Thursday, 12 August 2021

ആവണിത്തെന്നൽ

ഇന്ന് അത്തം. 

എല്ലാക്കാലത്തേയും പ്രിയപ്പെട്ട ആഘോഷമായിരുന്നു ഓണം.


ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ ഞാൻ പഠിച്ചത് വീട്ടിൽ നിന്നാണ്. 

ഞങ്ങളുടെ വീട്ടിൽ ഉച്ചത്തിൽ പാട്ട് വെക്കുന്ന ഒരു ശീലമുണ്ട്. അച്ഛനും, അമ്മയ്ക്കും!


അപ്പാർട്മെന്റ് പോലെയൊന്നുമല്ലല്ലോ. ആർക്കും ശല്യമാവില്ല നല്ല വോള്യത്തിൽ പാട്ട് വെച്ചാൽ. 


മലയാളം മെലഡിയും, ഫാസ്റ്റ് നമ്പേഴ്സും ഒക്കെയാണ് സ്ഥിരമായി വീട്ടിലെ സ്റ്റീരിയോയിൽ കേൾക്കാറ്. പഴയ ഹിന്ദി പാട്ടുകളും, തമിഴ് പാട്ടുകളും ഇടയ്ക്കിടയ്ക്ക് കേൾക്കുമായിരുന്നു.  


പത്ത് പതിനഞ്ചു വയസ്സായപ്പോഴേക്കും ഞാൻ ഹോസ്റ്റലിലേക്ക് മാറിയിരുന്നു. പക്ഷെ, ആ പ്രായത്തിനുള്ളിൽ തന്നെ പാട്ട് കേൾക്കുക എന്നത് ഒരു ശീലമായി കൂടെ കൂടിയിരുന്നു. 


ഇപ്പോഴും ഒരു സ്പീക്കർ ഉണ്ട് കൂട്ടിന്. എന്ത് മോശം മൂഡിലാണെങ്കിലും, എന്റെ പ്ലേ ലിസ്റ്റുകളിൽ ഒന്ന് ആ സ്പീക്കറിൽ പാടാൻ തുടങ്ങിയാൽ സ്വിച്ചിട്ട പോലെ സന്തോഷിക്കാൻ കഴിയും എനിക്ക് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. 


പറഞ്ഞു വന്നത്, ഓണക്കാലത്ത് ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു പാട്ടിനെ കുറിച്ചാണ്. മനസ്സിലെ ഓണത്തിന് ആ പാട്ടിന് ഒരു വലിയ സ്ഥാനമുണ്ട്. അച്ഛന്റെയും അമ്മയുടെയും വീട്ടിലെ സ്റ്റീരിയോയിൽ കേട്ടിരുന്ന ആ പാട്ടുകളാണ് ഓണത്തെ കുറിച്ചുള്ള എന്റെ ഏറ്റവും മനോഹരമായ ഓര്മകളിൽ ഒന്ന്. വയനാട്ടിലായിരുന്ന കാലത്ത് വിദ്യാചേച്ചിയോടൊപ്പം പൂക്കൾ തപ്പി ആ കല്ലൂര് മുഴുവൻ നടന്നതും, നിറയെ കൊങ്ങിണിയും തുമ്പയുമായി തിരിച്ചു വരുന്നതും, സ്കൂൾ കോളേജ് കാലങ്ങളിലെ ഓണപ്പൂക്കള മതസരങ്ങളും, ഓണപ്പരിപാടികളും, അച്ചാച്ചനുണ്ടായിരുന്ന കാലത്ത് നാട്ടിൽ പോയാൽ നല്ല മട്ടൺ കറി കൂട്ടി ഇലയിൽ സദ്യ, സദ്യയിലെ പുളിയിഞ്ചി.... ഇതൊക്കെ ഓണത്തിനോട് ചേർന്നുള്ള ചെറിയ ചെറിയ നല്ല ഓർമകാളാണെങ്കിലും, വീട്ടിൽ ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ കേട്ടിരുന്ന ചില പാട്ടുകൾ കൂടി ചേർന്നാലേ എന്റെ ഓണം ഓണമാവാറുള്ളൂ എന്ന് എനിക്ക് തോന്നാറുണ്ട്.


ഇന്ന് ഇന്റർനെറ്റിൽ നിന്ന് ആ പാട്ടുകൾ ഓർത്തെടുത്ത് തപ്പിയപ്പോഴാണ്‌ ആ പാട്ടുകളൊക്കെ ആവണിത്തെന്നൽ എന്ന ആൽബത്തിൽ നിന്നാണെന്ന് അറിയുന്നത്. കുട്ടിയായിരുന്ന വിജയ് യേശുദാസും ആ ആൽബത്തിൽ പാടിയിട്ടുണ്ടെന്ന് തോന്നുന്നു.  ശ്രീ യേശുദാസിന്റെ സ്വന്തം തരംഗിണി ഓഡിയോസിന്റെ ആൽബം. യൂസഫലി കേച്ചേരിയാണ് എഴുതിയിരിക്കുന്നത്. 

https://youtu.be/K4ARJpAA758

പൈറസി ആണെന്ന് അറിയാം. എന്നാലും, തൽക്കാലത്തേക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് ഇവിടെ ചേർക്കുന്നു. ഈ കോവിഡ് കാലത്ത് ഒരോണം കൂടി വലിയ ആഘോഷങ്ങളില്ലാതെ കടന്നു പോവുന്നുവെന്ന് ഓർക്കാൻ ചുമ്മാ ഈ ബ്ലോഗ് ഇവിടെ കിടക്കട്ടെ. 







No comments:

Post a Comment