ഇന്ന് രാവിലെ അപ്രതീക്ഷിതമായി വന്ന ഒരു ഇമെയിൽ ആണ് വര്ഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഈ പോസ്റ്റിന് തുടക്കം.
തൊണ്ണൂറിന്റെ തുടക്കത്തിൽ ആണെന്ന് തോന്നുന്നു അച്ഛൻ പി. ജി. ക്ക് ചേർന്നത്. ഞാനും, അനുജനും, അമ്മയും വയനാട്ടിലെ വീട്ടിൽ. അച്ഛൻ കോഴിക്കോട്. അങ്ങനെ ഒരു വര്ഷം.
എന്റെ മങ്ങിത്തുടങ്ങിയ ഓർമകളിലെ പൂർണമായും മായാതെ കിടക്കുന്ന ചിത്രങ്ങളാണ് താഴെ കുറിച്ചിടുന്നത്.
ആലോചിക്കുമ്പോൾ എന്തൊക്കെ നല്ല കാര്യങ്ങളാണ് അന്നത്തെ സർക്കാരുകൾ ചെയ്തിരുന്നത്, അല്ലെ? പബ്ലിക് ഹെൽത്തിൽ അവർ ഇൻവെസ്റ്റ് ചെയ്തതിന്റെ ഗുണങ്ങൾ കുറെ നേരിട്ട് കണ്ടിട്ടുള്ളതാണ്. സർക്കാർ സർവീസിലെ ഡോക്ടർമാർക്ക് തുടർന്ന് പഠിക്കാൻ സർക്കാർ ചിലവിൽ ഉള്ള അവസരങ്ങൾ. ഉൾനാടുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ. അച്ഛന്റെ കൂടെ ആദിവാസി കോളനികളിൽ ക്യാമ്പിനോക്കെ സർക്കാരിന്റെ വാനിൽ പോയതും, ആരോഗ്യമേള എന്നൊരു പരിപാടി ആ കാലത്ത് അച്ഛന്റെ നേതൃത്വത്തിൽ രണ്ട് വാർഡുകളിൽ നടത്തിയതൊക്കെ ഇന്നും നല്ല ഓർമയുണ്ട്. അടുത്ത് താമസിച്ചിരുന്ന സിസ്റ്ററുടെയും എച്ച്. ഐ യുടെയും മകളും കളിക്കൂട്ടുകാരിയും ആയിരുന്ന സോണിയുടെ കൂടെ കുട്ടിയുടുപ്പിട്ട് ആരോഗ്യ മേളക്ക് ബാനർ പിടിക്കാൻ പോയതും ഒക്കെ നന്നായി ഓർക്കുന്നു. പൊതുജനാരോഗ്യത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണത്തിനോട് അനുബന്ധിച്ചുള്ള പരിപാടിയായിരുന്നിരിക്കണം ആരോഗ്യമേള. ഒരു ഉത്സവം പോലെ ഒരു ഗ്രാമം മുഴുവൻ ആരോഗ്യമേള കൊണ്ടാടിയതൊക്കെ ആലോചിക്കുമ്പോഴാണ് ആളുകൾ പറയുമ്പോലെ പഴയ സർക്കാരുകൾപൊതുജങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് എത്ര വലിയ തെറ്റാണ് എന്ന് ഓർത്തു പോവുന്നത്.
ഈ കോവിഡ് കാലത്ത് വാക്‌സിനേഷൻ എന്ന് കേൾക്കുമ്പോൾ ഓർക്കുന്നത്, മുമ്പേ പറഞ്ഞ സോണിയുടെയും, അവളുടെ സഹോദരൻ ആന്റണിയുടേം വീടാണ്. അത് ഒരു ഹെൽത്ത് സെന്ററും ക്വാർട്ടേഴ്സും കൂടി ചേർന്ന ഒരു കെട്ടിടം ആയിരുന്നിരിക്കണം. അവിടെ മുൻപത്തെ മുറിയിൽ ടി. ബി. യെ കുറിച്ചും, പോളിയോയെ കുറിച്ചും, കോളറയെ കുറിച്ചും ഒക്കെ എഴുതിയ വലിയ പോസ്റ്ററുകൾ കാണാമായിരുന്നു. വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യതയെ കുറിച്ചും, തിളപ്പിച്ചാറിയ വെള്ളം കൊടുക്കേണ്ടതിന്റെ ആവാശ്യതകളെ കുറിച്ചും ഒക്കെ എഴുതി വെച്ചിരുന്ന പോസ്റ്ററുകളും, ഇരുമ്പ് കൊണ്ടുണ്ടാക്കിയ ബോർഡുകളും കാണാമായിരുന്നു. പിന്നെ, ഞങ്ങൾ കളിക്കുന്ന സമയത്തൊക്കെ വാക്സിനേഷൻ എടുക്കാൻ വരുന്ന ആളുകളുടെ തിരക്കും. സൗജന്യമായി കിട്ടുന്ന വാക്‌സിൻ എടുക്കാൻ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. പോളിയോ ബാധിച്ച കുട്ടികൾ അന്നൊരു സ്ഥിരം കാഴ്ചായാണെന്ന് ഇതെഴുതുമ്പോൾ ഓർത്തു പോവുന്നു.
ഇന്ന് രാജ്യത്തെ ഏറ്റവും നല്ല ഫാമിലി ഹെൽത്ത് സെന്റർ എന്ന പദവി നേടിയെടുത്ത വയനാട്ടിലെ ആ ആ ഹെൽത്ത് സെന്ററിൽ ആദ്യമായി ഇൻപേഷ്യന്റ്സിനെ അക്കോമോഡേറ്റ് ചെയ്തത് അച്ഛന്റെ കാലത്താണ്. അവിടെ പത്തു പേരെ കിടത്താനുള്ള ബെഡ് ഉള്ള ഒരു പുതിയ കെട്ടിടം ഒക്കെ അച്ഛന്റെ കാലത്താണ് വന്നത്. അച്ഛൻ ഉപയോഗിച്ചിരുന്ന സർക്കാർ വക ബൈക്കിൽ കയറി ആ കെട്ടിട നിർമാണത്തിന്റെ മേൽനോട്ടങ്ങൾ നടത്താൻ അച്ഛൻ പോയിരുന്നപ്പോൾ കൂടെ പോയിരുന്നതും ഓർക്കുന്നുണ്ട്. രാവിലെ മാത്രം ആശുപത്രിയിൽ പോയിരുന്ന അച്ഛൻ പിന്നീട് വൈകീട്ട് റൗണ്ട്സിന് വേണ്ടിയും പോവുമായിരുന്നു. ഇപ്പോഴും ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ സമയമുള്ളപ്പോൾ ഞാൻ ആ വഴിയൊക്കെ ഒന്ന് പോയിനോക്കും. പലപ്പോഴും തോന്നും, അച്ഛന് പ്രൊമോഷനും ട്രാന്സ്ഫെറും ഒന്നും വേണ്ടായിരുന്നു. എങ്കിൽ ആ നാടിനോട് തന്നെ ഇഴുകി ചേർന്നങ്ങു ജീവിക്കാമായിരുന്നു എന്ന്.
പറഞ്ഞു വന്നത്, മറ്റൊരു കാര്യമാണ്. "അവരെ കുറിച്ചാണ്..."
------------------------------------------------------------------------------------------------------------------------------
അച്ഛൻ പഠിക്കാൻ പോയ കാലത്ത് ആണ് ഡോക്ടർ രാജഗോപാൽ എന്ന പേരും, ഡോക്ടർ സുരേഷ് എന്ന പേരും ആദ്യമായി കേൾക്കുന്നത്. ഇടയ്ക്കു വരുമ്പോൾ ഇവരെ രണ്ടു പേരെ കുറിച്ചും വാ തോരാതെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരാൾ അച്ഛന്റെ അധ്യാപകനും, മറ്റൊരാൾ റൂം മേറ്റും. അധ്യാപകനായ രാജഗോപാൽ ഡോക്ടറുടെ ക്ലാസ്സുകളെ പറ്റിയാണ് കൂടുതൽ കേട്ടിട്ടുള്ളത്. സുരേഷ് ഡോക്ടർ - സിവിൽ സർവീസ് ഉപേക്ഷിച്ച ബുദ്ധി രാക്ഷസനായി ഞങ്ങളുടെ ഇടയിൽ അറിയപ്പെട്ടു. ഇടക്കിടക്കൊക്കെ അച്ഛനെ കാണാൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റലിൽ പോവാറുള്ളപ്പോൾ സുരേഷ് ഡോക്ടറെ കണ്ടിട്ടുണ്ട്. കുട്ടികളായിരുന്ന ഞങ്ങളുടെ കൂടെ ചെസ്സ് ഒക്കെ കളിക്കുമായിരുന്നു. എട്ടു മൂവിൽ തോൽപ്പിച്ചു തരാം എന്ന വെല്ലുവിളിയിൽ ആണ് തുടങ്ങുക. ആദ്യമേ പറഞ്ഞ പോലെ തന്നെ എട്ടു മൂവിൽ ഞങ്ങളെ ചെസ്സിൽ തോൽപ്പിക്കുന്ന ആ ചെറുപ്പക്കാരൻ ബാച്‌ലർ ഡോക്ടറെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർത്തു.
കാലം കടന്നു പോയി. അച്ഛൻ ജനറൽ പ്രാക്റ്റീസ് ഒക്കെ നിർത്തി. ഞങ്ങളും മുതിർന്ന കുട്ടികളായി. ഇടക്കൊക്കെ ഞങ്ങൾ സുരേഷ് ഡോക്ടറെ കുറിച്ചും രാജഗോപാൽ ഡോക്ടറെ കുറിച്ചും ഒക്കെ അച്ഛനോട് ചോദിക്കുമായിരുന്നു. "പാലിയേറ്റിവ് കെയർ" എന്ന വലിയ ഒരു പ്രസ്ഥാനത്തിന്റെ നേതൃ സ്ഥാനത്തു നിന്നുകൊണ്ട് മുൻപോട്ടു പോവുന്നു എന്നു അച്ഛൻ പറഞ്ഞു കേട്ടു. ഏകദേശം 99 - 2000 കാലഘട്ടത്തിൽ ആയിരിക്കണം അത് എന്ന് തോന്നുന്നു. ആദ്യമായി പാലിയേറ്റിവ് കെയർ എന്ന് കേൾക്കുന്നത് അന്നാണ്.
ഇനി പറയാനുള്ളത് മറ്റൊരു കഥയാണ്. "ഇപ്പാപ്പൻ" എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്ന അമ്മയുടെ ശ്രീനിവാസൻ മാമനെ കുറിച്ചാണ്.
എന്റെ പത്താം വയസ്സിൽ പീട്ടുവിനെയും സഹോദരി കുഞ്ഞുള്ളിയെയും ആദ്യമായി കാണുന്നത് ഒരു പക്ഷെ ആനിഹാൾ റോഡിലെ ആ വലിയ വീട്ടിൽ നിന്നായിരിക്കണം.
കുട്ടിക്കാലത്തൊരു വെക്കേഷൻ മുഴുവൻ ഞങ്ങൾ ഇപ്പാപ്പന്റെ പിന്നാലെ നടന്നു, ഇപ്പാപ്പന്റെ കയ്യിലെ ആ വലിയ സ്റ്റാമ്പ് ശേഖരണത്തിൽ നിന്നും ഞങ്ങൾക്ക് കുറച്ചു സ്റ്റാമ്പ് തരാൻ പറഞ്ഞു കൊണ്ട്. ഞങ്ങൾക്ക് ഇപ്പാപ്പൻ തന്നതേ ഇല്ല. ഇപ്പാപ്പന്റെ കളക്ഷൻ കണ്ടിട്ടാണ് ഞങ്ങൾ പുതിയ ഒരു സ്റ്റാമ്പ് ആൽബമൊക്കെ വാങ്ങിക്കുന്നത്.
ഓരോ തവണ പോവുമ്പോഴും ഞങ്ങൾ ഇപ്പാപ്പന്റെ പിന്നാലെ കൂടും. കുട്ടികളെ ഒരു പാട് സ്നേഹമുള്ള ഇപ്പാപ്പൻ എല്ലാ തവണയും തരാം തരാം എന്ന് പറഞ്ഞു ഞങ്ങളെ കൊതിപ്പിക്കും. പക്ഷെ, ഇപ്പാപ്പന്റെ കളക്ഷനിലെ സ്റ്റാമ്പുകൾ ഞങ്ങൾക്ക് കിട്ടിയതേ ഇല്ല. പതിയെ പതിയെ ഞങ്ങൾ അക്കാര്യം മറന്നു തുടങ്ങി.
അങ്ങനെ ഒരു തവണ ഞങ്ങൾ പോയപ്പോൾ തീരെ പ്രതീക്ഷിക്കാതെ, ഇപ്പാപ്പൻ ഞങ്ങൾക്ക് വേണ്ടി, ഇപ്പാപ്പന്റെ കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ്സ് മാറ്റിവച്ചിരുന്നു. കുട്ടികളായ ഞങ്ങളുടെ കൊച്ചു ആഗ്രഹങ്ങൾ ഓർത്തു വെച്ച് കൊണ്ട് ആ കളക്ഷൻ ഞങ്ങൾക്ക് വേണ്ടി തന്ന ഇപ്പാപ്പന്റെ ആ ജെസ്ച്ചർ ഇന്നും ഞങ്ങൾക്കൊരു അത്ഭുമാണ്. അനിയൻ സ്റ്റാമ്പ് ആൽബം ഒക്കെ ഒരു പ്രായത്തിൽ വിറ്റ് കാശാക്കിയെന്ന് തോന്നുന്നു. പിന്നീടെപ്പോഴോ അവൻ വിറ്റു കാശാക്കിയതിന്റെ ബാക്കിയായി എനിക്ക് ഇപ്പാപ്പന്റെ കളക്ഷനിൽ നിന്നുള്ള കുറെ സ്റ്റാമ്പുകൾ കിട്ടി. ഇന്നും അതൊക്കെ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നെ വെറുപ്പിക്കാൻ പീട്ടു പറയാറുണ്ട്, നമുക്കതൊക്കെ ഈ ബേയിൽ വിൽക്കാമെന്ന്!
അത് പറഞ്ഞപ്പോൾ ഒരു കാര്യം ഓര്മ വന്നു. ഇപ്പാപ്പൻ തന്ന കളക്ഷനിൽ ഒരു അപൂർവ സ്റ്റാമ്പ് ഉണ്ടായിരുന്നു. പ്രിൻസ് ചാൾസിന്റെയും പ്രിൻസസ് ഡയാനയുടെയും വിവാഹ ഫോട്ടോ ആയിരുന്നു ആ സ്റ്റാമ്പിൽ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നാസ്‌നീൻ എന്ന സുഹൃത്ത് പത്ത് സ്റ്റാമ്പുകൾക്ക് പകരം തരാമെന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്ന് ആ സ്റ്റാമ്പ് എക്സ്ചേഞ്ച് ചെയ്തു വാങ്ങിച്ചു. അന്നും ഇന്നും, എന്തോ എനിക്കതിൽ ഒരു സങ്കടം ഉണ്ട്. :) (നാസ്‌നീൻ വായിക്കുമോ ആവോ ഇത്.)
പീട്ടുവിന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്നു പേരും ഏകദേശം അടുപ്പിച്ചടുപ്പിച്ചാണ് മരിച്ചത്. മൂന്നു പേർക്കും കാൻസർ ആയിരുന്നു. അതിൽ ഇപ്പാപ്പന് കാൻസർ സ്ഥിരീകരിക്കുമ്പോൾ തൊണ്ണൂറിനടുത്ത് പ്രായമുണ്ടായിരുന്നു എന്നാണ് പറഞ്ഞു കേട്ട ഓർമ. മറ്റു രണ്ടു പേരും കീമോയിലൂടെ ഒക്കെ കടന്ന് പോയത് കൊണ്ട് ഇപ്പാപ്പന്റെ കാര്യത്തിലും അതുണ്ടാവുമെന്നാണ് പീടു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തൊണ്ണൂറിന്റെ വക്കത്തു നിൽക്കുന്ന ഇപ്പാപ്പന് കീമോ താങ്ങാനുള്ള ശേഷിയുണ്ടാവില്ല എന്ന കാരണത്താൽ പാലിയേറ്റിവ് കെയർ ആണ് ഡോക്ടർ നിർദേശിച്ചത്.
പാലിയേറ്റിവ് കെയറിൽ നിന്നുള്ളവർ വീട്ടിൽ വന്നു പ്രോംപ്റ്റ് ആയി ചെയ്തിരുന്ന കാര്യങ്ങളെ കുറിച്ചൊക്കെ പീടു പറഞ്ഞത് കേട്ടപ്പോഴൊക്കെ ഞാൻ അദ്ഭുദത്തോടെ ആ കഥ കേട്ട് നിന്നു. ഇപ്പാപ്പന്റെ മരണം ഒരു പരിധി വരെയെങ്കിലും അനായാസമാക്കി കൊടുക്കാൻ പാലിയേറ്റിവ് കെയറിന്റെ സപ്പോർട്ട് കൊണ്ട് കഴിഞ്ഞു എന്നതാണ് സത്യം.
കുട്ടിക്കാലത്തു കേട്ട കഥകളിലെ രണ്ട് അസാധാരണ ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ സാധാരണക്കാരുടെ ജീവിതങ്ങൾ സ്പർശിക്കുന്നത് നേരിട്ട് കണ്ടു നിന്ന ആ അനുഭവം എനിക്കിതിൽ കൂടുതൽ നന്നായി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. എഴുതിയെഴുതി ഇതെങ്ങനെ അവസാനിപ്പിക്കണമെന്നും അറിയില്ല.
എഴുതി അവസാനിപ്പിക്കുന്നതിന് മുൻപ്, രണ്ടു ഡോക്ടർമാരുടെയും രാഷ്ട്രീയ നിലപാടുകൾ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. (ഇതെന്റെ മനസ്സിലാക്കൽ മാത്രമാണ്). ഒരാൾ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്. മറ്റൊരാൾ ഗാന്ധിയുടെ വഴികളിൽ വിശ്വസിക്കുന്ന ആൾ (ഹിപ്പോക്രറ്റിക് എന്ന വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതാണ് അത്.)
പോസ്റ്റ് അവസാനിപ്പിക്കാൻ ഒരു ശ്രമം നടത്തട്ടെ. തിരിച്ച് ഇപ്പപ്പാനിലേക്കും ആ രണ്ടു ഡോക്ടർമാരിലേക്കും: മനസ്സറിഞ്ഞു ചെയ്യന്ന സേവനങ്ങൾ ശരിക്കും അങ്ങനെയാണെന്ന് തോന്നുന്നു. അവർ പോലും അറിയാതെ അവരുടെ സേവങ്ങൾ ഒരു പാട് ജീവിതങ്ങളെ സ്പർശിക്കുന്നു.

What is connection here with my blog post...?
ReplyDelete