സുഹൃദ് വലയത്തിലും ബന്ധുവലയത്തിലും ഈ ഓണത്തിന് ഒരു പാട് പേര് പല ബുദ്ധിമുട്ടിലൂടെയും കടന്നു പോവുന്നുണ്ട്. കൂടാതെ പ്രമിത്തിന്റെ മാമൻ മരിച്ചിട്ട് ഒരു വർഷമായതുമില്ല. അതിനിടയിലാണ് രണ്ട് വർഷത്തിന് ശേഷമുള്ള എന്റെ ഓണാഘോഷം.
അടുക്കളയിൽ പുളിച്ചു പൊങ്ങിപ്പോയ വെള്ളേപ്പത്തിന്റെ മാവ് കണി കണ്ട് കൊണ്ടായിരുന്നു എന്റെ തിരുവോണനാളിന്റെ തുടക്കം.
ഉത്തരവാദിത്തത്തിന് നടുവിൽ ഫോട്ടോകളൊന്നും കാര്യമായി എടുക്കാൻ കഴിഞ്ഞില്ല. പക്ഷെ, പ്രമിത്തിന്റെ ആന്റി പകർത്തിയ വിഡിയോയിൽ എല്ലാ ഓർമകളും ഒരു പാട് കാലത്തേക്ക് വേണ്ടി ക്യാപ്ച്വർ ചെയ്തു വച്ചിട്ടുണ്ട്.
വീഡിയോയിലെ അപ്പൂന്റെ അസാന്നിധ്യം ആദ്യം ശ്രദ്ധിച്ചത് ലക്ഷ്മിയാണ്. ശരിയാണ്. അപ്പു വന്നില്ല ഉച്ചയ്ക്കുണ്ണാൻ. ചെറിയ പനി കാരണം ഒരു മൂഡില്ലാത്തത് കൊണ്ട്, അപ്പു വീട്ടിൽ തന്നെ ഇരിക്കാമെന്ന് പറഞ്ഞു. അവന് വേണ്ടി വാങ്ങി വച്ച മുണ്ടും ഷർട്ടും പെട്ടിയിൽ തന്നെയിരിക്കുന്നുണ്ട്. ഒരു കൊച്ചു മലയാളി ചെക്കനായി ഇലയിൽ ഉണ്ണുന്ന അവന്റെ ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം ഇത്തവണയും നടന്നില്ല.
എന്തായാലും, ഇത്തവണത്തെ ഓണം വീട്ടിൽ പാചകം ചെയ്ത ഭക്ഷണം ഇലയിൽ തന്നെ ഉണ്ണണം എന്നായിരുന്നു ആഗ്രഹം. അത് കൊണ്ട് തന്നെ, ബിരിയാണിയുടെ കൂടെ ഡേറ്റ്‌സ് അച്ചാറും, പുദീനാ ചമ്മന്തിയും, സാലഡും ഉണ്ടാക്കി - ഇലയിൽ വെയ്ക്കാൻ. പഴവും, ശർക്കര വരട്ടിയും കായ ഉപ്പേരിയും വാങ്ങി. പ്രമിത്തിന്റെ കസിന്റെ വൈഫ് ഉണ്ടാക്കിയ അടപ്രഥമനും, ചെമ്മീൻ റോസ്റ്റും പിന്നെ അവസാന നിമിഷം പപ്പടവും ഫ്രൈ ചെയ്ത് ഞങ്ങൾ ഓണ സദ്യ ഫീൽ ഉണ്ടാക്കിയെടുത്തു.
പക്ഷെ, അമ്പതിനും അറുപതിനും മുകളിൽ പ്രായമുള്ള മൂന്ന് സ്ത്രീകൾക്കുൾപ്പെടെ ഭക്ഷണം കൊടുക്കാൻ നാല് മണി കഴിഞ്ഞു. ഞങ്ങളുടെ ഓണസദ്യ അങ്ങനെ പകുതി പാളിപ്പോയി എന്ന് പറയുന്നതാവും ശരി.
പൂക്കളം - ഇത്തവണ പൂവിന്റെ കാര്യം പറഞ്ഞു വഴക്ക് കൂടേണ്ട എന്ന് കരുതി പൂവ് മേടിക്കാൻ ഞാനും കൂടി പോയി. ഇക്കണോമിക്കലി എങ്ങനെ ഓണത്തിന് ഷോപ് ചെയ്യാമെന്ന് പ്രമിത്തിന് പിന്നീട് പഠിപ്പിച്ചു കൊടുക്കാം എന്നൊക്കെ മനസ്സിൽ കരുതിയാണ് ഷോപ് ചെയ്തത്. പക്ഷെ, എന്ത് സംഭവിച്ചു? ഇടാൻ വിചാരിച്ച ഡിസൈനിന് വേണ്ട പൂവ് തികഞ്ഞില്ല! അവസാനം ഒരു തട്ടിക്കൂട്ട് പൂക്കളം ഒപ്പിച്ചു. അടുത്ത തവണ പൂവ് വാങ്ങിക്കാൻ പ്രമിത്തിനെ തന്നെ ഒറ്റക്കയക്കാൻ തീരുമാനിച്ചു,
അല്ല, പൂക്കൾ മാത്രമല്ല, അടുക്കളയിലേക്ക് വേണ്ട സാധനങ്ങളും പ്രമിത്താണ് വാങ്ങിക്കുന്നതെങ്കിൽ അടുക്കളയിൽ എല്ലാം സമൃദ്ധിയായുണ്ടാവും സാധാരണ. എന്റെ "ഇക്കണോമിക് ഷോപ്പിംഗ്" കാരണം, പലതും വീണ്ടും ബ്ലിങ്കിറ്റിൽ നിന്ന് വാങ്ങിക്കേണ്ടി വന്നു. പെന്നി വൈസ് പൗണ്ട് ഫൂളിഷ് - ചീത്തപ്പേരിൽ നിന്ന് എനിക്ക് ഒരു മുക്തി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ബ്ലിങ്കിറ്റിനു നന്ദി, കുടുംബ കലഹം ഇല്ലായിരുന്നു ഈ ഓണത്തിന്.
അങ്ങനെ നാല് മണിക്കുള്ള സമയം തെറ്റിയുള്ള ഓണസദ്യയും, പത്തു പന്ത്രണ്ട് വർഷത്തിന് ശേഷം സാരി ഉടുക്കാനുള്ള എന്റെ നടക്കാതെ പോയ ആഗ്രഹവും, അപ്പൂനെ മുണ്ടുടുപ്പിച്ച് സദ്യ കഴിപ്പിക്കാനുള്ള എന്റെ നടക്കാത്ത മറ്റൊരാഗ്രഹവും ഒക്കെ കൂടി പാളിച്ചകൾ നിറഞ്ഞ ഒരോണമായിരുന്നെങ്കിലും, എല്ലാവരും കൂടി ചേർന്നാഘോഷിച്ച ഈ കൊച്ചു ഓണം നല്ലൊരു ഓണമായിരുന്നു.
അതിന് വലിയൊരു പങ്ക് ഞങ്ങളുടെ മനു അങ്കിൾക്കും ഉള്ളതാണ്. നാട്ടിൽ അച്ഛനെയും അമ്മയെയും അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി നല്ലൊരു ഓണസദ്യ കൊടുത്തു അവരെ ഒറ്റക്കാവാതെ നോക്കിയതിന്, രണ്ടു ദിവസം അവിടെ അവരെ കൊണ്ട് പോയി ഭക്ഷണം കൊടുത്തതിന്.






No comments:
Post a Comment