Thursday, 23 November 2017

പൊട്ടിയ കൃഷ്ണൻ

എപ്പോഴാണ് കൃഷ്‌ണനോട് പ്രണയം തോന്നിയത്? ഘടോത്കചന്റെ മരണ ശേഷം ഭീമൻ കേട്ട കൃഷ്ണന്റെ പൊട്ടിച്ചിരിയിലവസാനിച്ച മലയാളം ക്ലാസ്സിലെ പാഠം - അതിൽ ഞാനറിയുന്ന കൃഷ്ണനുണ്ടായിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴികളിൽ അമ്മയുടെയും, അമ്മയുടെ ഭാർഗവി എളേമ്മയുടെയും കൂടെ നടന്നിരുന്ന കൗമാരക്കാരിയുടെ മനസ്സിൽ നിന്നാണോ ആദ്യം കണ്ണനോടുള്ള പ്രണയം തുടങ്ങിയത്? അതോ ഒറ്റപ്പെട്ട യൗവ്വനാരംഭത്തിൽ കണ്ണനെ സ്നേഹിക്കുന്ന നായികയുടെ കഥ പറയുന്ന സിനിമ കണ്ടപ്പോഴാണോ?

ഉഷ പൂജയിലെ വെണ്ണക്കണ്ണൻ, ഗുരുവായൂരപ്പന്റെ കലണ്ടർ, പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത കൃഷ്ണന്റെ രൂപങ്ങൾ - ഓരോ തവണ ഗുരുവായൂര് പോയി വരുന്പോഴും പൂജാ മുറി വീണ്ടും തിങ്ങി നിറയും. ഒന്നിനും താല്പര്യമില്ലാതിരുന്ന അക്കാലത്ത് അനുവിന്റെ കല്യാണത്തിന് പോവാൻ തീരുമാനിച്ചത് തന്നെ ഗുരുവായൂര് പോവാനായിരുന്നു. കിവിയുടെ കൂടെയുള്ള ആ യാത്രയിൽ ഗുരുവായൂര് നടയ്ക്കല് വച്ച് അവളെടുത്തു തന്ന പടമായിരുന്നു അക്കാലത്തെ ഓർക്കുട്ട് പ്രൊഫൈൽ ചിത്രം.


ഇരുട്ട് വീണ റോഡിലൂടെ പേടിയോടെ നടക്കേണ്ടി വന്ന അവസരങ്ങളിൽ  ഈ കന്നഡ നാട്ടിലെ ഓട്ടോ ഡ്രൈവർമാരിൽ നിന്നും ബസ് ജീവനക്കാരിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയിരുന്ന സഹായങ്ങൾ, സഹകരണങ്ങൾ - അങ്ങനെ എല്ലാറ്റിനോടും ചേർത്തു വച്ചു - വിശ്വാസങ്ങൾ - കണ്ണന്റെ അനുഗ്രഹമാണെന്ന്.
പുലർച്ചെ സ്വപ്നത്തിൽ കണ്ട കാർമുകിൽ വർണ്ണനായ കൃഷ്ണനെ കുറിച്ചും, ഒരു വൈകീട്ട് വീട്ടിൽ നിന്ന് കേട്ട ഓടക്കുഴൽനാദത്തെക്കുറിച്ചും ആരോടും പറഞ്ഞില്ല. ഭ്രാന്തിയെന്ന് കേൾക്കാനുള്ള ഭയം.

വിവാഹം ഗുരുവായൂര് നടത്തണമെന്നുള്ള ആഗ്രഹം മൂടി വച്ചു. എന്നിട്ടും അമ്മയുടെ മനസ്സിൽ ആ ആഗ്രഹം വന്നപ്പോൾ അതിശയമാണ് തോന്നിയത്.
ഗുരുവായൂരിലെ പ്രദക്ഷിണ വഴികളിൽ ഏറ്റവും ഇഷ്ടം കുചേലനെയാണ്. ആരുടെ കൂടെ ഗുരുവായൂര് തൊഴാൻ പോയാലും പറഞ്ഞേൽപ്പിക്കും - തിരക്കിലെന്നെ കാണാതായാൽ കുചേലന്റെ തൂണിനു താഴെ  വന്ന് കാത്തു നിന്നാൽ മതിയെന്ന്. ഞാനവിടെ എത്തിക്കോളാമെന്ന്.  

കുട്ടിക്കാലത്ത് ഇഷ്ടമില്ല്ലാതിരുന്നത് വാമനനെയാണ്. മാവേലിയെ ചവിട്ടി താഴ്‌ത്തിയ വാമനനെ എന്തിനാണ് ഗുരുവായൂര് പ്രദക്ഷിണ വഴികളിൽ സ്ഥാപിച്ചതെന്ന ചോദ്യത്തിനുത്തരം കിട്ടിയത് എട്ടാം തരത്തിലെ മലയാളം ക്ലാസ്സിൽ നിന്നാണ്. കർണ്ണനെ കുറിച്ച് പറയുന്പോഴാണ് - ഇങ്ങനെയൊന്നു മനസ്സിലാക്കിയത് - ദൈവങ്ങളുടെ ന്യായാന്യായങ്ങൾ മനുഷ്യരിൽ നിന്ന് വ്യത്യസ്തമാണത്രെ..! എട്ടാം ക്ലാസ്സുകാരിക്ക് അതിലൊരു ശരി കണ്ടെത്താനായിരുന്നില്ല.

"ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം...",
"ഗുരുവായൂരപ്പാ നിൻ മുൻപിൽ ഞാനുരുകുന്നു കർപ്പൂരമായി..."
ഓരോ ഗുരുവായൂർ യാത്രക്ക് ശേഷവും സി. ഡി. കൾ കൊണ്ട് നിറയുന്ന റാക്കുകൾ. പോരാത്തതിന് അതൊക്കെ റിപ് ചെയ്തു ഐപോഡിലും കയറ്റി. സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് പുസ്തകം നോക്കി ചൊല്ലാൻ പഠിച്ച വിഷ്ണു സഹസ്രനാമം ആരോടോ മത്സരിച്ച്‌ മനഃപാഠമാക്കാൻ തീരുമാനിച്ച് സി. ഡിയും ബുക്കുമൊക്കെ വീണ്ടും വാങ്ങിച്ച ദിവസങ്ങളിലൊന്നിൽ തിരിച്ചറിഞ്ഞു - ഭക്തിയിലും എലീറ്റിസം കലർന്നു തുടങ്ങിയിരിക്കുന്നുവെന്ന്!  

ഒരു കാലത്തെ ഗുരുവായൂർ യാത്രകൾ കിവിയുടെ കൂടെയായിരുന്നു. പെൺകുട്ടികൾ ഒറ്റയ്ക്ക് വെറുതെയൊരു യാത്രക്ക് പോവുന്നുവെന്നത് ആർക്കും ദഹിക്കാതിരുന്ന അക്കാലത്ത് ഗുരുവായൂർക്കാണ് പോവുന്നതെന്ന് പറഞ്ഞാൽ പിന്നെ ആരുമൊന്നും ചോദിക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ എനിക്കും കിവിക്കും അവളുടെ ഇരിങ്ങാലക്കുട വീട്ടിൽ താമസിച്ചുള്ള ഗുരുവായൂർ യാത്രകൾ ഏറ്റവും നല്ല ഓര്മകളിലൊന്നായിരിക്കണം.  അവളുടെ വീട്ടിൽ വിശ്രമിച്ച ശേഷം വൈകീട്ട് മൂന്ന് മണിക്ക് ലേഡീസ് ക്യൂവിൽ നിന്നാണ് അവളുടെ കൂടെ പോയാൽ തൊഴാറ്. രാവിലത്തെ തൊഴലിൽ ഇഷ്ടം ജ്ഞാനപ്പാന കേൾക്കാമായിരുന്നു. 

"കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ..." കണ്ണടച്ച്  ഭക്തിയിലാറാടി നിൽക്കുന്ന  നിൽക്കുന്ന നിമിഷങ്ങൾ

"ചണ്ഡ കർമങ്ങൾ ചെയ്തവൻ ചാവുന്പോൾ ചണ്ഡആള കുലത്തിങ്കൽ പിറക്കുന്നു..."  
പൂന്താനത്തിന്റെ വരികൾ.. 
"മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്ന് പാടിയ പൂന്താനത്തിനും തെറ്റ് പറ്റുമോ?" ഓരോ തവണയും ചിന്തിച്ചു

കുന്നംകുളത്തും പരിസരത്തും കുട്ടിക്കാലത്ത് പോയിരുന്ന ഓരോ വീട്ടിലും കണ്ടിരുന്ന നീല നിറമുള്ള കൃഷ്ണന്റെ രൂപം വീട്ടിലുണ്ടാവണമെന്നത് വലിയ ആഗ്രഹമായിരുന്നു. നല്ല വലിപ്പമുള്ള രണ്ടു കൃഷ്ണരൂപങ്ങളാണ് കിവിയുടെ കൂടെ ഗുരുവായൂര് പോയ ഒരു ദിവസം വാങ്ങിച്ചു കൊണ്ട് വന്നത്. അതിലൊന്ന് വീട്ടിൽ വച്ചു. പിന്നെയൊന്ന് കൂടെ കൊണ്ട് വന്നു.

അങ്ങനെയൊരു ദിവസം കൃഷ്ണരൂപം നിലത്തു വീണു പൊട്ടി. ആരോടെങ്കിലും പറയാൻ പേടി. എല്ലാവരും ദോഷങ്ങളെ കുറിച്ച് പറഞ്ഞു ഉള്ളിലൊരു ഭയമുണ്ടാക്കുമെന്ന് തോന്നി. അത് കൊണ്ട് ആരോടും പറഞ്ഞില്ല. സ്നേഹിച്ച കൃഷ്ണൻ ഇല്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളിലൊന്നാണ് അത് സംഭവിച്ചത്. കൈ ഒടിഞ്ഞു കിടക്കുന്ന കൃഷ്ണന്റെ രൂപം വിഷമമുണ്ടാക്കുന്ന ഒന്ന് തന്നെയായിരുന്നു പക്ഷെ.

ഒരു വലിയ കവറിലാക്കി കൃഷ്ണനെ. തല പുറത്തു കാണുന്നുണ്ടായിരുന്നു. ചിരിക്കുന്ന മുഖവും, ഒടിഞ്ഞ കയ്യും..

"പുറത്തു പോകുന്പോൾ ഈ കൃഷ്ണനെ ഒന്ന് വേസ്റ്റ് വയ്‌ക്കുന്നിടത്തു വയ്ക്കണേ.. " ചേട്ടനോട് പറഞ്ഞു.
"നീയെന്താ ഈ പറയുന്നത്? എന്നിട്ട് വേണം നാട്ടുകാര് നമ്മളെ തല്ലാൻ വരാൻ.." ചേട്ടൻ ഞെട്ടിയിരിക്കുകയാണ്.
"എന്റെ ചേട്ടാ... ആരെങ്കിലും ചോദിച്ചാൽ..  നിങ്ങള് കളഞ്ഞതാണെന്ന് പറയണ്ട. കണ്ണനെ പ്രണയിക്കുന്ന ഒരു പാവം ഭക്ത കളഞ്ഞതാണ് എന്ന് പറഞ്ഞാ മതി.."
"നീയീ ലോകത്തിലൊന്നുമല്ലേ ജീവിക്കുന്നത്.. എനിക്കേ.. കുറച്ചു കാലം കൂടി ജീവിച്ചിരിക്കണമെന്നുണ്ട്.."

ദിവസങ്ങൾ കടന്ന് പോയി. തലയും, പൊട്ടിയ കയ്യും പുറത്തു കാണിച്ചു കൊണ്ട് കൃഷ്‍ണൻ കവറിൽ ഇരിപ്പു തുടരുകയാണ്.

കണ്ണന്റെ പ്രണയിനി അസ്വസ്ഥയാണ്..  

ഈ കൃഷ്ണ രൂപം ഇനിയെന്ത് ചെയ്യും.
സൗമിനി ചേച്ചി വീട് തുടച്ചു വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് ഒളിച്ചു വച്ച കൃഷ്ണ രൂപത്തെ കണ്ടപ്പോൾ അത് ചോദിച്ചത്.
"ഇതെന്താ ഇത്.. ഇതിനി വേണോ...?"
"വേണ്ട ചേച്ചീ.. കളയാൻ വച്ചതാണ്.."
"എന്നാ ഞാൻ കൊണ്ട് പോട്ടേ..?"

ചിരിക്കുന്ന കൃഷ്ണൻ ഒരു കവറിൽ പടിയിറങ്ങി പോവുന്നത് ഞാൻ നോക്കി നിന്നു.

അന്ന് രാത്രി കിടക്കാൻ നേരത്തു ചേട്ടൻ പറഞ്ഞു - 

 "കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഒന്ന് സമാധാനമായി ഉറങ്ങാൻ പറ്റുന്നത്"

(ഒരു നാസ്തികയുടെ ഓർമ്മക്കുറിപ്പുകൾ )

1 comment:

  1. ഘടോത്കചന്‍ മരിച്ചപ്പോള്‍ കൃഷ്ണന്‍ ചിരിച്ച എപ്പിസോഡ് ഓര്‍മ്മയില്ല. കൃഷ്ണനോട് ഒരിക്കലും പ്രണയം തോന്നിയിട്ടില്ല, അനേകരില്‍ ഒരാളാകാന്‍ താല്‍പ്പര്യമുണ്ടായിരുന്നതേയില്ല:)) പക്ഷേ കൃഷ്ണനെ എനിക്കു വലിയ ഇഷ്ടമായിരുന്നു. ഹേ കൃഷ്ണാ നിനക്കും എനിക്കും തമ്മിലെന്ത് എന്ന് ഞാനൊരു തുടരന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു താനും. -കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഒന്ന് സമാധാനമായി ഉറങ്ങാൻ പറ്റുന്നത്- മനസ്സ് വിശ്വാസങ്ങളില്‍ കുടുങ്ങിപ്പോയാല്‍ അതു തന്നെ മതി നമ്മുടെ സ്വൈര്യം കെടുത്താന്‍ അല്ലേ.

    ReplyDelete