Wednesday, 29 April 2020

ലൈഫ് ഓഫ് പൈ കണ്ട കഥ

അപ്പൂനെ ഒരു വികൃതിക്കുട്ടനാക്കിയത് പപ്പയാണ്. പപ്പയ്ക്ക് എന്റെ ബ്ലോഗിൽ പേര് വരുന്നത് ചിലപ്പോൾ ഇഷ്ടമല്ല. കാരണം ഞാൻ എന്റെ എഴുത്തുകൾ മൂഡനുസരിച്ച്‌ ഓരോ സ്ഥലത്താവും പോസ്റ്റ് ചെയ്യാറ്. അത് കൊണ്ടിനി പപ്പയെ പീടു എന്ന് വിളിക്കാം.

എല്ലാവരും ഇർഫാൻ ഖാനെ കുറിച്ച് എഴുതുകയാണ്.
എല്ലാരും കണ്ട പോലെ ചന്ദ്രകാന്ത കാലത്തൊന്നും ഞാൻ ഇർഫാൻ ഖാനെ കണ്ടിട്ടില്ല. ആദ്യമായി ശ്രദ്ധിച്ചത് സ്ലം ഡോഗ് മില്ലിയനെയറിൽ ആയിരിക്കണം. കാർവാൻ ആണ് അവസാനം കണ്ടത് എന്നാണോർമ. പാർവതിയോടുള്ള ഇഷ്ടത്തെക്കാൾ കൂടുതൽ ഇർഫാൻ ഖാനോടുള്ള ഇഷ്ടം കൊണ്ടാണ് കരീബ്‌ കരീബ്‌ സിംഗിൾ കാണാൻ തീരുമാനിച്ചത്. ലഞ്ച് ബോക്സ് പീടു ഒറ്റയ്ക്ക് കണ്ടു. അഭിപ്രായം കേട്ട ശേഷം  കാണാൻ വേണ്ടി വെച്ചിരുന്നതായിരുന്നു.

ഇർഫാൻ ഖാന്റെ ഒരു മൂവി കഷ്ടപ്പെട്ട് കണ്ട ഒരു കഥയാണ് എനിക്ക് ഓര്മ വരുന്നത്.

പീടു ഒരു കടുത്ത ഇർഫാൻ ഖാൻ ഫാൻ ആണ്. ലൈഫ് ഓഫ് പൈ പുസ്തകം പീടു രണ്ടാം വട്ടം വായിക്കുന്നത് അപ്പൂന് ഏകദേശം രണ്ടു വയസ്സുള്ളപ്പോഴാവണം. എന്നോടും പറഞ്ഞു വായിക്കാൻ. പോസ്റ്റ് പാർട്ടത്തിന്റെ പീക്കിൽ നിക്കുന്ന ആ കാലത്ത് വായനയൊന്നും നടക്കില്ലാന്നറിഞ്ഞത് കൊണ്ടായിരിക്കാം, പീടു ലൈഫ് ഓഫ് പൈ കഥ മുഴുവൻ എനിക്ക് പറഞ്ഞു തന്നു. മൂവി വരുന്നുണ്ടെന്നറിഞ്ഞിരുന്നില്ല അന്ന്. ഒരു പക്ഷെ പീടു അറിഞ്ഞിരിക്കാം, അത് കൊണ്ടാവാം ഒരു രണ്ടാം വായനയ്ക്ക് പുസ്തകം കയ്യിലെടുത്തത്.

ഞാൻ ഒരു പാട് ഇൻഹിബിഷൻസ് ഉള്ള ഒരു അമ്മയായിരുന്നു. ആളുകൾ കാൺകെ എനിക്ക് അപ്പൂനെ ഫീഡ് ചെയ്യാൻ പറ്റില്ല. എന്റെ ഇൻഹിബിഷൻസ് നെ കളിയാക്കി തുടങ്ങിയതാണോ എന്നോർമ്മയില്ല. "അമ്മ പപ്പാ" എന്ന് മാത്രം കാര്യമായി വാ തുറന്നു പറഞ്ഞിരുന്ന അപ്പൂന്റെ വൊക്കാബുലറിയിൽ പീടു ഒരു പുതിയ വാക്ക് ചേർത്ത് കൊടുത്തു. "അമ്മിഞ്ഞ". പാല് കുറവായതു കൊണ്ട്, അപ്പൂന് അമ്മിഞ്ഞ കുറെ നേരം  ചപ്പിക്കൊണ്ടിരിക്കുക ഒരു ശീലമായിരുന്നു. ഇടയ്ക്കിടയ്ക്ക് അവനു കുടിക്കുകയും വേണം.

കോഴിക്കോട് ക്രൗണിൽ അങ്ങനെ ലൈഫ് ഓഫ് പൈ വന്നു. പീടു ടിക്കറ്റ് എടുത്തു, ഞങ്ങളേയും കൂട്ടി കൊണ്ട് പോയി. പീടുവിന്റെ സൗണ്ടിൽ കഥയൊക്കെ കേട്ടത് കൊണ്ട് കാണാൻ ഒരു പാട് ആഗ്രഹം എനിക്കും തോന്നിയിരുന്നു. അപ്പൂനെയും കൊണ്ടുള്ള പോക്കിൽ പക്ഷെ എനിക്കത്ര വിശ്വാസം പോരായിരുന്നു. ഞാൻ അവന്റെ ഫീഡിങ് ബോട്ടിൽ ഒക്കെ നിറച്ചു റെഡി ആക്കി എന്തായാലും പോയി. തീയറ്റർ പതിവ് പോലെ നിറഞ്ഞു കവിഞ്ഞിരുന്നു. ആകെ ബഹളമയം. ലൈറ്റുകൾ ഓഫായി, ബഹളങ്ങൾ നിന്നു. പെട്ടെന്നതാ അപ്പൂന്റെ ഒരു കരച്ചിൽ, അമ്മിഞ്ഞാ... ഞാൻ വേഗം ഫീഡിങ് ബോട്ടിൽ ഒക്കെ എടുത്തു അവന് കൊടുക്കാൻ നോക്കി. വികൃതി ചെക്കൻ വിടണ്ടേ... അമ്മിഞ്ഞാ... ദേണ്ടെ പിന്നേം... അവൻ ആർത്തു വിളിക്കാൻ തുടങ്ങി..

ഞാൻ പീടുവിനോട് റിക്വസ്റ്റ് ചെയ്തു. പ്ളീസ് പോവാം.. അന്ന് പീടു ഒരു സ്നേഹമുള്ള പാർട്ണർ ആയിരുന്നു. ;) വേഗം തന്നെ ഞങ്ങൾ തീയറ്ററിൽ നിന്നിറങ്ങി. സിനിമ കാണാൻ പറ്റാത്തതിൽ വിഷമം തോന്നി. ലൈഫ് ഓഫ് പൈ, പിന്നെ അതിൽ ഇർഫാൻ ഖാൻ അഭിനയിക്കുന്നു. പീടു ഡെസ്‌പറേറ്റ് ആണല്ലോ!  രണ്ടു മൂന്നു ദിവസം കഴിഞ്ഞു, അപ്പൂനെ മാനേജ് ചെയ്യാൻ എന്തൊക്കെയോ ടിപ്സ് ഒക്കെ പീടു കണ്ടു വെച്ചു. എന്താണെന്ന് ഓർക്കുന്നില്ല. എന്തായാലും പീടു തന്ന ധൈര്യത്തിൽ ഞങ്ങൾ രണ്ടാമതൊരിക്കൽ കൂടി ടിക്കറ്റ് എടുത്തു ലൈഫ് ഓഫ് പൈ  കണ്ടു. അപ്പു ഒരു പ്രശ്നവും ഉണ്ടാക്കാതെ സിനിമ കണ്ടു! ചെറിയ വേഷമെങ്കിലും സിനിമ മുഴുവൻ നിറഞ്ഞു നിന്ന വേഷം ചെയ്ത ഇർഫാൻ ഖാൻ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായ പൈ പട്ടേലിലൂടെ പ്രിയ നടന്മാരിലൊരാളായി മാറുകയായിരുന്നു.         

അപാര സ്ക്രീൻ പ്രസെന്സ് ഉള്ള ഇർഫാൻ ഖാൻ ഇനി ഒരിക്കലും പുതിയ വേഷങ്ങളുമായി നമ്മുടെ മുൻപിൽ എത്തില്ല. :( വാർത്ത ഒരു ഷോക്ക് അല്ല. കുറച്ചു മുന്പ് കാൻസർ രോഗത്തെ കുറിച്ച് വായിച്ചിരുന്നു. എങ്കിൽ കൂടി, എല്ലാവരും പറയുന്ന പോലെ, വളരെ പെട്ടെന്ന് നമ്മളെ അദ്ദേഹം വിട്ടു പോയി. ചെയ്തു വെച്ചതിൽ കണ്ടു തീർക്കാൻ ഇനിയും ഒരു പാട് സിനിമകൾ ഉണ്ട്. ലൈഫ് ഇൻ എ മെട്രോയും, ലഞ്ച് ബോക്സും ഒന്നും കണ്ടിട്ടില്ല. ഇനി പക്ഷെ, ഇർഫാൻ ഖാനെ സ്‌ക്രീനിൽ കാണുമ്പോൾ പഴയ പോലെ കാണാൻ കഴിയുമോ എന്നറിയില്ല. ആ വാക്വം ഫീൽ ചെയ്യാതെ ഇനി ആ വലിയ കലാകാരന്റെ സിനിമകൾ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.


-------------------------------------------------------------------------------------------------------------------------------------------------------

(ഈ ബ്ലോഗിന് കൊച്ചു ത്രേസ്യയോട്  ഒരു നന്ദി പറയാനുണ്ട്. ഞാൻ അമ്മയായ ശേഷമാണ് കൊച്ചു അമ്മയാവുന്നത്. കൊച്ചുവിന്റെ ഒരു പോസ്റ്റ് ഉണ്ടായിരുന്നു - "കൊച്ചിന് കുടിക്കാനറിയാത്തതല്ല, അമ്മക്ക് പിടിക്കാനറിയാത്തതാണ് പ്രശ്‌നം" എന്നെഴുതി അവസാനിപ്പിച്ച ഒരു പോസ്റ്റ്. അതെ അവസ്ഥയിലൂടെ വളരെ വിഷമത്തോടെ കടന്നു പോയ ഒരാളായിരുന്നു വെങ്കിൽ കൂടി, കൊച്ചുവിന്റെ ആ പോസ്റ്റ് അപ്പുവിന്റെ ജനന ശേഷം ഒരിക്കൽ പോലും പഴയ പോലെ പൊട്ടിച്ചിരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്നെ ഒരു പാട് ചിരിപ്പിച്ചു. അമ്മയെന്ന നിലയിൽ ഉണ്ടായിരുന്ന ഇൻഹിബിഷൻസും ഒരു പാട് കുറച്ചു തന്ന ഒരു പോസ്റ്റ് ആയിരുന്നു അത്.)
 
   

No comments:

Post a Comment