അപ്പു ജനിച്ചതിന് ശേഷം, എന്റെ ഓർമയിലെ ഏറ്റവും മനോഹരമായ ഒരു വിഷുക്കാലം കഴിഞ്ഞ വർഷത്തേതായിരിക്കണം. കോവിഡ് പ്രമാണിച്ച് അതിന് മുൻപത്തെ രണ്ട് വിഷു കാര്യമായ പ്രത്യേകതകളൊന്നുമില്ലാതെ കടന്ന് പോയിരുന്നു. ഇത്തവണ കണി വെക്കണം സദ്യ ഉണ്ടാക്കണം എന്നൊക്കെ ഉറപ്പിച്ചതായിരുന്നു. വിഷുവിന് രണ്ടാഴ്ച മുൻപാണ് യെശോദമ്മയ്ക്ക് വയ്യാതായത്. തലേന്ന് വരെ യെശോദമ്മയെ കാത്തു. അവര് വന്നില്ല. അങ്ങനെ ഇത്തവണത്തെ വിഷുവും വീട്ടിലെ സദ്യയില്ലാതെ കടന്ന് പോയി. ബാംഗ്ലൂർ ആയത് കൊണ്ട് പടക്കവും, പൂത്തിരിയുമൊന്നും വിഷുവിനുണ്ടാവാറില്ല.
നമ്മുടെ സ്വന്തം സുരേഷ് പിള്ളയുടെ റെസ്ട്രോന്റിൽ നിന്നും കഴിച്ച ഉച്ച ഭക്ഷണത്തോടെയായിരുന്നു ഇത്തവണത്തെ വിഷു അവധിക്കാലത്തിന്റെ തുടക്കം. ടെക് ഗ്രൂപ്പുകൾ അല്ലാത്ത വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് ഒരു പാട് കാലമായി. ഇന്ത്യയിലെ ഇന്നത്തെ പൊളിറ്റിക്കൽ അറ്റ്മോസ്ഫിയറിൽ ഹേയ്ട്രെഡ് അതിന്റെ ഉച്ചസ്ഥായിലെത്തി നിൽക്കുമ്പോൾ ബാക്കിയുള്ള സൗഹൃദങ്ങൾ കൂടി ഇല്ലാതാവണ്ട എന്ന് കരുതിത്തന്നെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് മാറി നിൽക്കുന്നത്. ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് ഇല്ലായിരുന്നു എന്ന് പറയാതിരിക്കാൻ പറ്റില്ല. പക്ഷെ കുറച്ച് കാലങ്ങൾക്ക് ശേഷം അതില്ലാതായി എന്ന് ഇപ്പൊ നിസ്സംശയം പറയാം.
ഗ്രൂപ്പുകളിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒന്നും കാണാത്തത് കൊണ്ടാവണം ഓഫിസിലെ ഈസ്റ്റർ അവധിക്കാലത്ത് രണ്ട് മൂന്ന് ലീവുകൾ കൂടി ചേർത്തെടുത്ത് കിട്ടിയ ലോങ്ങ് വീക്കെന്റിൽ പ്രിയപ്പെട്ടവരെ കാണാൻ തീരുമാനിച്ചു. കാണാൻ തീരുമാനിച്ചവരുടെ ഒരു വലിയ ലിസ്റ്റ് ഉണ്ടാക്കി റൂട്ട് തീരുമാനിച്ചു. ഓരോ സ്ഥലത്തും താമസിക്കാനുള്ള റൂമുകളൊക്കെ മുൻകൂട്ടി ബുക്ക് ചെയ്തു. അപ്പു ജനിച്ച ശേഷം വലിയ യാത്രകൾ അധികമൊന്നും ഉണ്ടായിട്ടില്ല. ഇത്തവണ അവനെ ആദ്യമേ പറഞ്ഞു റെഡിയാക്കി വെച്ചു. വലിയ കുട്ടിയായത് കൊണ്ട് അവനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഇപ്പൊ കുറച്ചു കൂടി എളുപ്പമാണ്. കുറച്ച് നെഗോസിയേഷനൊക്കെ ഉണ്ടാവുമെങ്കിലും നമ്മുടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുമെന്നത് ഒരു വലിയ മനസ്സമാധാനമാണ്.
ആദ്യ ഡെസ്റ്റിനേഷൻ പാലക്കാട് ആയിരുന്നെങ്കിലും എഴുതാനുള്ള മൂഡ് വന്നപ്പോൾ എഴുതാൻ തോന്നിയത് കുതിരാൻ പാസിനെ കുറിച്ചാണ്. ഗ്രാജ്വേഷൻ ചെയ്തത് സിവിൽ എഞ്ചിനീയറിംഗിൽ ആണ്. പോസ്റ്റ് ഗ്രാജ്വേഷൻ സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്ങിലും. അത് കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ സിക്സ് ലെയിൻ ടണൽ ആയ കുതിരാൻ കടന്ന് പോയപ്പോൾ സമ്മിശ്ര വികാരങ്ങളായിരുന്നു. കുതിരാൻ കടന്ന് പോവും ഈ യാത്രയിൽ എന്ന് സത്യം പറഞ്ഞാൽ അറിഞ്ഞിരുന്നില്ല. ഗൂഗിൾ മാപ്‌സ് നോക്കി യാത്ര പോവുമ്പോൾ റൂട്ടിനെ കുറിച്ചൊന്നും നമ്മൾ അധികം ആലോചിക്കാറില്ലല്ലോ, അതും യാത്ര കേരളത്തിലേക്കാവുമ്പോൾ. സ്ഥിരമായി കടന്ന് പോവുന്ന വയനാട് ചുരത്തിന്റെ എൻട്രൻസ് പോലെ ഒരു എൻട്രൻസ് പെട്ടെന്ന് ഹൈവേയിൽ കണ്ടപ്പോൾ ഇത് കുതിരാൻ പാസ് ആയിരിക്കണമെന്ന് തോന്നുകയായിരുന്നു. പാസ് കടന്ന് കഴിഞ്ഞാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് അത് കുതിരാൻ ടണൽ തന്നെയായിരുന്നു എന്ന് ഉറപ്പിച്ചത്.
സാധാരണക്കാരന്റെ ഭാഷയിൽ മാത്രമേ ഒരു സിവിൽ എഞ്ചിനീയർ ആണെങ്കിൽ കൂടി എനിക്കതിനെ വിശദീകരിക്കാൻ അറിയൂ. മല തുരന്ന് അതിലൂടെ ഒരു റോഡ്. അതും ഒരു കിലോമീറ്ററോളം നീളത്തിൽ. അതിന്റെ കൂര അതിശയത്തോടെ ശ്രദ്ധിച്ചു. എങ്ങനെ ആയിരിക്കും അതിനെ റീഇൻഫോഴ്‌സ് ചെയ്തിട്ടുണ്ടാവുക. ഇത്രയും നീളത്തിൽ ഒരു ടണൽ അതിന്റെ സ്ട്രക്ചറൽ സ്ട്രെങ്ത്ത് എങ്ങനെയായിരിക്കും ഉറപ്പ് വരുത്തിയിട്ടുണ്ടാവുക. അത്തരമൊരു പ്രോജക്ടിന്റെ ഒക്കെ ഭാഗമാവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹം തോന്നിപ്പോയി.
ബി. ടെക്കിന് ചേർന്നപ്പോൾ സിവിൽ എഞ്ചിനീയറിംഗ് ആണ് ഏറ്റവും സ്കോപ്പ് കുറഞ്ഞ ബ്രാഞ്ച് എന്ന് ചുറ്റുമുള്ളവരൊക്കെ പറഞ്ഞു. പക്ഷെ ഇലക്ട്രിക്കൽ കിട്ടാനുള്ള റാങ്ക് ഉണ്ടായിരുന്നിട്ടും പന്ത്രണ്ടാം ക്‌ളാസ്സിലെ ഫിസിക്സ് പഠിച്ചപ്പോൾ കറന്റ് ഇലെക്ട്രിസിറ്റി എന്ന ചാപ്റ്ററിനോടു തോന്നിയ ഇഷ്ടക്കുറവ് കാരണം തീരുമാനിച്ചു ഇലെക്ട്രിക്കൽ വേണ്ട എന്ന്. ഒരു സിവിൽ എഞ്ചിനീയർ എന്ത് ജോലി ചെയ്യുമെന്ന് പോലും വലിയ ധാരണയില്ലായിരുന്നു അന്ന്. ആദ്യമായി സിവിൽ എഞ്ചിനീയറിംഗ് ഡ്രോയിങ് ക്ലാസ്സിൽ ഒരു പ്ലാൻ വരച്ചപ്പോളായിരിക്കണം ഒരു സിവിൽ എഞ്ചിനീയർ വീടുണ്ടാക്കുന്ന എഞ്ചിനീയർ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവുക. പഴയ മലയാളം സിനിമകളൊക്കെ സ്ഥിരമായി കാണുന്നത് കൊണ്ടാവണം പി. ഡബ്ള്യൂ. ഡി എഞ്ചിനീയർമാരൊക്കെ കൈക്കൂലിക്കാരാണെന്നും, പി. ഡബ്ള്യൂ. ഡി ഒരു കറപ്റ്റ് ഡിപ്പാർട്മെന്റ് ആണെന്നുമൊക്കെ മനസ്സിൽ കയറിപ്പറ്റിയത്. ഗവണ്മെന്റ് എഞ്ചിനീയർ ജോലി എനിക്ക് ശരിയാവുമെന്നു തോന്നുന്നില്ല എന്ന് മനസ്സിൽ കുറിച്ചത് ഫൈനൽ ഇയർ എഞ്ചിനീറിങ്ങിന് എത്തുന്നതിന് മുൻപ് തന്നെയായിരുന്നു. എല്ലാവരും പി. എസ്. സി എഴുതിയപ്പോൾ ഞാൻ ആദർശം പറഞ്ഞ് പി. എസ്. സി എഴുതിയില്ല. ജീവിതത്തിൽ ഫിനാൻഷ്യലി ഞെരുങ്ങി പോയ കാലത്ത് ഏറ്റവും റിഗ്രെറ്റ് ചെയ്തിരുന്നതും അതെ കുറിച്ചാലോചിച്ചായിരുന്നു. അല്ല കോളേജ് കാല സുഹൃത്ത് യമുന ഒരിക്കെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞതാണ് ശരി. എഴുതിയാലും പി. എസ്. സി ക്ലിയർ ആവണമെന്നോ, പി. ഡബ്ള്യൂ. ഡി. യിൽ കിട്ടണമെന്നോ ഇല്ല.
എന്തായാലും, കുതിരാൻ പാസിലൂടെ ഉള്ള യാത്ര ഒരു തിരിഞ്ഞു നോട്ടത്തിന്റെ യാത്രയായിരുന്നു. എഞ്ചിനീറിങ് പഠനത്തിന് വേണ്ടി നീക്കി വെച്ച ആറ് വർഷങ്ങളിൽ പക്വതയില്ലാത്ത മനസ്സെടുത്ത തീരുമാനങ്ങളെ കുറിച്ച് വീണ്ടും ഓർക്കാനിടവരുത്തി കുതിരാനിലൂടെയുള്ള യാത്ര.
വിഷയം അവധിക്കാലമായതിനാൽ തൽക്കാലം സിവിൽ എഞ്ചിനീയറിംഗ് കാലത്തെ ഓർമ്മകകളും, കൺഫ്യൂഷനുകളും ഇവിടെ നിർത്താം. കുതിരാനിലൂടെയുള്ള യാത്രയുടെ ഒരു വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു. കൃത്യ സമയത്ത് കാമറ ഓൺ ആക്കി ഈ നിമിഷങ്ങൾ ഡിജിറ്റൽ ആയി കാപ്ച്വർ ചെയ്ത് തന്ന പ്രമിത്തിനോട് ഒരു പാട് സ്നേഹം

No comments:
Post a Comment