എനിക്കൊരു കഥ പറയാനുണ്ട്. അല്ല അനുഭവം പറയാനുണ്ട്. സോഷ്യൽ മീഡിയ ഇത്രയും സജീവമായ ഇക്കാലത്ത് ഒരു വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാൽ അത് സൈബർ ബുള്ളിയിങ് ആയിപ്പോവുമോ എന്ന ഒരു ഭയമുണ്ട്. അത് കൊണ്ട് പേരെടുത്ത് പറയാതെ എഴുതാം. എഴുതാനുദ്ദേശിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചും രീതികളെ കുറിച്ചുമൊക്കെയാണ്. നേരിട്ട് അത്തരം ഒരു വിഷയത്തിലേക്ക് കടക്കുന്നതിന് പകരം വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിലെ കുറച്ച് ഓർക്കുറിപ്പുകളിൽ തുടങ്ങാം എന്ന് കരുതി.
എനിക്കൊരിക്കലും ഒരു അധ്യാപികയിൽ നിന്നുണ്ടായ അനുഭവമാണ് ആദ്യ അദ്ധ്യായത്തിൽ.
ഞാനൊരു പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറിയ കാലം. അത് വരെ പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ പാഠ്യപദ്ധതിയിൽ നിന്നും വ്യത്യസ്തമായിരുന്നു പുതിയ സ്ഥാപനത്തിലെ പാഠ്യപദ്ധതി. അത് കൊണ്ട് തന്നെ പുതിയ സ്ഥാപനത്തിലെ ആദ്യ ഒന്ന് രണ്ട് അധ്യയന വർഷങ്ങളിൽ പഠിക്കാൻ ഞാൻ ഒരു പാട് കഷ്ടപ്പെട്ടു. മൂന്ന് നാല് വിഷയങ്ങളിൽ ഞാൻ തോറ്റു.
അത് വരെ ഒരു ഗ്രാമീണ മേഖലയിൽ പഠിച്ചിരുന്ന എന്റെ സോഫിസ്റ്റിക്കേഷനും എറ്റിക്ക്വെറ്റുകളും ഒന്ന് നഗരത്തിൽ വളർന്നവരോട് താരതമ്യം ചെയ്യാൻ കഴിയുമായിരുന്നില്ല. അത് വരെ പഠിച്ച സ്ഥാപനത്തിൽ ടീച്ചർമാർ ബോർഡിൽ നോട്സ് എഴുതി തരികയും ഞങ്ങൾ കുട്ടികൾ അത് നോട്ട് പുസ്തകത്തിലേക്ക് പകർത്തിയെഴുതുകയുമായിരുന്നു പതിവ്. അതിൽ നിന്ന് വ്യത്യസ്തമായി പുതിയ സ്കൂളിൽ ടീച്ചർമാർ നോട്സ് "ഡിക്റ്റേയ്റ്റ്" ചെയ്യുകയും കുട്ടികൾ കേട്ടെഴുത്തുകയും ചെയ്യുന്നതായിരുന്നു രീതി.
അങ്ങനെ ഒരു ക്ളാസിൽ ടീച്ചർ നോട്സ് ഡിക്റ്റേയ്റ്റ് ചെയ്യുമ്പോൾ "ഗോർജസ്" എന്നൊരു വാക്ക് ഉപയോഗിച്ചു. ഞാൻ ആ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. എനിക്കതിന്റെ സ്പെല്ലിങ് അറിയില്ലായിരുന്നു. ഞാൻ ഒരു എക്സ്ട്രോവേർട്/ബഹിർമുഖ ആയിരുന്നു അന്നൊക്കെ - "സ്പെല്ലിങ്?" എന്ന് ഞാൻ ടീച്ചറോട് ചോദിച്ചു. ഞാൻ ചോദിച്ച രീതിയാണോ അതോ ഒറ്റ വാക്കിൽ ചോദിച്ചത് കൊണ്ട് എന്റെ ചോദ്യം ഒരു മര്യാദയില്ലായ്മയായി തോന്നിയതാണോ എന്നൊന്നും എനിക്കറിയില്ല, ടീച്ചർക്ക് അതിഷ്ടപ്പെട്ടില്ല. ടീച്ചർ എല്ലാവരുടെയും മുൻപിൽ വെച്ച് പറഞ്ഞു - "അതൊക്കെ കഴിഞ്ഞ വർഷം പഠിച്ചതാണ്. അതൊക്കെ ഇപ്പോൾ അറിഞ്ഞിരിക്കണം" എന്ന്. സ്പെല്ലിങ് പറഞ്ഞു തരാതെ അവർ നോട്സ് വായിക്കുന്നത് തുടർന്നു. വല്ലാതെ ഉൾവലിഞ്ഞു പോയൊരു നിമിഷമായിരുന്നു അത് എന്ന് എനിക്കിപ്പോൾ ഓർത്തെടുക്കാനും അന്നത്തെ അനുഭവത്തിനെ വിശദീകരിക്കാനും കഴിയുന്നുണ്ട്. അന്ന് എന്റെ ഉള്ളിലെ ആ കൊച്ച് പെൺകുട്ടി അനുഭവിച്ചതെന്താണ് എന്ന് അവൾക്ക് പോലും മനസ്സിലാവാത്ത ഒരു കാലമായിരുന്നു അത്. താനെന്തോ തെറ്റ് ചെയ്തോ എന്ന് എന്റെ ഉള്ളിലെ പെൺകുട്ടി ചെറുതായിയെങ്കിലും സംശയിച്ചത് ഇന്ന് ഓർക്കാൻ പറ്റുന്നുണ്ട്. അതിനേക്കാൾ കൂടുതൽ ഓർക്കുന്നത് - അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരു അധ്യാപികയോട് മറുത്തൊന്നും പറയാനാവാതെ നിസ്സഹായ ആയി ഇരുന്ന എന്നെയാണ്.
ഈ ടീച്ചർ ആയിരുന്നു പല പാഠ്യേതര പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നത്. ഒരിക്കൽ ടീച്ചർ ക്ളാസിൽ വന്ന് ചോദിച്ചു - ഡാൻസിന് പങ്കെടുക്കാൻ താല്പര്യമുള്ളവർ ആരൊക്കെയാണെന്ന്. പഠിത്തം വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്ന ഒരു കാലമായിരുന്നത് കൊണ്ടാവണം - ഡാൻസിനോടൊന്നും വലിയ കമ്പമില്ലെങ്കിലും ഞാനും എഴുന്നേറ്റ് നിന്നു. എല്ലാവരുടെയും മുൻപിൽ വെച്ച് ടീച്ചർ പിന്നെയും പറഞ്ഞു - നീ വേണ്ട, പഠിക്കാൻ മോശമായ കുട്ടികൾ പങ്കെടുക്കേണ്ട എന്ന്. എനിക്ക് തോന്നുന്നു - പിന്നീട് ആ സ്ഥാപനത്തിൽ പഠിച്ച 5 വർഷവും ഒരു പാട് പേടിയോടെയാണ് ഞാൻ പഠിച്ചത്. എപ്പോഴാണ് അപമാനിക്കപ്പെടുക എന്ന പേടിയോടെ. അതിന് ശേഷം വർഷങ്ങൾ പിന്നിട്ട്, ഇന്നും - എത്ര ആത്മവിശ്വാസം ഉണ്ടെങ്കിലും പല സന്ദർഭങ്ങളിലും ഇത് പോലെ ആരെങ്കിലും അപമാനിച്ച് കളയുമോ എന്ന ഒരു പേടി എനിക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്.
കഥയുടെ പാരമ്യം
വർഷങ്ങൾക്ക് ശേഷം കോവിഡ് കാലത്ത് വാട്ട്സാപ്പ് ഗ്രൂപ്പുകൾ വീണ്ടും സജീവമായ കാലം - ആരോ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചിരുന്ന ടീച്ചറുടെ മകനെ കുറിച്ച് പറഞ്ഞു. നൂറ് ശതമാനം വിജയം ഉറപ്പിക്കാൻ ചെറിയ ക്ളാസ്സുകൾ തൊട്ടേ കുട്ടികളെ തോൽപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എന്ന ഓർമ വേണം - ആദ്യമായി ഒരു കുട്ടി ഈ സ്ഥാപനത്തിൽ നിന്ന് ഒരു കുട്ടി പബ്ലിക് പരീക്ഷയിൽ തോറ്റുവെന്നും ഈ ടീച്ചറുടെ മകനായിരുന്നു ആ കുട്ടിയെന്നും എന്ന വാർത്ത ഞാനറിഞ്ഞു.
കഥ പറയാനുള്ള ആവേശത്തിലാണ് ഇത്തിരി ഉപ്പും പുളിയുമുള്ള ഉള്ള ഒരു കഥ ആയിട്ട് പറഞ്ഞത് - കുട്ടികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തെ കുറിച്ച് ഒരല്പം ചർച്ച ചെയ്യാനാണ് ഈ കഥ ഇന്നിവിടെ പറഞ്ഞത്. കൂടുതൽ കഥകളുമായി ഞാൻ വീണ്ടും വരാൻ സാധ്യതയുണ്ട്. അത് വരെ, തൽക്കാലം വിട.
എൻ ബി:
1. എന്നെ പരിചയമുള്ള ആരും ഈ ടീച്ചറുടെ പേര് തിരക്കി വരരുതെന്നപേക്ഷ. പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് തീരുമാനിച്ച് കഴിഞ്ഞതാണ്. പലർക്കും ഈ കഥ അറിയാം. അറിയാവുന്നവർ - പേര് വെളിപ്പെടുത്താതിരിക്കാൻ അപേക്ഷ
2. ഈ വിഷയത്തിൽ ഇനിയും കുറിപ്പുകൾ വന്നേക്കാം - എല്ലാത്തിലും അധ്യാപകരെ മോശമായി ചിത്രീകരിക്കുന്നതാവണമെന്നില്ല.

ഇത് എല്ലാവർക്കും അറിയുന്ന ടീച്ചർ ആണ് പേരും അറിയാം…
ReplyDeleteമാനനത്തവാടിയിൽ അത് “രമ “ ടീച്ചർ.. നിങ്ങളുടെ അവിടെ എന്താ ഈ സാധനത്തിനെ വിളിക്കുന്നത് എന്നറിയില്ല..