗ്യം  മോശമാകും. സമയത്തിന് നല്ല ആഹാരം കഴിക്കണം. പോയി കഴിച്ചിട്ട് വാ. എന്നിട്ടാവാം ബാക്കി വർത്തമാനം. 


രാത്രി വീണ്ടും 

ഞാ: രാത്രിയെന്താ കഴിച്ചത്? 

അ: കെ. എഫ്. സി ചിക്കൻ 

ഞാ: അതൊന്നും ഡിന്നർ ആയി കൂട്ടാൻ പറ്റില്ല. പോയി നല്ലോണം വല്ല ചോറോ ചപ്പാത്തിയോ കഴിച്ചിട്ട് വാ. 


ഫാസ്റ്റ് ഫോർവേഡ്: കാലം ഇത്തിരി കൂടി മുൻപോട്ട്    

രാവിലെ ഉണർന്നാൽ അയാൾക്ക് വിശപ്പ് തുടങ്ങും. ഉച്ചക്ക് വിശക്കും വൈകീട്ട് വിശക്കും, രാത്രിയും വിശക്കും. അവൾ എല്ലാ നേരവും എന്തെങ്കിലും ഒക്കെ തട്ടിക്കൂട്ടി കൊടുക്കും. ചിലപ്പോ ഉപ്പ്മാവ്, ചിലപ്പോ ദോശയും പഞ്ചസാരയും, ചിലപ്പോ ചോറും മോര് കാച്ചിയതും.. അങ്ങനെ അങ്ങനെ 


ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അയാൾ ഫോൺ തുറക്കും, എന്നിട്ട് ഫേസ്ബുക് ഫീഡിലെ ചൂടുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. അവരുടെ അപ്പൂപ്പന്മാർ ചാരുകസേരയിലിരുന്ന് പത്ര വാർത്തകൾ ചർച്ച ചെയ്തത് പോലെ. ഇപ്പൊ പക്ഷെ പത്രത്തിന് പകരം മൊബൈൽ ഫോൺ ആണ്. ചാര് കസേരയിലെ ഇരിപ്പിന് പകരം ചമ്രം പടിഞ്ഞ് കട്ടിലിലാണ് ഇരിപ്പ്. 

അവൾക്ക് ഫെമിനിസ്റ്റ് ആയ അയാളുടെ പുരോഗമന ആശയങ്ങളൊന്നും ദഹിക്കില്ല. ഇനി അയാൾക്ക് രാത്രി വിശക്കുമ്പോൾ എന്തുണ്ടാക്കാൻ എന്ന ആലോചനയിലാവും അവൾ. അല്ലെങ്കിൽ വൃത്തികേടായി കിടക്കുന്ന ടോയ്ലറ്റ്, വീട്, കുഞ്ഞിന്റെ തുണികൾ എല്ലാം അവളെ അലട്ടിക്കൊണ്ടിരുന്നു. 

ഏതു നേരവും വെറുപ്പ് തോന്നും വിധമുള്ള ടെൻഷൻ ആണ് അവൾക്ക്.  

ദിനേശ് ശങ്കരനാരായണൻ, മുളക് പെണ്ണ്, നിരുപമ കോങ്ങാട്, ശ്രീഹരി ശിവരാമൻ - അങ്ങനെ അങ്ങനെ കുറെ സോഷ്യൽ മീഡിയ സിംഹങ്ങളുടെ പേരുകൾ അയാളിലൂടെ അവൾ കേട്ടു. 


നിർഭയ ദാരുണമായി ഗാംഗ് റേപ്പ്‌ ചെയ്യപ്പെട്ട നാളുകളിലൊന്നിൽ അയാൾ വീണ്ടും ഭക്ഷണ ശേഷം ഫോൺ തുറന്നു. അയാൾ അയാളുടെ പുരോഗമന ചിന്തകൾ ഉറക്കെ പറയാൻ തുടങ്ങി. 

അവൾക്ക് ദേഷ്യം വന്നു - ഒന്ന് നിർത്തുന്നുണ്ടോ, രാവിലെ തന്നെ തുടങ്ങും ഓരോ വിഷയങ്ങൾ എടുത്തോണ്ട് വരും,  മനുഷ്യനെ വെറുപ്പിക്കാൻ 

അയാൾക്കും ദേഷ്യം വന്നു - ലോകത്ത് നടക്കുന്നതൊന്നും നീ അറിയേണ്ട, ഇങ്ങനെ വീട്ടിനകത്തൊരു പണിയുമില്ലാതെ ചടഞ്ഞു കൂടി ഇരുന്നാൽ മതി. 

അവൾക്ക് ദേഷ്യം കൂടി വന്നു - ലോകത്ത് നടക്കുന്നതൊന്നും അറിയാത്തതല്ല. പെണ്ണുങ്ങളായാൽ കുറച്ച്‌ ശ്രദ്ധിക്കണം. പാതിരാത്രിക്ക് അങ്ങോട്ടിറങ്ങി നടക്കുവല്ല വേണ്ടത്.   

അയാളും വിട്ടില്ല - എന്ത് മോറൽ ഹൈ ഗ്രൗണ്ടിൽ നിന്നാണ് നീ ഇപ്പൊ ഇങ്ങനെ പ്രസംഗിക്കുന്നത്.  

-- തർക്കം മുറുകി 


കുറേ നേരം അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതിരുന്ന ശേഷം - പതിവ് പോലെ അവർ തമ്മിൽ തമ്മിൽ നോക്കി ചെറുതായി ചിരിച്ചു 

അല്ലേൽ വേണ്ട - നമ്മളെ നേരിട്ട് ബാധിക്കാത്ത ഒരു പ്രശ്നത്തിന് വേണ്ടി നമ്മൾ എന്തിനാണ് വഴക്ക് കൂടുന്നത് 


ഫാസ്റ്റ് ഫോർവേഡ് - വർഷങ്ങൾ പിന്നേം മുൻപോട്ട് - ഇന്നത്തെ കാലം 

ഒരു ഞായറാഴ്ച ഉച്ചക്ക്, അവൾ: ഇന്ന് നമുക്കൊന്ന് പ്രെസ്റ്റീജിൽ പോണം. എനിക്ക് ദോശ കഴിക്കാനാഗ്രഹം. ഇഡ്‌ലി മടുത്തു. നമ്മുടെ നോൺസ്റ്റിക് ദോശ പാനോക്കെ കേടായി പോയി വീണ്ടും. രാവിലെ തന്നെ ദോശ ഒട്ടിപ്പിടിച്ചാൽ മനുഷ്യന്റെ ദിവസം പോവും. 

അയാൾക്കും ഇഡ്ലി മടുത്തുവെന്ന് തോന്നുന്നു. ഷോപ്പിംഗ് പ്ലാനിന്‌ എതിരൊന്നും അയാൾ പറഞ്ഞില്ല. എന്തായാലും പുതിയ നോൺ സ്റ്റിക് ദോശ പാൻ വീട്ടിലെത്തി. 


തിങ്കളാഴ്ച രാവിലെ   

അപ്പുവിന്റെ സ്കൂൾ ബസ് വന്ന് പോയത് കൊണ്ട് രാവിലത്തെ പരക്കം പാച്ചിലൊക്കെ കഴിഞ്ഞു. 


അയാൾ ദോശ ഉണ്ടാക്കുന്നതിനിടയിൽ പറഞ്ഞു - പാൻ മാറ്റിയത് നന്നായി. ദോശ ഉണ്ടാക്കാനൊരു സുഖമുണ്ട്. അടിയിൽ പിടിക്കുന്നില്ല. പെട്ടെന്ന് അടർന്നു വരുന്നുണ്ട്. 

അവൾ പറഞ്ഞു - വെറുതെയാണോ ഇന്നലെ തിരക്കിട്ടു പാൻ മാറ്റിയത്! ഇല്ലാച്ചാൽ നിങ്ങളോടു പാവം തോന്നി ഞാൻ ദോശ ഉണ്ടാക്കി തരേണ്ടി വന്നേനെ. ഇതിപ്പോ എനിക്ക് സമയം ലാഭമായി. എന്റെ ദോശ മാത്രം ഉണ്ടാക്കിയാ മതിയല്ലോ  


എന്തോ ഓർത്തപ്പോൾ അവൾ വീണ്ടും പറഞ്ഞു - "അല്ലെടോ - ഓർമ്മയുണ്ടോ, പണ്ട് - അന്ന് ഞാൻ ഫെമിനിസ്റ്റ് ഒന്നും അല്ലായിരുന്നു. നിങ്ങൾക്ക് ദോശയൊക്കെ ഞാനാ ഉണ്ടാക്കിത്തന്നിരുന്നത്. ഇതിപ്പോ എന്ത് സൗകര്യം ഉണ്ടല്ലേ. നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാം, അതും ഇഷ്ടമുള്ളത്ര. എന്റെ സമയവും മെനക്കേടില്ല. എന്ത് സമാധാനം ഉണ്ട് ഇപ്പൊ, അല്ലെ?"


അയാൾക്ക് മറുപടി പറയാൻ കൂടുതൽ ആലോചിക്കേണ്ടി വന്നൊന്നുമില്ല - "അത്ര സമാധാനവും സുഖവുമൊന്നുമില്ല.  എനിക്ക് പണ്ടത്തെ ആ ജീവിതം തന്നെയായിരുന്നു നല്ലത് ന്ന് തോന്ന്വാ"    


അവൾ ചിരിയടക്കിവയ്ക്കാതെ അവൾക്ക് കഴിക്കാനുള്ള രണ്ട് ദോശ ചുട്ടെടുത്തു