Monday, 16 March 2026

"മീന്റെ വാലേൽ പൂമാല" - വായന അനുഭവം

ഇന്നലെ ഞാനൊരു കഥ വായിച്ചു. ഷനോജ് ആർ ചന്ദ്രൻ എഴുതിയ "മീന്റെ വാലേൽ പൂമാല"
കഥയെപ്പറ്റി എന്താ പറയാ? ഒരിക്കലും മറക്കാനിടയില്ലാത്തൊരു കഥ. മലയാളം വായിക്കാനിഷ്ടമുള്ളവർ വായിക്കേണ്ട ഒരു കഥ.
വായിക്കാനുള്ള സമയമില്ലാത്തോണ്ടാവും - എന്റെ വായന അധികവും ചെറുകഥകളിൽ ഒതുങ്ങിപ്പോകും. വായിച്ചതൊക്കെ പെട്ടെന്ന് മറക്കേം ചെയ്യും. പലവട്ടം അവിടേം ഇവിടേം എഴുതിയിട്ട പോലെ എം ടി യുടെ "നിന്റെ ഓർമയ്ക്ക്" എന്ന കഥയാണ് - വായിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നൊരു ചെറുകഥ.
ഒന്നുറപ്പാണ് - "മീന്റെ വാലേൽ പൂമാല" ഒരിക്കലും മറന്ന് പോവാത്തൊരു വായനയായിരിക്കും.
എഴുതിയ ഭാഷ, പശ്ചാത്തലം, കഥയിലെ പ്രണയം, കാമം, ദാമ്പത്യത്തിലെ സങ്കീർണതകൾ, പച്ചയായ ജീവിതങ്ങൾ, ഇല്ലെന്ന് നടിക്കുന്ന കേരളത്തിലെ ജാതി, കേരളത്തിന്റെ മറന്ന് തുടങ്ങിയ ചരിത്രം - എല്ലാം വെറും പതിനാല് താളുകളിലാണ് ഷനോജ് പറയുന്നത്.
നളിനിയുടേം ദാസനെയും, വിനീതയുടെയും ബിജുവിന്റെയും, പിന്നെ അവരുടെ കൂനിത്തള്ളയുടെയും കഥയുടെ അവസാന ഭാഗമായ "ദാസൻ നയിച്ച പ്രകടനം" വായിച്ച് തീരുമ്പോൾ - ഇത്ര ശക്തമായ കഥകൾ ഇങ്ങനെയും ഇന്നെഴുതാൻ കഴിയുമോ എന്നൊരു ചോദ്യമാണ് എന്റെ മനസ്സിൽ അവശേഷിച്ചത്.
കേരളത്തിന്റെയും മലയാളിയുടെയും രൂപവും ഭാവവുമെല്ലാം മാറുമ്പോഴും ഷനോജിന്റെ "മീന്റെ വാലേൽ പൂമാല" പോലുള്ള കഥകൾ ഇത് പോലെ കഥ പറച്ചിലിന്റെ മനോഹാരിത കൊണ്ടും, പറയാനുദ്ദേശിക്കുന്ന വിഷയത്തിന്റെ പ്രസക്തി കൊണ്ടും, അക്ഷരങ്ങൾ കൊണ്ട് കഥാകാരൻ വരച്ചിടുന്ന ദൃശ്യങ്ങൾ കൊണ്ടും നമ്മുടെ മനസ്സുകളിൽ ഇടം പിടിക്കും.
----------




-------------

കോളേജിലെ ഞങ്ങളുടെ ബേച്ചിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നത് കൊണ്ട് ഇത്തവണത്തെ നാട്ടിലേക്കുള്ള വരവിൽ പഴയ ഒരുപാട് സുഹൃത്തുക്കളെ പോയിക്കണ്ടിരുന്നു. അങ്ങനെയാണ് മനാസിനെയും കണ്ടത്. അങ്ങോട്ട് കൊടുക്കാൻ ഒന്നും കൊണ്ട് പോയില്ല. പക്ഷെ, ഇങ്ങോട്ടൊരു പുസ്തകം തന്നു - എന്തായാലും വായിക്കണമെന്ന് പറഞ്ഞ്. വായന നടക്കുമോ എന്നുറപ്പില്ലായിരുന്നു. ഇന്നലെ കണ്ണൂരിലേക്കുള്ള പാസഞ്ചർ യാത്രയിലാണ് "മീന്റെ വാലേൽ പൂമാല" വായിക്കുന്നത്.
വായിച്ച ഉടനെ പുസ്തകത്തിൽ ബാക്കിയുള്ള ആറ് കഥകളും കൂടി വായിച്ച് തീർക്കാൻ തന്നെയാണ് തോന്നിയത്. അതിനായി - "കാലൊടിഞ്ഞ പുണ്യാളൻ" എന്ന കഥ വായിക്കാൻ ഒരു ശ്രമവും നടത്തി. പക്ഷെ, പുസ്തകത്തിന്റെ താളുകൾ മറഞ്ഞിട്ടും, ലാലസൻ പോലീസ് കൂജയിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്ന ആ രംഗവും അയാള് കേട്ടറിഞ്ഞ നാട്ട് വാർത്തകളും മനസ്സിലങ്ങനെ തങ്ങി നിന്നത് കൊണ്ട് പുസ്തകത്തിലെ അടുത്ത കഥ വായിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

ഇന്നും പുസ്തകം തുറക്കാൻ ശ്രമിക്കുമ്പോ നിലാവുള്ള രാത്രിയിലെ മുഖം വ്യക്തമായിക്കാണാത്ത നളിനിയെയും ദാസനെയും മാത്രമാണ് കാണാൻ സാധിക്കുന്നത്. ബാക്കി വായിക്കാൻ ഇനിയുമൊരല്പം സമയമെടുക്കുമെന്ന് തോന്നുന്നു. പക്ഷെ, വായിക്കണം - എന്തായാലും.


Friday, 8 August 2025

എൻ എച്ച് - അറുപത്തിയാറ്‌



ഈ കഴിഞ്ഞ ആഴ്ച്ച ഒരു കൊച്ച് കാര്യമുണ്ടായി. അതിനെക്കുറിച്ചാണീ പോസ്റ്റ്.


ഭാഗം ഒന്ന് - വേനലവധിക്കാലത്തെ മാനന്തവാടി യാത്രയും, അവിടത്തെ വീടും

രണ്ടായിരത്തിയേഴിലാണ് ഒരു പാട് കാലത്തെ ശ്രമത്തിന് ശേഷം എന്റെ ഡ്രൈവിംഗ് ലൈസെൻസ് കിട്ടിയത്. പക്ഷെ, ഡ്രൈവിംഗ് പഠനം തുടങ്ങുന്നത് അതിനും ഒരു പാട് വർഷങ്ങൾ മുൻപാണ്. അതിൽ ഏറ്റവും പഴയ ഓർമ - ബ്രേക്കിലും ആക്സിലറേറ്ററിലും കാലത്തെത്താത്ത കാലത്ത് അച്ഛന്റെ മടിയിലിരുന്ന് ഞങ്ങളുടെ പഴയ നീല മാരുതി 800 ന്റെ സ്റ്റീയറിങ്ങ് പിടിക്കുന്നതാണ്. അന്ന് വയസ്സ് പത്തോ പതിനൊന്നോ ആയിരിക്കണം. റോഡിൽ തീരെ വണ്ടികളില്ലാത്ത കാലം.
 

(ഇടയ്ക്ക് വെച്ച് ഒരു സൈഡ് നോട്ട്: പ്രായപൂർത്തിയാവാത്തവർ വാഹനമോടിക്കുന്നതിനോട്  യോജിക്കുന്നില്ല. മറ്റൊരു കാലത്തെ കഥയായിരുന്നത് കൊണ്ട് ഇതിവിടെ പറഞ്ഞു പോയി എന്നതല്ലാതെ - അത് അനുകരിക്കപ്പെടേണ്ട ഒരു കാര്യമാണെന്ന് തോന്നുന്നില്ല.) 
 
പി ജി കഴിഞ്ഞ് വന്ന ശേഷം അച്ഛനൊരു ട്രാൻസ്ഫർ കിട്ടിയിരുന്നു. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്ക്. അന്ന് ഞങ്ങൾ താമസിക്കുന്നത് വയനാട്ടിലെ മുത്തങ്ങയ്ക്കടുത്തുള്ള കല്ലൂരിലായിരുന്നു. ആഴ്ചയിൽ രണ്ട് തവണ - ചൊവ്വയും വ്യാഴവും ആണെന്നാണോർമ - അച്ഛന്  മാന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പോകണം. വയനാട്ടിൽ ഞങ്ങൾക്കധികം ബന്ധുക്കളില്ലെങ്കിലും മാന്തവാടിയിൽ അമ്മയുടെ ദേവുക്കുഞ്ഞമ്മയും കുടുംബവും താമസിച്ചിരുന്നു. അവിടെ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ പോയിരുന്നു. ദേവുക്കുഞ്ഞമ്മയുടെ മക്കളിൽ മൂത്തയാളായ മണിമാഷും, പിന്നെ ദിനേശ് മാഷും വീട്ടിൽ ഇടയ്ക്ക് വരികയും ചെയ്തിരുന്നു. മാനന്തവാടി പോവാൻ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു വഴിയിലൂടെ പോയാൽ ഒരു പുഴ മുറിച്ച് കടന്ന് വേണം അമ്മമ്മയുടെ വീട്ടിലെത്താൻ. കടത്ത് തോണിയിലുള്ള ആ യാത്ര കുട്ടിക്കാലത്ത് ഞങ്ങൾക്കൊരു കൗതുകമായിരുന്നു. ഒരു പാട് സ്ഥലമൊക്കെയുണ്ടായിരുന്ന ഒരു വലിയ വീടായിരുന്നു മാനന്തവാടിയിലേത്. അടുക്കള വീട്ടിന്റെ ബാക്കി ഭാഗങ്ങളിൽ നിന്നും ഒരല്പം വിട്ടിട്ടാണ്. വീട്ടിൽ നിന്ന് അടുക്കളയിലേക്ക് ഇറങ്ങുന്നയിടത്തെ വഴിയിലാണ് ഭക്ഷണം കഴിക്കുന്ന മുറി. ആ മുറിയിലെ ബെഞ്ചിലിരുന്ന് അമ്മാമ്മയുണ്ടാക്കുന്ന സ്വാദുള്ള ഭക്ഷണം കഴിക്കാൻ വലിയ ഇഷ്ടമായിരുന്നു ഞങ്ങൾക്ക്. അവിടത്തെ മേശമേൽ വെച്ചിരുന്ന തുറന്ന സ്റ്റീൽ പാത്രത്തിലെ ആവി പാറുന്ന പുട്ടായിരിക്കണം എന്നെ ഒരു പുട്ട് പ്രേമിയാക്കിയിരിക്കുക. 
മാനന്തവാടി അമ്മമ്മയുടെ വീട്ടിൽ പോയി തിരികെ വരുമ്പോ അമ്മമ്മയുണ്ടാക്കുന്ന നെയ്പ്പായസം ഒരു വലിയ ടിഫിൻ ബോക്സിൽ അമ്മമ്മ ഞങ്ങൾക്ക് തന്നയയ്ക്കും. കറുത്ത ശർക്കരയിട്ട നെല്ലുകുത്തിയരിയിൽ ഉണ്ടാക്കുന്ന പായസം. ഒരാഴ്ചയോളം പിന്നെ ഞങ്ങൾക്ക് കുശാലാണ്. മണിമാഷിന് കൃഷിയിൽ വലിയ താല്പര്യമാണ്. മാഷ് കൃഷി ചെയ്ത എന്തെങ്കിലും പുതിയ സാധനങ്ങളൊക്കെ എല്ലാവർക്കും കൊടുക്കുന്ന പോലെ ഞങ്ങൾക്കും തന്നയക്കും. ഒരിക്കൽ സ്നോബോൾ എന്നൊരു സാധനം തന്നു. ഒരു വർഷം മുൻപ് അവസാനം കണ്ടപ്പോ അവോക്കാഡോ ആണ് കൊണ്ട് വന്നത്. 

വേനലവധിയ്ക്ക് അച്ഛൻ മാനന്തവാടി ആശുപത്രിയിൽ പോവുമ്പോ ഞങ്ങളെയും കൊണ്ട് പോവും. അന്ന് ടൗണിൽ ജോലി ചെയ്തിരുന്ന മനു അങ്ക്ൾന്റെ അടുത്ത് ഞങ്ങളെ ആക്കും. അവിടെന്ന് മനു അങ്ക്ൾ ഞങ്ങളെ മാനന്തവാടിയിലെ വീട്ടിലേക്ക് കൊണ്ട് പോവും. അവിടെ  അന്ന് പെൺകുട്ടികളിൽ ഏറ്റവും ഇളയ ആളായ ഉഷ ആന്റി ഉണ്ടാവും. ബാക്കി മൂന്ന് പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞിരുന്നു.
ഉഷ ആന്റി ഞങ്ങളെ പുഴയിൽ കൊണ്ട് പോവും, നല്ല തെളിഞ്ഞ വെള്ളമായിരുന്നു മാനന്തവാടി പുഴയിൽ. വെള്ളത്തിൽ കുറെ നേരം കളിയും, കുളിയും. പിന്നെ അവിടെ അടുത്ത് ഉഷ ആന്റിടെ ഒരു സുഹൃത്തുണ്ട് - ഒരു വലിയ ഇല്ലത്താണ് അവര് താമസിച്ചിരുന്നത്. അവിടത്തെ ജാനകിചേച്ചിയുടെ കൂടെ കുറെ നേരം. പിന്നെ കുറെ നേരം ഉഷ ആന്റിയുടെ കൂടെ ഉഷ ആന്റി തുന്നുന്നതൊക്കെ നോക്കിയിരിക്കും. ഒരിക്കൽ ഉഷ ആന്റി തുന്നുമ്പോൾ സൂചിയുടെ അടിയിൽ കൈ വെച്ചിരിക്കുകയായിരുന്നു. എന്റെ അനിയൻ അന്നൊരു കൊച്ച് കുട്ടിയാണ്. അവൻ ആ മെഷീന്റെ ചക്രം തിരിച്ച് സൂചി ഉഷ ആന്റിടെ കയ്യിലേക്ക് തറച്ച് കയറി. ഒന്ന് കരഞ്ഞത് പോലുമില്ല ഉഷ ആന്റി. എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട് - വീട്ടിൽ ആരോടും ഇത് പറയരുതെന്ന്. വീണ്ടും വീണ്ടും ഉഷ ആന്റി അത് പറഞ്ഞു. ഞാൻ ആരോടും പറയില്ല എന്ന് ഉഷ ആന്റി ഉറപ്പ് വരുത്തി. എത്ര വേദന സഹിച്ചിരിക്കും ഉഷ ആന്റി എന്ന് ആലോചിക്കാൻ വയ്യ. അമ്മയ്ക്ക് ഞങ്ങളെ അയക്കാൻ ഇങ്ങനെയും ചില സ്ഥലങ്ങളുണ്ടായിരുന്നു എന്നത് ഒരു അനുഗ്രഹമായിട്ടാണ് ഇപ്പൊ തോന്നുന്നത്. ഓരോ തവണയും എത്ര ക്ഷമയോടെ ആയിരിക്കണം ഉഷ ആന്റിയും, മനു അങ്ക്ളും അമ്മമ്മയും ഞങ്ങളെ നോക്കിയിട്ടുണ്ടാവുക. ഇന്ന് ഒരു അതിഥി വീട്ടിൽ വരുമ്പോ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്കറിയാം. ഒരു മുഴുവൻ ദിവസത്തേക്ക് എന്ന പോലെ ആ വീട്ടിൽ പോയി ഞങ്ങൾ രണ്ട് ചെറിയ കുട്ടികൾ നിന്നിരിക്കുമ്പോ അവരെന്തൊക്കെ ശ്രദ്ധിച്ചിരിക്കണം ഞങ്ങളുടെ കാര്യങ്ങളിൽ. ഒരു അവധിക്കാലത്ത് ഇടയ്ക്കിടയ്ക്ക് പോയി നിൽക്കാൻ അവസരം തന്ന, ഒരിക്കൽ പോലും മുഖം കറുപ്പിക്കാതെ ഞങ്ങളെ നോക്കിയ അമ്മമ്മയോടും, മനു അങ്ക്ൾനോടും, ഉഷ ആന്റിയോടും - പിന്നെ അവിടത്തെ അച്ചാച്ചനോടും ഇപ്പൊ ഒരു പാട് നന്ദി തോന്നുന്നു. എത്ര നല്ലോണം ആണ് അവര് കാര്യങ്ങൾ നോക്കിയിരുന്നത് എന്ന് എത്ര പറഞ്ഞാലും മതിയാവില്ല. കുട്ടികളല്ലേ അത്രയൊക്കെ മതി - എന്നൊരിക്കൽ പോലും അവര് ചിന്തിച്ചില്ല എന്ന് ഇന്ന് മനസ്സിലാവുന്നു. വൈകീട്ട് അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോഴേക്കും തിരിച്ച് മനു അങ്ക്ൾ ന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങളെ എത്തിച്ചിട്ടുണ്ടാവും അവര്. അവിടന്ന് അച്ഛൻ ഞങ്ങളെ വീട്ടിലേക്ക് തിരികെ കൊണ്ട് വരും. തിരിച്ച് വരുമ്പോഴാണ് "ഡ്രൈവിംഗ് പഠിത്തം" അഥവാ "സ്റ്റിയറിങ് പിടിത്തം".  
 
മാനന്തവാടിയിലെ അമ്മമ്മയെ അച്ഛന് വയനാട്ടിൽ നിന്ന് ട്രാൻസ്ഫർ ആയ ശേഷം കണ്ടിട്ടില്ല. ഏകദേശം പന്ത്രണ്ട് വയസ്സിലോ മറ്റോ ആയിരുന്നിരിക്കണം അവസാനം കണ്ടിരിക്കുക. മുഖം മനസ്സിൽ നിന്ന് മാഞ്ഞിരുന്നു. പക്ഷെ, ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുൻപ് മനു അങ്ക്ൾന്റെ കോഴിക്കോട്ടെ വീട്ടിൽ പോയപ്പോൾ അവിടെ അമ്മമ്മയുടെ നല്ലൊരു ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടു. ആധുനികമായ ശൈലിയിൽ പണിത വിശാലമായ ഒരു വീടാണെങ്കിൽ കൂടി വയനാട്ടിലെ ആ പഴ വീട്ടിലെ സമൃദ്ധിയെയും സന്തോഷത്തെയും ഓർമിപ്പിക്കുന്ന പല കാര്യങ്ങളും മനു അങ്ക്ൾന്റെ പുതിയ വീട്ടിലും ശ്രദ്ധിച്ചിരുന്നു. അവിടെ പോയപ്പോൾ അമ്മമ്മയെ ഓർത്ത് പോയി. കുട്ടിക്കാലത്ത് ഞങ്ങളെ നല്ലോണം നോക്കിയതിന്  മനസ്സിൽ നന്ദി പറഞ്ഞു. 
പറഞ്ഞു വന്നത് മാനന്തവാടി വീട്ടിലേക്ക് പോയിരുന്ന വേനലവധിക്കാലത്തെ ഡ്രൈവിംഗ് പഠിത്തത്തെ കുറിച്ചാണ് - വീണ്ടും അതിലേക്ക്.


ഭാഗം രണ്ട് - റോഡിലെ സൈൻ ബോർഡുകൾ

ഏഴ് വർഷത്തോളമായിരുന്നു വയനാട്ടിൽ ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛന്റെ നാട് പൊന്നാനിയും അമ്മയുടെ നാട് തൃശൂർ ജില്ലയിലും ആണ്. നാട്ടിലേക്ക് പോവുമ്പോ അച്ഛനും അമ്മയും മാറി മാറി കാറോടിക്കും. റോഡ് ട്രിപ്പുകളോടുള്ള കമ്പം തോന്നുന്നത് അവിടെ നിന്നാണ്. ഓണത്തിനൊക്കെ നാട്ടിൽ പോവുമ്പോ ചിലപ്പോ കോരിച്ചൊരിയുന്ന മഴയായിരിക്കും. ഇരുട്ടത്ത് കുഴികളും റോഡ് സൈനുകളും നോക്കുക എന്നത് പിൻ സീറ്റിലിരുന്ന എന്റെയും അനിയന്റെയും ജോലിയാണ്. ഞങ്ങളാണ് അച്ഛന്റെ "നാവിഗേറ്റർമാർ". കുണ്ടും കുഴികളും നിറഞ്ഞ രണ്ട് വരിപ്പാതകളായിരുന്നു അന്നൊക്ക. റോഡിൽ വാഹനങ്ങൾ തീരെക്കുറവ്. 60 കിലോമീറ്റെർ എന്നാൽ കൂടിയ വേഗം എന്നാണർത്ഥം. വേഗത 60 ഇൽ കൂടിയാൽ "റാഷ് ഡ്രൈവിംഗ്" എന്ന് പറയാം! ആ വേഗത്തിൽ വാഹനമോടിക്കാൻ പറ്റുന്ന റോഡുകൾ തന്നെ അന്ന് വിരളം. ആ യാത്രകളിൽ എല്ലാ സൈൻ ബോർഡുകളും ട്രാഫിക്ക് നിയമങ്ങളും അച്ഛൻ ഞങ്ങൾക്ക് പഠിപ്പിച്ച് തന്നിരുന്നു. സൈൻ ബോർഡുകളിൽ വലത്തോട്ടുള്ള ആരോ ആണെങ്കിൽ റോഡിൽ ഒരു വളവ് വലത്തോട്ട് പ്രതീക്ഷിക്കാമെന്നും, ഇടത്തോട്ടുള്ള ആരോ ആണെങ്കിൽ റോഡിൽ ഇടത്തോട്ടുള്ള ഒരു വളവ് എത്താറായെന്നുമൊക്കെയാണ് ആദ്യം പഠിച്ചത്. ഇന്നത്തെ അന്താരാഷ്‌ട്ര നിലവാരമുള്ള റോഡുകളും സൈൻ ബോഡുകളുമല്ല അന്ന്. വെളുത്ത ബോർഡിൽ കറുത്ത എഴുത്തുകൾ, അല്ലെങ്കിൽ മഞ്ഞ ബോഡിൽ കറുത്ത എഴുത്തുകൾ. പിന്നീടെപ്പോഴോ നേവി ബ്ലൂ ബോർഡുകൾ വന്നു - ചുവന്ന ബോർഡറുകൾ ഉള്ളവ. അതായിരുന്നു ഏറ്റവും ഭംഗി തോന്നിയിരുന്ന സൈൻ ബോർഡുകൾ - റിഫ്ലെക്ടർ  ഉള്ളത് കൊണ്ട് ഇരുട്ടായ ശേഷവും തെളിഞ്ഞു കണ്ടിരുന്ന ബോർഡുകൾ. ഇവിടെ പോസ്റ്റ് ചെയ്യാൻ നോക്കിയിട്ട് ഒരു ഫോട്ടോ പോലും ഇന്റർനെറ്റിൽ നിന്ന് കിട്ടിയില്ല എന്നത് ഒരു അതിശയമായി തോന്നുന്നു. ഇനി നാട്ടിൽ പോവുമ്പോൾ കുറച്ച് ഫോട്ടോകൾ എടുക്കണം. പഴയ ബോർഡുകൾ കുറച്ചെങ്കിലും അവിടെയിവിടെയെങ്കിലും ഉണ്ടാവുമെന്നാണ് വിശ്വാസം.
ഇപ്പോൾ അത്തരം സൈൻ ബോർഡുകൾ കാണാനില്ല. ജംക്ഷൻ വരുമ്പോഴുള്ള സൈൻ ബോർഡ്, ഇടത്ത് നിന്നും ഒരു റോഡ് കയറി വരുന്നുണ്ടെങ്കിൽ ഒരു സൈൻ ബോർഡ്, വലത്ത് നിന്നൊരു റോഡ് വന്ന് നമ്മൾ പോവുന്ന റോഡുമായി യോജിക്കുന്നുണ്ടെങ്കിൽ അതിനൊരു സൈൻ, കയറ്റം ഉണ്ടെങ്കിൽ, ഇറക്കമുണ്ടെങ്കിൽ, സ്പീഡ് ലിമിറ്റ്, ആക്സിഡന്റ് സോൺ - അങ്ങനെ എത്ര റോഡ് സൈനുകൾ. അതിൽ പലതും, ഇന്ന് ഇല്ലാതായി, ചിലത് രൂപാന്തരം പ്രാപിച്ച്  ഇന്നത്തെ പച്ച ബോർഡുകൾക്കിടയിൽ സ്ഥാനം പിടിച്ചു.


ഭാഗം മൂന്ന്: മൈസൂർ ബെംഗളൂരു - നാലുവരിപ്പാതയും, നൈസ് റോഡും, ഹൊസൂർ റോഡും

രണ്ടായിരത്തി രണ്ടിലാണ് ഞാൻ ആദ്യമായി ബെംഗളൂരു പോവുന്നത്. അന്ന് ബെംഗളൂരു ആയിട്ടില്ല. ബേംഗ്ളൂർ അഥവാ "ബേങ്ഗളോർ" തന്നെയായിരുന്നു. രാത്രി ബസ്സിലാണ് നാട്ടിലേക്കുള്ള യാത്ര. മൈസൂർ എത്തുന്നത് വരെ ഇഴഞ്ഞാണ് ബസ് നീങ്ങുക. അന്നൊക്കെ ആളുകൾ  പറയുന്നത് കേൾക്കാമായിരുന്നു ഹൈവേയുടെ പണി നടക്കുകയാണ്, അത് കൊണ്ടാണ് ഇത്ര പതുക്കെ വാഹനങ്ങൾ നീങ്ങുന്നത് എന്നും ഹൈ സ്പീഡ്  ഹൈവേ ആണ് വരാൻ പോവുന്നതെന്നുമൊക്കെ.  
ബെംഗളൂരിൽ എത്തിയ ശേഷമാണ് ഞാൻ ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്നത്. ഞാൻ ഡ്രൈവിംഗ് പഠിച്ച് തുടങ്ങുന്ന കാലത്താണ് ബെംഗളൂരു മൈസൂരു ഹൈവേ നാല് വരിപ്പാത തുറക്കുന്നത്. സിറ്റിയിലെ തിരക്കുകൾ ബൈ പാസ് ചെയ്ത് പുറത്ത് കടക്കാനുള്ള നൈസ് റോഡ്‌ തുറന്നിരുന്നു അന്ന്. ഇന്നുള്ള അത്ര ദൂരം ഉണ്ടായിരുന്നില്ല. പല ഭാഗങ്ങളിലും പണി പൂർത്തിയാവുന്നെ ഉണ്ടായിരുന്നുള്ളൂ.    
ലൈസെൻസ് കിട്ടിയ കാലത്ത് വളരെ ആഗ്രഹത്തോടെ കാർ ഓടിച്ചിരുന്നത് - മൂന്ന് റോഡുകളിലാണ് - മൈസൂർ ബാംഗ്ലൂർ നാല് വരിപ്പാതയായിരുന്ന സ്റ്റേയ്റ്റ് ഹൈവേ, നൈസ് റോഡ്, പിന്നെ, ഹൊസൂർ റോഡ് - കൃഷ്ണഗിരി വരെയായിരുന്നുവെന്ന് തോന്നുന്നു ആദ്യം മീഡിയനുള്ള റോഡ് വന്നത്. പിന്നെ, ധർമപുരിവരെയും, സേലം വരെയും, അവിനാശിവരെയും, പിന്നെ കന്യാകുമാരി വരെയുമൊക്കെ ആ റോഡുകൾ നീണ്ടു .


ഭാഗം നാല്; ഇക്കഴിഞ്ഞ ആഴ്ചയിലെ ഒരു യാത്ര - എൻ എച്ച് 66  

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഡ്രൈവർ എന്റെ അച്ഛനാണ്. ഇപ്പോൾ ഒന്നോ രണ്ടോ വർഷങ്ങളായി അച്ഛൻ  കാർ ഓടിക്കാറില്ല. എന്നാലും ഓടിച്ചിരുന്ന കാലത്ത് - ഒരു സേഫ് ഡ്രൈവർ ആയിരുന്നു അച്ഛൻ. വണ്ടിയോടും ഡ്രൈവിങ്ങിനോടും പ്രത്യേക ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും ഒരു പരിധിയിൽ കൂടിയ വേഗതയിൽ അച്ഛൻ വണ്ടിയോടിച്ച് കണ്ടിട്ടില്ല. നാട് വരെയൊക്കെ ഒറ്റയ്ക്ക് സുഖമായി ഓടിക്കും. പണ്ട് അംബാസഡറും ഫിയറ്റും ഒക്കെ ഓടിച്ച് ശീലിച്ച അച്ഛന് മാരുതി ഒരു അതിശമായായിരുന്നു. പവർ സ്റ്റിയറിംഗ് വരുന്നതിന് മുൻപ് തന്നെ ഞങ്ങളോട് പറയുമായിരുന്നു - "നോക്ക് ഒറ്റ വിരലിൽ കൺട്രോൾ ചെയ്യാനുള്ളതേയുള്ളൂ മാരുതി" എന്നൊക്കെ. :)

എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാൻ അച്ഛൻ പലതവണ നോക്കിയിരുന്നു. പഠിത്തവും ഹോസ്റ്റെലുമൊക്കെയായി ഓരോ തവണയും ലൈസെൻസ് എടുക്കുന്നത് മുടങ്ങിപ്പോവും. എങ്കിലും ലൈസെൻസ് എടുത്ത ശേഷവും എന്റെ സൈഡിലിരുന്നു എന്റെ ഓടിക്കലിനെ കുറിച്ച് കമന്റ് അടിക്കും. ആദ്യത്തെ ഒരു പത്ത് വർഷത്തോളം നല്ലതൊന്നും പറഞ്ഞ് കേട്ടിട്ടില്ല. ഇപ്പൊ കാര്യമായി കുറവുകളൊന്നും പറയാറില്ല. എങ്കിലും, "എന്താ ഡ്രൈവറേ ഹമ്പ് കണ്ടില്ലേ?" എന്നൊക്കെ ചോദിക്കും, ശരിയാണ്. ഹമ്പ് കണ്ടാൽ ഇന്നും ഗിയർ ഡൌൺ ആക്കാൻ എനിക്കൊരു സാവകാശവും മടിയുമുണ്ടെന്ന് ഇതെഴുതുമ്പോൾ തോന്നുന്നു.  


പത്ത് പതിനഞ്ച് വർഷത്തോളം ബെംഗളൂരു കോഴിക്കോട് റൂട്ടിൽ ഞങ്ങൾ എല്ലാ ബെംഗളൂർക്കാരെയും പോലെ സ്ഥിരമായി വണ്ടിയോടിച്ച് വരാറുണ്ടായിരുന്നു. ഓരോ തവണയും ആ റോഡുകളെ കുറിച്ച് അച്ഛനോട് വിശേഷങ്ങൾ പങ്ക് വെയ്ക്കും.  അന്നത്തെ നാല് വരി മൈസൂർ ബെംഗളൂരു റോഡ്, നൈസ് റോഡ്, പിന്നെ ഗുണ്ടൽപ്പേട്ട വരെയുള്ള പാത ഇരട്ടിപ്പിക്കൽ - എല്ലാം പറയും. 

അവിടത്തെ റോഡുകളെ കുറിച്ച് അച്ഛനോട് വിശദമായി പറഞ്ഞ് കൊടുത്തിട്ടുണ്ട് എന്നതല്ലാതെ ആ റോഡിലൂടെ ഒരിക്കലും അച്ഛനെ കൊണ്ട് പോയിട്ടില്ലായിരുന്നു. അച്ഛന്റെ ബെംഗളൂരു വരവ് എപ്പോഴും ബസ്സിലും ട്രെയിനിലുമൊക്കെ തന്നെയായിരുന്നു. 

ഇത്തവണത്തെ അവധിക്ക് നാട്ടിൽ പോവാൻ പ്ലാൻ ഇട്ടിരുന്നപ്പോൾ എൻ എച്ചിന്റെ പണി ഇത്രത്തോളം കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. അച്ഛമ്മയെ കാണാൻ പോയപ്പോൾ തീരെ പ്രതീക്ഷിക്കാതെ ഒന്നേകാൽ മണിക്കൂറിൽ പൊന്നാനി എത്തി! അടുത്ത ദിവസം തൃശൂർ പോയി.

അച്ഛനെ ഷോട്ട്ഗണ്ണിൽ ഇരുത്തി കാറോടിച്ചപ്പോൾ എനിക്ക് കാര്യമായി ഒന്നും തോന്നിയില്ല. ശ്രദ്ധ മുഴുവൻ അച്ഛനെ പോലെ ഡ്രൈവിങ്ങിൽ മാത്രമായിരുന്നു. കേരളത്തിലെ റോഡുകൾ ഇപ്പോൾ  ഇന്ത്യയിലെ മറ്റേത് സ്ഥലത്തെ റോഡുകളും പോലെയായി എന്ന് അച്ഛനോട് പറഞ്ഞു.

ഞാൻ പറഞ്ഞിട്ട് അച്ഛനാണ് 
മുകളിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ എടുത്തത്. അച്ഛന്റെ മടിയിലിരുന്ന് ആളും വണ്ടിയുമൊന്നുമില്ലാത്ത പനമരം മാനന്തവാടി റോഡിൽ സ്റ്റിയറിംഗ് പിടിച്ച ആ പന്ത്രണ്ട് വയസ്സുകാരിയാണ് ഇന്ന് അച്ഛനെയും അമ്മയെയും കൊണ്ട് ആറ് വരിപ്പാതയിലൂടെ അവരെയും വണ്ടിയിലിരുത്തി ഇങ്ങനെ ഓടിച്ച് പോയതെന്ന ഒരു തിരിച്ചറിവ് ഈ വീഡിയോ വീണ്ടും കണ്ടപ്പോഴാണ് ഉണ്ടായത്. കാലം എത്ര വേഗമാണ് കടന്ന് പോവുന്നത്!

Tuesday, 22 July 2025

വിദ്യാഭ്യാസ രംഗത്തെ കുറിച്ച് - അദ്ധ്യായം ഒന്ന്

എനിക്കൊരു കഥ പറയാനുണ്ട്. അല്ല അനുഭവം പറയാനുണ്ട്. സോഷ്യൽ മീഡിയ ഇത്രയും സജീവമായ ഇക്കാലത്ത് ഒരു വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാൽ അത് സൈബർ ബുള്ളിയിങ് ആയിപ്പോവുമോ എന്ന ഒരു ഭയമുണ്ട്. അത് കൊണ്ട് പേരെടുത്ത് പറയാതെ എഴുതാം. എഴുതാനുദ്ദേശിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചും രീതികളെ കുറിച്ചുമൊക്കെയാണ്. നേരിട്ട് അത്തരം ഒരു വിഷയത്തിലേക്ക് കടക്കുന്നതിന് പകരം വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിലെ കുറച്ച് ഓർക്കുറിപ്പുകളിൽ തുടങ്ങാം എന്ന് കരുതി. 

എനിക്കൊരിക്കലും ഒരു അധ്യാപികയിൽ നിന്നുണ്ടായ അനുഭവമാണ് ആദ്യ അദ്ധ്യായത്തിൽ. 

ഞാനൊരു പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറിയ കാലം. അത് വരെ പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ പാഠ്യപദ്ധതിയിൽ നിന്നും വ്യത്യസ്തമായിരുന്നു പുതിയ സ്ഥാപനത്തിലെ പാഠ്യപദ്ധതി. അത് കൊണ്ട് തന്നെ പുതിയ സ്ഥാപനത്തിലെ ആദ്യ ഒന്ന് രണ്ട് അധ്യയന വർഷങ്ങളിൽ പഠിക്കാൻ ഞാൻ ഒരു പാട് കഷ്ടപ്പെട്ടു. മൂന്ന് നാല് വിഷയങ്ങളിൽ ഞാൻ തോറ്റു. 

അത് വരെ ഒരു ഗ്രാമീണ മേഖലയിൽ പഠിച്ചിരുന്ന എന്റെ സോഫിസ്റ്റിക്കേഷനും എറ്റിക്ക്വെറ്റുകളും ഒന്ന് നഗരത്തിൽ വളർന്നവരോട് താരതമ്യം ചെയ്യാൻ കഴിയുമായിരുന്നില്ല. അത് വരെ പഠിച്ച സ്ഥാപനത്തിൽ ടീച്ചർമാർ ബോർഡിൽ നോട്സ് എഴുതി തരികയും ഞങ്ങൾ കുട്ടികൾ അത് നോട്ട് പുസ്തകത്തിലേക്ക് പകർത്തിയെഴുതുകയുമായിരുന്നു പതിവ്. അതിൽ നിന്ന് വ്യത്യസ്തമായി പുതിയ സ്‌കൂളിൽ ടീച്ചർമാർ നോട്സ് "ഡിക്റ്റേയ്റ്റ്" ചെയ്യുകയും കുട്ടികൾ കേട്ടെഴുത്തുകയും ചെയ്യുന്നതായിരുന്നു രീതി. 

അങ്ങനെ ഒരു ക്‌ളാസിൽ ടീച്ചർ നോട്സ് ഡിക്റ്റേയ്റ്റ് ചെയ്യുമ്പോൾ "ഗോർജസ്" എന്നൊരു വാക്ക് ഉപയോഗിച്ചു. ഞാൻ ആ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. എനിക്കതിന്റെ സ്പെല്ലിങ് അറിയില്ലായിരുന്നു. ഞാൻ ഒരു എക്‌സ്‌ട്രോവേർട്/ബഹിർമുഖ ആയിരുന്നു അന്നൊക്കെ - "സ്പെല്ലിങ്?" എന്ന് ഞാൻ ടീച്ചറോട് ചോദിച്ചു. ഞാൻ ചോദിച്ച രീതിയാണോ അതോ  ഒറ്റ വാക്കിൽ ചോദിച്ചത് കൊണ്ട് എന്റെ ചോദ്യം ഒരു  മര്യാദയില്ലായ്മയായി തോന്നിയതാണോ എന്നൊന്നും എനിക്കറിയില്ല, ടീച്ചർക്ക് അതിഷ്ടപ്പെട്ടില്ല. ടീച്ചർ എല്ലാവരുടെയും മുൻപിൽ വെച്ച് പറഞ്ഞു - "അതൊക്കെ കഴിഞ്ഞ വർഷം പഠിച്ചതാണ്. അതൊക്കെ ഇപ്പോൾ അറിഞ്ഞിരിക്കണം" എന്ന്. സ്പെല്ലിങ് പറഞ്ഞു തരാതെ അവർ നോട്സ് വായിക്കുന്നത് തുടർന്നു. വല്ലാതെ ഉൾവലിഞ്ഞു പോയൊരു നിമിഷമായിരുന്നു അത് എന്ന് എനിക്കിപ്പോൾ ഓർത്തെടുക്കാനും അന്നത്തെ അനുഭവത്തിനെ വിശദീകരിക്കാനും കഴിയുന്നുണ്ട്. അന്ന് എന്റെ ഉള്ളിലെ ആ കൊച്ച് പെൺകുട്ടി അനുഭവിച്ചതെന്താണ് എന്ന് അവൾക്ക് പോലും മനസ്സിലാവാത്ത ഒരു കാലമായിരുന്നു അത്. താനെന്തോ തെറ്റ് ചെയ്തോ എന്ന് എന്റെ ഉള്ളിലെ പെൺകുട്ടി ചെറുതായിയെങ്കിലും സംശയിച്ചത് ഇന്ന് ഓർക്കാൻ പറ്റുന്നുണ്ട്. അതിനേക്കാൾ കൂടുതൽ ഓർക്കുന്നത് - അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരു അധ്യാപികയോട് മറുത്തൊന്നും പറയാനാവാതെ നിസ്സഹായ ആയി ഇരുന്ന എന്നെയാണ്. 

ഈ ടീച്ചർ ആയിരുന്നു പല പാഠ്യേതര പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നത്. ഒരിക്കൽ ടീച്ചർ ക്‌ളാസിൽ വന്ന് ചോദിച്ചു - ഡാൻസിന് പങ്കെടുക്കാൻ താല്പര്യമുള്ളവർ ആരൊക്കെയാണെന്ന്. പഠിത്തം വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്ന ഒരു കാലമായിരുന്നത് കൊണ്ടാവണം - ഡാൻസിനോടൊന്നും വലിയ കമ്പമില്ലെങ്കിലും ഞാനും എഴുന്നേറ്റ് നിന്നു. എല്ലാവരുടെയും മുൻപിൽ വെച്ച് ടീച്ചർ പിന്നെയും പറഞ്ഞു - നീ വേണ്ട, പഠിക്കാൻ മോശമായ കുട്ടികൾ പങ്കെടുക്കേണ്ട എന്ന്. എനിക്ക് തോന്നുന്നു - പിന്നീട് ആ സ്ഥാപനത്തിൽ പഠിച്ച 5 വർഷവും ഒരു പാട് പേടിയോടെയാണ് ഞാൻ പഠിച്ചത്. എപ്പോഴാണ് അപമാനിക്കപ്പെടുക എന്ന പേടിയോടെ. അതിന് ശേഷം വർഷങ്ങൾ പിന്നിട്ട്,  ഇന്നും  - എത്ര ആത്മവിശ്വാസം ഉണ്ടെങ്കിലും പല സന്ദർഭങ്ങളിലും ഇത് പോലെ ആരെങ്കിലും അപമാനിച്ച് കളയുമോ എന്ന ഒരു പേടി എനിക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്.  



കഥയുടെ പാരമ്യം 

വർഷങ്ങൾക്ക് ശേഷം കോവിഡ് കാലത്ത് വാട്ട്സാപ്പ് ഗ്രൂപ്പുകൾ വീണ്ടും സജീവമായ കാലം - ആരോ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചിരുന്ന ടീച്ചറുടെ മകനെ കുറിച്ച് പറഞ്ഞു. നൂറ് ശതമാനം വിജയം ഉറപ്പിക്കാൻ ചെറിയ ക്‌ളാസ്സുകൾ തൊട്ടേ കുട്ടികളെ തോൽപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എന്ന ഓർമ വേണം - ആദ്യമായി ഒരു കുട്ടി ഈ സ്ഥാപനത്തിൽ നിന്ന് ഒരു കുട്ടി പബ്ലിക് പരീക്ഷയിൽ തോറ്റുവെന്നും ഈ ടീച്ചറുടെ മകനായിരുന്നു ആ കുട്ടിയെന്നും എന്ന വാർത്ത ഞാനറിഞ്ഞു. 

കഥ പറയാനുള്ള ആവേശത്തിലാണ് ഇത്തിരി ഉപ്പും പുളിയുമുള്ള ഉള്ള ഒരു കഥ ആയിട്ട് പറഞ്ഞത് - കുട്ടികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തെ കുറിച്ച് ഒരല്പം ചർച്ച ചെയ്യാനാണ് ഈ കഥ ഇന്നിവിടെ പറഞ്ഞത്. കൂടുതൽ കഥകളുമായി ഞാൻ വീണ്ടും വരാൻ സാധ്യതയുണ്ട്. അത് വരെ, തൽക്കാലം വിട. 

എൻ ബി: 

1. എന്നെ പരിചയമുള്ള ആരും ഈ ടീച്ചറുടെ പേര് തിരക്കി വരരുതെന്നപേക്ഷ. പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് തീരുമാനിച്ച് കഴിഞ്ഞതാണ്. പലർക്കും ഈ കഥ അറിയാം. അറിയാവുന്നവർ - പേര് വെളിപ്പെടുത്താതിരിക്കാൻ അപേക്ഷ 

 2. ഈ വിഷയത്തിൽ ഇനിയും കുറിപ്പുകൾ വന്നേക്കാം - എല്ലാത്തിലും അധ്യാപകരെ മോശമായി ചിത്രീകരിക്കുന്നതാവണമെന്നില്ല. 







Monday, 21 April 2025

ഈസ്റ്റർ ദിനത്തിൽ ഒരു ചെറിയ യാത്ര

എഴുതാനിരിക്കുമ്പോ പഠിക്കാൻ തോന്നും. പഠിക്കാനിരിക്കുമ്പോ എഴുതാൻ തോന്നും. ഫേയ്സ്ബുക്ക് തുറക്കുന്നത് തന്നെ വല്ലപ്പോഴുമായി. ഇന്നിപ്പോ ഇതെഴുതാൻ വേണ്ടി തുറന്നു. എഴുതി തീരുമോ എന്ന് കണ്ട് തന്നെ അറിയാം. എഴുതുന്നത് യാത്രാ വിവരണമോ രാഷ്ട്രീയമോ ഒക്കെ ആവാം. പക്ഷെ, രണ്ടും വലിയ അറിവും കൈത്തഴക്കവുമൊമൊന്നുമുള്ള മേഖലകളല്ല. എന്നാലും ഒന്ന് ശ്രമിക്കട്ടെ. 

കഴിഞ്ഞ വിഷുവും ഈസ്റ്ററും ജർമനിയിലായിരുന്നു. ഇത്തവണയും അതെ. നാല് ദിവസം ഓഫിസിൽ ലീവ് ഉണ്ട്. അപ്പുവിന് ഇപ്പൊ വയസ്സ് പതിനാല്. ഫോട്ടോ എടുക്കുക, എവിടെയെങ്കിലും പോവുക - ഇതൊന്നും മൂപ്പർക്ക് ഇഷ്ടമല്ല. വിഷുവിന് സദ്യ ഉണ്ണാൻ നേരത്ത് ഒരു ഫോട്ടോ എടുത്തോളാൻ സമ്മതിച്ചു. 'അമ്മ ഒറ്റയ്ക്കുണ്ടാക്കിയ ഭക്ഷണമാണ് കഴിക്കാൻ പോവുന്നത് എന്നത് അവൻ അംഗീകരിക്കുന്നതും അവന്റെതായ ശൈലിയിൽ അഭിനന്ദിക്കുകയും ഒക്കെ ചെയ്യുന്നത് അങ്ങനെയൊക്കെയാണ്. കഷ്ടിച്ച് കിട്ടിയ 5 സെക്കന്റിൽ നല്ല തെളിച്ചമൊന്നുമില്ലെങ്കിലും ഒരു ഫോട്ടോ കിട്ടി. എവിടെയും പോസ്റ്റ് ചെയ്യില്ലെന്ന നിബന്ധനയോടെയാണ് ഫോട്ടോ എടുക്കാൻ സമ്മതിച്ചത് . ഞങ്ങൾ ആറാളുകൾ മാത്രമുള്ള ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ മാത്രം പോസ്റ്റ് ചെയ്യാൻ അവൻ പിന്നീട് സമ്മതിച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ എന്ത് പകരം തരും എന്നാണ് ചോദിച്ചത്. 5 യൂറോ വരെ കൊടുക്കാമെന്ന് പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല. കുട്ടിയെ ബുദ്ധിമുട്ടിലാക്കണ്ട, അവന് കൊടുത്ത വാക്ക് പാലിക്കാം എന്ന് തീരുമാനിച്ചു. ഇങ്ങനെയൊക്കെയാണ് ഇപ്പോഴത്തെ പാരന്റിങ് വിശേഷങ്ങൾ. 

അങ്ങനെയുള്ള കൊച്ചിനേം കൊണ്ടാണ് ഒരു അവധി വന്നാൽ എവിടെയെങ്കിലും പോകേണ്ടത്. അവനെ സമ്മതിപ്പിച്ചെടുക്കേണ്ട ബുദ്ധിമുട്ടാലോചിക്കുമ്പോൾ തന്നെ എവിടെയെങ്കിലും പോവാനുള്ള മൂഡ് പോവും. 

നല്ലൊരു അവസരമാണല്ലോ എന്ന് കരുതി - അടീം പിടീം ഒക്കെ ഉണ്ടാക്കി അവസാനം ഈ നാല് ദിവസത്തിൽ എവിടെയെങ്കിലും പോവാൻ തീരുമാനിച്ചു. ഇനി എവിടെ എന്നതാണ് പ്രശ്നം. പ്രമിത്തിന്റെ സുഹൃത്ത് വരാൻ സാധ്യതയുള്ളത് കൊണ്ട് ഒരു ദിവസത്തെ പരിപാടി ആക്കാമെന്ന് കരുതി. 


പ്രമിത്ത് ഒരു ഇടത് പക്ഷ സഹയാത്രികനായത് കൊണ്ട് - പ്രമിതത്തിന് ജർമനിയിൽ കാണാനിഷ്ടമുള്ള സ്ഥലങ്ങളിൽ ഒന്ന് ട്രൈയർ ആയിരുന്നു. കാൾമാക്സിന്റെ ജന്മ സ്ഥലം. രണ്ട് മൂന്ന് വർഷം മുൻപ് പ്രമിത്ത് യു കെയിൽ പോയപ്പോൾ അവിടെ കാൾമാക്സിനെ അടക്കം ചെയ്ത സ്ഥലം അന്വേഷിച്ച് പോയി. ഗൂഗ്ൾമേപ്പ് ആ സ്ഥലത്തിന് പകരം പക്ഷെ പ്രമിത്തിനെ ഒരു ഭ്രാന്താശുപത്രിയിലാണ് എത്തിച്ചത്!  


ട്രൈയർ കാണാൻ എനിക്കും താല്പര്യം തോന്നി. വോട്ട് ചെയ്യാൻ തുടങ്ങിയ ശേഷം ഇത് വരെ ഞാൻ ഇടത് പക്ഷത്തിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. നേരത്തെ പറഞ്ഞ പോലെ രാഷ്ട്രീയം എനിക്ക് വലിയ അറിവുള്ള മേഖലയൊന്നുമല്ല. എന്നാലും കേട്ട് മനസ്സിലാക്കിയിടത്തോളം, അവർ പറയുന്ന കാര്യങ്ങളോടാണ് എനിക്ക് കൂടുതലും റിലേയ്റ്റ് ചെയ്യാൻ പറ്റാറുള്ളത്. അത് കൊണ്ട് തന്നെ മാക്സിന്റെ ജന്മസ്ഥലം കാണാൻ പോവാൻ എനിക്കും താല്പര്യം തോന്നി. 


രാവിലെ ഭക്ഷണമൊക്കെ കഴിഞ്ഞാണ് ഇറങ്ങിയത്. കാൾസ്രൂഅയിൽ (ഇപ്പോഴും എനിക്ക് ശരിക്ക് ഉച്ചരിക്കാനറിയില്ല ഈ സ്ഥലത്തിന്റെ പേര്)  നിന്നും എട്ടേ അഞ്ചിനൊരു റീജിയണൽ ട്രെയിൻ ഉണ്ടായിരുന്നു. അതിൽ പോവണമെന്നാണ് ആദ്യം കരുതിയത്. പക്ഷെ, പതിവ് പോലെ തന്നെ അത് നടന്നില്ല. കൃത്യം ഒരു മണിക്കൂറിന് ശേഷമുള്ള ട്രെയിൻ ആണ് എടുത്തത്. അവധി ദിവസങ്ങളായത് കൊണ്ടാണോ - റീജിയണൽ ട്രെയിനിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അപ്പുവിനെ ഒരിടത്ത് ഇരുത്തി, ഞാൻ മറ്റൊരു സ്ഥലത്ത് ഇരുന്നു. രണ്ട് സ്റ്റേഷനോളം കഴിഞ്ഞപ്പോൾ പ്രമിത്തിനും ഇരിക്കാനൊരു സ്ഥലം കിട്ടി. ടീനേജെർ "ഫ്രീ സീറ്റ്" എന്ന് പ്രമിത്തിന് മെസ്സേജ് ചെയ്തു എന്നാണ് ഇരിക്കാൻ സ്ഥലം കിട്ടിയതിന്റെ പിന്നിലെ കഥ. ഞങ്ങൾ മൂന്ന് പേർക്കും ഡോയ്‌ച്ച്ലേന്റ് ടിക്കറ്റ് ഉള്ളത് കൊണ്ട് പ്രത്യേക ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ടായില്ല. നാൽപ്പത്തിയഞ്ച് മിനിറ്റോളം യാത്ര ചെയ്ത് കൈസർസ്ലവ്റ്റെൺ എന്ന സ്ഥലത്ത് പോയി ഇറങ്ങി. 








കൈസർസ്ലവ്റ്റെണിൽ നിന്നും രണ്ട് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നു ട്രൈയറിലേക്ക്. ആ ട്രെയിനിലും അത്യാവശ്യം തിരക്കുണ്ടായിരുന്നുവെങ്കിലും ഇരിക്കാൻ സ്ഥലം കിട്ടി. 

ട്രൈയറിൽ എത്തിയപ്പോൾ ഒരു കഫെയിൽ നിന്ന് പ്രമിത്ത് ഒരു കോഫിയും കുടിച്ച് ഒരു ക്രൊസ്സാന്റും  വാങ്ങിക്കഴിച്ചു. പിന്നെ അവിടെ ഓരോ യൂറോ കൊടുത്ത് ടോയ്‌ലെറ്റിലൊക്കെ പോയി. 



സമയം നോക്കിയപ്പോൾ ഒന്നാവാൻ പോവുന്നു. ഒരു മണിക്ക് കാൾമാക്സ് ഹൌസ് അടയ്ക്കും എന്നത് കൊണ്ട് ഭക്ഷണം കഴിച്ച ശേഷം പോവാമെന്ന് വിചാരിച്ചു. അടുത്തുള്ള ബർഗർ കിങ്ങും ഗോൾഡൻ ഡ്രാഗൺ എന്ന ചൈനീസ് റെസ്റ്റോറന്റും ഒക്കെ അടച്ചിട്ടാണ് കണ്ടത്. ഈസ്റ്റർ ആയത് കൊണ്ടായിരിക്കണം. പക്ഷെ, ഞങ്ങളുടെ രക്ഷയ്ക്ക് ഒരു ടർക്കിഷ് ഡൂണർ ഷോപ്പ് തുറന്നിരുന്നു. അവിടെ പോയി ഓരോ ഡൂണർ വീതം വാങ്ങിച്ച് കഴിച്ചു. അവിടെയവിടെ ഇന്ത്യൻ വിദ്യാർത്ഥികൾ എന്ന് തോന്നിക്കുന്ന ഗ്യാങ്ങുകളെ കാണാനുണ്ടായിരുന്നു. 





റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെയാണ് ബസ് സ്റ്റാൻഡ്. അവിടെ നിന്ന് ഡോയ്‌ച്ച്ലേന്റ് ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി ഞങ്ങൾ കാൾമാക്സ് ഹൗസ് സ്റ്റോപ്പിൽ ഇറങ്ങി. നേരത്തെ എടുത്തിരുന്ന ടിക്കറ്റ് സ്കേൻ ചെയ്ത് അവർ ഞങ്ങളെ അകത്ത് കയറ്റി വിട്ടു. ഓർമയിൽ കുറച്ച് കാലത്തേക്ക് നിൽക്കുന്ന കാര്യങ്ങളിൽ ഒന്ന് കാൾ മാക്സ് ഇരുന്നിരുന്ന ഒരു കസേരയാണ്. അതിൽ ഇരുന്നു കൊണ്ടാണ് അദ്ദേഹം മരിച്ചത് ഇന്നവിടെ എഴുതിക്കണ്ടു. കാൾമാക്സ് ഹൗസ് ആണെങ്കിലും അവിടത്തെ ചിത്രങ്ങളും എഴുത്തുകളും കാൾമാക്‌സിനെ ചുറ്റിപ്പറ്റി കൊണ്ടുള്ളത്  മാത്രമല്ല. ലോകത്തിന്റെ ചരിത്രം തന്നെ അവിടെ രേഖപ്പെടുത്തിയത് കാണാം. പുതിയ ലോകത്തെ സൂചിപ്പിക്കാൻ ബാംഗ്ലൂർ നഗരത്തിലെ ഐ. റ്റി രംഗത്തെ കൂടി പരാമർശിക്കുന്ന ഒരു ചിത്രം ഉള്ളത് പ്രമിത്ത് എന്നെ വിളിച്ച് കാണിച്ച് തന്നു.   






പുറത്ത് മാക്സിന്റെ ഒരു കൽപ്രതിമ വെച്ചിട്ടുണ്ട്. അവിടെ നിന്ന് ആളുകൾ ചിത്രങ്ങൾ എടുക്കുന്നത് കണ്ടു. ഞങ്ങളും പോയി എടുത്തു. പുറത്തെ ശാന്തതയിൽ പ്രമിത്തും അപ്പുവും കുറച്ച് നേരം ഇരുന്നു. അപ്പുവും ശാന്തനായിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 







പ്രമിത്തിനെന്തായാലും യാത്ര തൃപ്തികരമായിരുന്നു എന്ന് തോന്നുന്നു. അടുത്ത യാത്ര എനിക്ക് പോകാൻ ആഗ്രഹമുള്ള സ്ഥലത്തേക്കാവാമെന്ന് പറഞ്ഞു.  

അപ്പുവിന് ക്ഷമ നശിച്ചു തുടങ്ങിയിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് അവൻ എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു. അതിലൊന്ന്, "ഈ സ്ഥലം വർക്കിംഗ് ആളുകൾക്കുള്ള സ്ഥലമാണ്. എന്തിനാണ് എന്നെ ഇവിടെ കൊണ്ട് വന്നത്" എന്നാണ്  :D. പിന്നെ ഒരു കാര്യം ചോദിച്ചത് - "ഈ ആളാണോ സ്ട്രൈക്ക് ഉണ്ടാക്കിയത്" എന്നാണ്. കുഞ്ഞ് മനസ്സിൽ എന്തൊക്കെയോ ചെന്നടിയുന്നുണ്ട് എന്ന് എനിക്ക് തോന്നി. 💗💜




പുറത്തിറങ്ങാൻ നേരത്ത് ഞാനും പ്രമിത്തും ഓരോ സൂവനീർ വീതം വാങ്ങി. പ്രമിത്ത് വാങ്ങിച്ചത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ്. ഞാൻ ഇറെയ്സർ ആണെന്നറിയാതെ ഒരു കാൾമാക്സിന്റെ രൂപവും. 









വഴിയിലെ കാഴ്ചകളൊക്കെ കണ്ട് കൊണ്ട് ഞങ്ങൾ തിരിച്ചു വന്നു. വീട്ടിലെത്തുമ്പോഴേക്കും രാത്രി ഏഴായിരുന്നു. സമ്മർ ടൈം ഒക്കെ തുടങ്ങിയത് കൊണ്ട്. ഇരുട്ടായിരുന്നില്ല. നല്ല വെളിച്ചമുണ്ടായിരുന്നു.









Sunday, 24 November 2024

വിജയരാഘവൻ

(റീഡിങ് ഗ്ലാസ് ഇല്ലാതെ റ്റൈപ്പ് ചെയ്തതാണ് - അക്ഷരതെറ്റുകൾ ഉണ്ടായേക്കാം, പൊറുക്കുക. വയസ്സ് നാല്പത്തിനാലായേ..) 

പറഞ്ഞു വരുന്നത് കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചാണ്. സിനിമയെ കുറിച്ചിനി ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ലാന്നറിയാം 

സി ബി ഐ ഡയറിക്കുറിപ്പിനും, റാം ജി റാവിനും ശേഷം സ്ഥിരം ചെയ്യുന്ന തരം വേഷങ്ങളിൽ നിന്ന് മാറി ഇത്രേം പ്രാധാന്യം ഉള്ള ഒരു വേഷം വിജയരാഘവന് ലഭിച്ച് കണ്ടതിൽ സന്തോഷം തോന്നി.

മേൽപ്പറഞ്ഞ റോളുകൾക്ക് ശേഷം ആദ്യാമായിട്ടാണെന്ന് തോന്നുന്നു വിജയരാഘവനെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ കഴിയും വിധം ഒരു വേഷം അയാളെ തേടി വരുന്നത്. തിലകനും, ഇന്നസെന്റും, ഒടുവിലും, മുരളി യുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു തലമുറയോടൊപ്പം അഭിനയിച്ചത് കൊണ്ടാവാം അങ്ങനെ സംഭവിച്ചത്. യവനികയിൽ ഭരത് ഗോപിയുടെയൊക്കെ മറവിൽ തിലകൻ നിഷ്പ്രഭനായ പോലെ.  

 കിഷ്കിന്ധാ കാണ്ഡം അടുത്തുള്ള തീയ്യറ്ററിൽ വന്നത് ഒരു ദിവസത്തേക്കാണ്. അന്ന് കാണാൻ  കഴിഞ്ഞില്ല. ഓ ടി ടി യിലാണ് കണ്ടത്. എല്ലാവരും കയ്യൊതുക്കത്തോടെ അഭിനയിച്ച സിനിമയാണെങ്കിലും സിനിമ കണ്ട് കഴിഞ്ഞപ്പോൾ ഈയടുത്തെങ്ങാനും ഒരു റീലിൽ വിജയരാഘവൻ പറഞ്ഞു കേട്ടത് ഓർക്കുന്നു - അവാർഡുകളൊന്നും തന്നെത്തേടി വന്നിട്ടില്ലായെന്ന്. കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തിന് വിജയരാഘവൻ ഒരു അവാർഡ് അർഹിക്കുന്നുണ്ട്. അത് അദ്ദേഹത്തിന് ലഭിക്കട്ടെ. എൻ എൻ പിള്ളയുടെ മകൻ എന്നതിലപ്പുറം ഒരു ഐഡന്റിറ്റി അയാൾക്കുണ്ട്. 







Sunday, 29 September 2024

കക്ഷി: അമ്മിണിപ്പിള്ള


ഫേയ്‌സ് ബുക്കിൽ കയറിയിട്ട് കുറെയധികം ദിവസങ്ങളായി. സിനിമാ പേരഡീസോ ക്ളബ്ബിൽ വന്ന് നോക്കിയിട്ട് അതിനേക്കാൾ അധികവും. പുതിയ ട്രെൻഡുകളെ കുറിച്ചും, സിനിമാ പേരഡീസോ ക്ലബ്ബിലെ പുതിയ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും വലിയ ധാരണയില്ലാതെയാണ് ഈ പോസ്റ്റ് എഴുതിയിടുന്നത്. 

സോഷ്യൽ മീഡിയയിൽ നിന്നും വലിയ അവധിയെടുത്ത് പോവുക എന്നതൊരു ശീലമാണ്. അങ്ങനെയിടക്കിടെ ചില വാർത്തകളും സിനിമകളുടെ വരവും പോക്കുമൊക്കെ അറിയാതെ പോവാറുണ്ട്. അങ്ങനെയൊന്നാണ് അമ്മിണിപ്പിള്ള. 

സിനിമ ഹിറ്റ് ആയിരുന്നോ? ഒന്നും അറിഞ്ഞൂടാ. 



കിഷ്കിന്ധാ കാണ്ഡം കാണാൻ കഴിഞ്ഞിട്ടില്ല. ട്വിറ്റെർ, സോറി, എക്സ് ഒന്നടങ്കം പറയുന്നു കിഷ്കിന്ധാ കാണ്ഡം നല്ല സിനിമയാണെന്ന്. കാണാൻ തീരുമാനിച്ചതുമാണ്. ഇത് വരെ അവസരം കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് കുടുംബത്തോടെ പനി പിടിച്ചു കിടന്ന ഈ ഞായറാഴ്ച വൈകുന്നേരം കിഷ്കിന്ധാ കാണ്ഡത്തിന്റെ സംവിധായകന്റെ സിനിമയാണ് എന്ന് കേട്ടയുടനെ സംവിധായകന്റെ പേര് പോലും തിരക്കുന്നതിന് മുൻപ് സിനിമ കാണാനിരുന്നത്. 

ഒരു തരത്തിലും സിനിമയെക്കുറിച്ചറിയാതെ സിനിമ കാണാൻ കഴിയുക എന്നത് ഒരു പ്രത്യേക അനുഭവമാണ്, അല്ലേ? പണ്ടൊക്കെ അത് സാധിക്കുമായിരുന്നു. പോസ്റ്റർ മാത്രം കണ്ട് സിനിമയ്ക്ക് പോവുക എന്ന ഏർപ്പാടായിരുന്നല്ലോ. ഇന്നതിന് വല്ലപ്പോഴുമാണ് അവസരം കിട്ടാറ്‌. എന്നെ സംബന്ധിച്ച് ഒരു പാട് വർഷങ്ങൾക്ക് ശേഷം അങ്ങനെ വീണ് കിട്ടിയ ഒരു സിനിമയാണ് ദിൻജിത്ത് അയ്യത്താൻ (അങ്ങനെത്തന്നെയല്ലേ പേര്? വിക്കിയിൽ നിന്ന് പകർത്തിയതാണ്) അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത കക്ഷി:അമ്മിണിപ്പിള്ള. 


സിനിമയെ കുറിച്ചോ, സിനിമ മുൻപോട്ട് വെച്ച ആശയങ്ങളെ കുറിച്ചോ ഇത്ര വൈകി എഴുതണമെന്ന് തോന്നുന്നില്ല. ഉറപ്പാണ് ഒരുപാട് കാലം മുൻപ് അതൊക്കെ ഇവിടെ ചർച്ചയ്ക്ക് വന്നിരിക്കും. 

എനിക്ക് പറയാൻ തോന്നിയത് സിനിമയുടെ ക്ലൈമാക്സിനെ കുറിച്ചാണ്. ആ പെൺകുട്ടി, അവളുടെ തീരുമാനവും, അവളുടെ ആശയവുമായിരുന്നു - ആ ഓഫിസ് മുറിയിൽ വന്ന് താമസിക്കാനുള്ള തീരുമാനം എന്ന് സിനിമയിൽ കാണിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി! 

എങ്കിൽ സിനിമയ്ക്ക് കൂടുതൽ ഭംഗിയുണ്ടായേനെ. 

വക്കീലിനെ ഹീറോവത്കരിക്കാതെ  അയാൾ ഒരു കാഴ്ചക്കാരനായി മാത്രം നിന്നിരുന്നുവെങ്കിൽ കഥയും, കഥാപാത്രങ്ങളും കൂടുതൽ മനോഹരവും ശക്തവും ആവുമായിരുന്നു എന്ന് തോന്നി. 

എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നറിയില്ല, കിഷ്കിന്ധാ കാണ്ഡം കാണാൻ. എന്തായാലും കാത്തിരിക്കുകയാണ് - സംവിധായകന്റെ തരംഗം സൃഷ്ടിക്കുന്ന പുതിയ സിനിമ കാണാൻ.  



Wednesday, 6 March 2024

ബാൽക്കണിയിലെ അഭയാർത്ഥി






അങ്ങനെ അത് പോയി. പറന്ന് പോയി. പോവുമ്പോ എന്നോട് പറഞ്ഞൊന്നുമില്ല. ഇത്തിരി അപ്പി ഇട്ട് വെച്ചിട്ടുണ്ട്. 

അതിന് കണ്ണ് കാണില്ലായിരുന്നു എന്ന് തോന്നുന്നു. ഭക്ഷണം കൊടുത്തതൊന്നും ഒരു മണി പോലും കഴിച്ചില്ല. 

അരിമണികളാണ് കൊടുത്തത്. അത് കൊത്തിത്തിന്നാൻ വേറെയും കിളികൾ വന്നു. വന്ന കിളികളും പ്രാവുകളും അഭയയെ ഉപദ്രവിക്കാനും തുടങ്ങി. 

ഇന്ന് വീട്ടില് വേറൊരു അതിഥി വരാനുണ്ടായിരുന്നു. അമൃത. അമൃതയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോവാൻ സമയമായപ്പോൾ ഒരു കുറ്റബോധം തോന്നി. അഭയക്ക് കൊടുക്കാൻ വെച്ച അരിമണികൾ തൂത്തു വാരിക്കളഞ്ഞില്ലെങ്കിൽ ഉപകാരം ഉപദ്രവമായേക്കാം. അരിമണികളൊക്കെ അടിച്ചു വാരിക്കളഞ്ഞു. ഇതിനെ ആരെങ്കിലും കൊത്തിപ്പറിക്കുമോ എന്ന് പിന്നെയും തോന്നിക്കൊണ്ടിരുന്നു. പക്ഷിയെ കയ്യിലെടുക്കാൻ പേടിയുണ്ടായിരുന്നു. എങ്കിലും അടുത്ത് പോയി തുളകളുള്ള ഒരു ചെറിയ ബാസ്കറ്റ് കൊണ്ട് അഭയയെ മൂടി വെച്ചു. അഭയ വെപ്രാളമൊന്നും കാണിച്ചില്ല. അടങ്ങി അതിനുള്ളിൽത്തന്നെ ഇരുന്നു. 

തിരികെ വീട്ടിലെത്തിയപ്പോ അഭയയെ മൂടി വെച്ചിരുന്ന ബാസ്കറ്റ് മാറ്റിയപ്പോ വിചാരിച്ചു അത് എന്നെ പറന്ന് കൊത്തുമായിരിക്കുമെന്ന്. ഒന്നുമുണ്ടായില്ല. 

അമൃതയും അജയും എന്നെ പോലെ പേടിയോടെ തന്നെ അഭയയെ നോക്കി നിന്നു. 

അഭയ പിന്നെയും കുറെ നേരം ബാൽക്കണിയിൽ വിശ്രമിച്ചു. 

ഞങ്ങൾ വർത്തമാനത്തിൽ മുഴുകി ഇരിക്കുന്നതിനിടയിൽ എപ്പോഴോ നോക്കിയപ്പോ അഭയയെ ബാൽക്കണിയിൽ കണ്ടില്ല. അത് പറന്ന് പോയിരിക്കും. കൂട്ടിലിട്ട പോലെ ഇനിയും കിടക്കേണ്ടി വന്നാലോ എന്ന് പേടിതോന്നിക്കാണും