Thursday, 28 April 2016

വെള്ളെപ്പവും സ്വതിയും


ഇഡ്ഡലി, ദോശ, പുട്ട്, ഗോതന്പ് പുട്ട്, നൂൽപ്പുട്ട്  - ഒക്കെ - വാങ്ങിച്ച പൊടിയിലേക്കും മാവിലേക്കും ഒക്കെ ഞാനും മാറ്റിയിട്ട് കാലം കുറെ കഴിഞ്ഞു. പക്ഷെ, എന്തോ വെള്ളെപ്പത്തിനെ ഇത് വരെ വിട്ട് കൊടുത്തിട്ടില്ല.
പക്ഷെ, ഇപ്പോഴും നാലില് ഒരു പ്രാവശ്യമേ വെള്ളെപ്പം എന്റെ പ്രതീക്ഷക്കൊത്ത് നന്നാവാറുള്ളൂ.. നല്ല സ്പോഞ്ച് പോലത്തെ വെള്ള നിറത്തിലുള്ള വെള്ളേപ്പം!

ചിലപ്പോൾ അരി വെള്ളത്തിലിട്ട ദിവസം അരക്കാൻ പറ്റില്ല. പിന്നെ, ഫ്രിഡ്ജിൽ വച്ച്, പിറ്റേ ദിവസം അരയ്ക്കും. ഇനി അന്നും പറ്റിയില്ലെങ്കിൽ അതിനും അടുത്ത ദിവസം. ചിലപ്പോൾ ആ കുതിർത്ത അരി എടുത്ത് കളയേണ്ടി വരും. :( വെള്ളേപ്പം തിന്നാൻ കൊതി തോന്നി അരി വെള്ളത്തിലിടാൻ തോന്നിയ സമയത്തെ പഴിച്ച് കൊണ്ട്).
സ്റ്റ്യൂ, അല്ലെങ്കിൽ സ്വതി അതാണ്‌ സാധാരണ വെള്ളെപ്പത്തിന്റെ കൂടെ വെക്കാറു. വല്ലപ്പോഴും, കടലക്കറിയും. ചിലപ്പോ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് ബാക്കി മാവുണ്ടെങ്കിൽ രാത്രി ചിക്കൻ കറി കൂട്ടി കഴിക്കും. പക്ഷെ, അതും വല്ലപ്പോഴും മാത്രം.  ഒരു ദിവസം പഴകിയ കുതിർന്ന അരി കൊണ്ടുണ്ടാക്കിയ വെള്ളേപ്പം നന്നാവാറില്ല. ഒരു ഉറപ്പുണ്ടാവും. ചില ദിവസം ശരിയായിട്ടങ്ങു മാവ് പുളിക്കില്ല. (രാത്രി ഒന്നോന്നരക്ക് അരച്ച് വെളുപ്പിന് അഞ്ചര ആറിന് മാവ് എടുത്താൽ ഈ ബാംഗ്ലൂരിലെ കാലാവസ്ഥയിൽ എങ്ങനെ പുളിക്കാനാ മാവ്!.) ചില ദിവസം ഒരു ബ്രൌൺ നിറം വരും - മൊരിവ് കൂടിയത് പോലെ. അങ്ങനെയുള്ള ദിവസങ്ങളിൽ ചില ദിവസം നല്ല ടേസ്റ്റ് ഉണ്ടാവും. ചില ദിവസം ഒരു ഉറപ്പുണ്ടാവും.

എന്തായാലും ഇന്ന് നല്ല സ്പോഞ്ച് പോലത്തെ വെള്ള നിറത്തിലുള്ള വെള്ളയപ്പമായിരുന്നു. സ്വതി ആയിരുന്നു കൂടെ. (മാവ് ബാക്കിയുണ്ട്. രാത്രി ചിക്കൻ കറിയുടെ കൂടെ കഴിക്കാം!) അപ്പൂസിനും പപ്പയ്ക്കും സ്വതി ഇഷ്ടമല്ല. (ആര്ക്കൊക്കെ സ്വാതി ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടോ അവർക്കൊന്നും സ്വതി ഇഷ്ടമായിക്കണ്ടിട്ടില്ല!) അവര് രണ്ടാളും, തേങ്ങാപ്പാലും, പഞ്ചസാരയും കൂട്ടി കഴിച്ചു. പപ്പ തേങ്ങാപ്പാലിന്റെ ആളാണ്‌ എന്നത് കൊണ്ട് ഒരു സമാധാനമുണ്ട്. എനിക്ക് സ്വതി കഴിക്കാൻ തോന്നിയാൽ, അതിന് വേണ്ടിയെടുക്കുന്ന തേങ്ങാപ്പാൽ എടുത്ത് മാറ്റി വച്ചാൽ സംഗതി എളുപ്പം.
സ്വതി അമ്മ ഉണ്ടാക്കുന്നതല്ലാതെ, വേറെ എവിടെ നിന്നും ഇത് വരെ കഴിച്ചിട്ടില്ല. എന്തിന് കേട്ടിട്ട് പോലുമില്ല. അങ്ങനെ ഒരു കറി ഉണ്ടെന്ന് ആർക്കും കാര്യമായി അറിയുക തന്നെയില്ല!

നല്ല രുചിയോടെ ഒരു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കണം എന്ന് തോന്നിയാൽ, ഇന്നും എനിക്ക് ഇഷ്ടം എന്റെ വെള്ളയപ്പവും സ്വതിയും കഴിക്കാനാണ്. തേങ്ങാപ്പാലിൽ, ചെറു നാരങ്ങാ പുളിയും, തക്കാളി വെന്തതും, പച്ച മുളകും, കറി വേപ്പിലയും ചേർന്ന സ്വതിയുടെ സ്വാദിന് എന്റെ എല്ലാ frustrations നെയും പെട്ടെന്ന് തന്നെ ഇല്ലാണ്ടാക്കാൻ ഒരു പ്രത്യേക കഴിവാണ്!

ഇന്നിപ്പോൾ അത് കഴിച്ചപ്പോൾ ഒരു കുഞ്ഞ് ബ്ലോഗ്‌ എഴുതാൻ തോന്നി. എന്നാ പിന്നെ, അത് എന്റെ വെള്ളെപ്പത്തിനെയും, സ്വതിയെയും കുറിച്ച് തന്നെ ആവാമെന്ന് വിചാരിച്ചു. :)


3 comments:

  1. ആദ്യമായിട്ടാണ് സ്വതി എന്ന് കേൾക്കുന്നത് തന്നെ. ഫുൾ റസിപ്പി കിട്ടിയാൽ നന്നായിരുന്നു.

    ReplyDelete
    Replies
    1. നിരക്ഷരാ,
      അളവ് ഓർത്തെടുക്കുന്നതാണ് പ്രശ്നം. അടുക്കളയിൽ രുചി നോക്കി നോക്കി ഉണ്ടാക്കുന്നതാണ് ശീലം. അടുത്ത തവണ ഉണ്ടാക്കുന്പോൾ എഴുതി വച്ച് പോസ്റ്റ്‌ ചെയ്യാം.

      Delete
  2. കൊള്ളാം ഒരു ബിരിയാണി
    തിന്നുവാൻ വേണ്ടി പുറപ്പെട്ട പുകിലുകൾ
    പിന്നെ
    വെള്ളേപ്പം നൂലപ്പം, പത്തിരി
    എന്നിവയോടൊപ്പം കഴിക്കുന്ന മ്ടെ
    തനി തൃശ്ശൂർ സ്റ്റൈൽ ചാറാണ് ഈ സ്വതി
    ചേച്ചി .ഇതിൽ ഇത്തിരി ഉള്ളിയും ഇഞ്ചിയുമൊക്കെ ചേർത്ത് ഒരു നുള്ള് മഞ്ഞപ്പൊടിയും ഇട്ട് കാച്ചിയെടുത്ത് മുട്ട പുഴുങ്ങിയതും ചേർത്താൽ ഏതൊരു മുട്ടക്കറിയേക്കാളും കിണ്ണാങ്കാച്ചിയായി ഈ വക പച്ച പലഹാരങ്ങൾ മണുമണംന്നനെ കഴിക്കാവുന്നതാണ് -...

    ReplyDelete