Wednesday, 4 March 2015

ബീഫ് ഉലർത്തിയത് (Repost)

മടിവാളയിലെ കൈരളിയിലാണ് അന്നൊക്കെ ചേട്ടന്റെ പ്രാതലും, ഉച്ച ഊണും, അത്താഴവും എല്ലാം. കല്ല്യാണം നിശ്ചയിച്ച ശേഷം ഞാനും ചേട്ടന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ അവിടെ പോവാറുണ്ട്. എന്നത്തേയും പോലെ വേയ്റ്റര്‍ കുട്ടി പറഞ്ഞു തുടങ്ങി - "കരിമീന്‍, കിളിമീന്‍, കണവ, ബീഫ് .....". ചേട്ടന്റെ മുഖത്ത് എന്തൊരു പ്രസാദം...!!! അങ്ങേരൊരു മീന്‍ കൊതിയനാണെന്ന് പ്രത്യേകം പറയണ്ടല്ലോ... ഓര്‍ഡര്‍ കൊടുത്തതിനു ശേഷം ചേട്ടന്‍ എന്നോട് ചോദിച്ചു - "നീ ബീഫ് കഴിക്കുമോ?"

"കഴിക്കാതെയൊന്നുമില്ല. ഞങ്ങള്‍ വയനാട്ടിലായിരുന്നപ്പോള്‍ ചില സമയത്ത് നല്ല മീന്‍ കിട്ടാറില്ല. മീന്‍ കിട്ടാത്ത സമയത്തൊക്കെ ഞങ്ങള്‍ ബീഫ് വാങ്ങും. അമ്മേടെ ബീഫ് ഉലത്തിയതിനു അപാര ടേസ്റ്റ് ആണ്. ഹാവൂ.. തേങ്ങാക്കൊത്തൊക്കെ ഇട്ട്.... ഉം.... എന്തൊരു ടേസ്റ്റ് ആയിരുന്നെന്നോ... വയനാട് വിട്ടിട്ടു ഇപ്പോള്‍ പത്ത് വര്‍ഷത്തില്‍ കൂടുതലായി. അവിടം വിട്ടതിനു ശേഷം കഴിച്ചിട്ടേയില്ല... പഴയ പോലെ അടുത്തൊന്നും കിട്ടാറില്ല. എന്തായാലും ഓര്‍മിപ്പിച്ച സ്ഥിതിക്ക് ഇത്തവണ പോകുമ്പോ അമ്മയോട് ഉണ്ടാക്കിവയ്ക്കാന്‍ പറയണം..." ഞാന്‍ പറഞ്ഞു.

"ഉം..." ചേട്ടന്‍ മൂളി കേട്ടു. എന്നിട്ട് തുടര്‍ന്നു. "അതേയ്, നമ്മള്‍ ഹിന്ദുക്കള്‍ അല്ലെ? ഹിന്ദുക്കള്‍ പശുവിനെ ദൈവീകതയോടെയാ കാണുന്നതത്രേ.. അത് കൊണ്ട് നമുക്ക് ബീഫ് അങ്ങ് ഒഴിവാക്കിയാലോ? "

ഒരു പക്ഷെ ഞാനിനി ജീവിതത്തില്‍ ബീഫ് കഴിക്കുക തന്നെ ഇല്ലായിരുന്നേനെ . ഇതിപ്പോള്‍... പെട്ടെന്ന്, അമ്മേടെ ആ പാചകം ഓര്‍മ വന്ന സ്ഥിതിക്ക്...ഓ.. അല്ലെങ്കില്‍ വേണ്ട.. യോഗയും, സാത്വികതയും ഒക്കെ തലയ്ക്കു പിടിച്ചിരുന്ന സമയമായത് കൊണ്ട് സമ്മതമെന്ന് തലയാട്ടാൻ  അധികം സമയം വേണ്ടി വന്നില്ല.


മാസങ്ങള്‍ക്ക് ശേഷം - അന്ന് ഞങ്ങള്‍ വിവാഹിതരാണ്. എന്റെ ഭക്ഷണം കഴിച്ചു മടുത്തത് കൊണ്ടാകാം, ചേട്ടന്‍ കൈരളിയില്‍ പോയി കഴിക്കാമെന്ന് പറഞ്ഞു. മഴയുള്ള ആ രാത്രിയില്‍ ബാംഗ്ലൂര്‍ ഇലെ ട്രാഫിക്കില്‍ പെട്ട് അവിടെ എത്തുമ്പോഴേക്കും വൈകിയിരുന്നു.
"മീല്‍സ് മാത്രമേയുള്ളൂ.... പിന്നെ ബീഫ് ഉലർത്തിയതും ". വേയ്റ്റര്‍ കുട്ടി പറഞ്ഞു.

"നിനക്ക് ഊണ് പോരെ? " ചേട്ടന്‍ ചോദിച്ചു.
"ഉം.. " ഞാന്‍ തലയാട്ടി.
"രണ്ടു ഊണും ഒരു ബീഫും.. "
"ങേ.. ?"
"അതേയ്.. ഈ ദൈവീക കാര്യങ്ങള്‍ക്ക് വേണ്ടി ഭാര്യ മാത്രം ബീഫ് കഴിക്കാതിരുന്നാലും മതി. ഐശ്വര്യത്തിനു യാതൊരു കുറവും വരില്ലാന്നെ..." ചേട്ടന്‍ നല്ല തൊലിക്കട്ടിയോടെ തന്നെ പറഞ്ഞു. എന്നിട്ട് എന്നത്തേയും പോലെ ആ വിഡ്ഢി ചിരിയും കാച്ചി...


ഞാന്‍ അന്തംവിട്ടു നിന്നു പോയി...

4 comments:

  1. ഈ ദൈവീക കാര്യങ്ങള്‍ക്ക് വേണ്ടി ഭാര്യ മാത്രം
    ബീഫ് കഴിക്കാതിരുന്നാലും മതി. ഐശ്വര്യത്തിനു യാതൊരു
    കുറവും വരില്ലാന്നെ..." ചേട്ടന്‍ നല്ല തൊലിക്കട്ടിയോടെ തന്നെ പറഞ്ഞു.
    എന്നിട്ട് എന്നത്തേയും പോലെ ആ വിഡ്ഢി ചിരിയും കാച്ചി...
    ഞാന്‍ അന്തംവിട്ടു നിന്നു പോയി...!

    ReplyDelete