Monday, 21 April 2025

ഈസ്റ്റർ ദിനത്തിൽ ഒരു ചെറിയ യാത്ര

എഴുതാനിരിക്കുമ്പോ പഠിക്കാൻ തോന്നും. പഠിക്കാനിരിക്കുമ്പോ എഴുതാൻ തോന്നും. ഫേയ്സ്ബുക്ക് തുറക്കുന്നത് തന്നെ വല്ലപ്പോഴുമായി. ഇന്നിപ്പോ ഇതെഴുതാൻ വേണ്ടി തുറന്നു. എഴുതി തീരുമോ എന്ന് കണ്ട് തന്നെ അറിയാം. എഴുതുന്നത് യാത്രാ വിവരണമോ രാഷ്ട്രീയമോ ഒക്കെ ആവാം. പക്ഷെ, രണ്ടും വലിയ അറിവും കൈത്തഴക്കവുമൊമൊന്നുമുള്ള മേഖലകളല്ല. എന്നാലും ഒന്ന് ശ്രമിക്കട്ടെ. 

കഴിഞ്ഞ വിഷുവും ഈസ്റ്ററും ജർമനിയിലായിരുന്നു. ഇത്തവണയും അതെ. നാല് ദിവസം ഓഫിസിൽ ലീവ് ഉണ്ട്. അപ്പുവിന് ഇപ്പൊ വയസ്സ് പതിനാല്. ഫോട്ടോ എടുക്കുക, എവിടെയെങ്കിലും പോവുക - ഇതൊന്നും മൂപ്പർക്ക് ഇഷ്ടമല്ല. വിഷുവിന് സദ്യ ഉണ്ണാൻ നേരത്ത് ഒരു ഫോട്ടോ എടുത്തോളാൻ സമ്മതിച്ചു. 'അമ്മ ഒറ്റയ്ക്കുണ്ടാക്കിയ ഭക്ഷണമാണ് കഴിക്കാൻ പോവുന്നത് എന്നത് അവൻ അംഗീകരിക്കുന്നതും അവന്റെതായ ശൈലിയിൽ അഭിനന്ദിക്കുകയും ഒക്കെ ചെയ്യുന്നത് അങ്ങനെയൊക്കെയാണ്. കഷ്ടിച്ച് കിട്ടിയ 5 സെക്കന്റിൽ നല്ല തെളിച്ചമൊന്നുമില്ലെങ്കിലും ഒരു ഫോട്ടോ കിട്ടി. എവിടെയും പോസ്റ്റ് ചെയ്യില്ലെന്ന നിബന്ധനയോടെയാണ് ഫോട്ടോ എടുക്കാൻ സമ്മതിച്ചത് . ഞങ്ങൾ ആറാളുകൾ മാത്രമുള്ള ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ മാത്രം പോസ്റ്റ് ചെയ്യാൻ അവൻ പിന്നീട് സമ്മതിച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ എന്ത് പകരം തരും എന്നാണ് ചോദിച്ചത്. 5 യൂറോ വരെ കൊടുക്കാമെന്ന് പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല. കുട്ടിയെ ബുദ്ധിമുട്ടിലാക്കണ്ട, അവന് കൊടുത്ത വാക്ക് പാലിക്കാം എന്ന് തീരുമാനിച്ചു. ഇങ്ങനെയൊക്കെയാണ് ഇപ്പോഴത്തെ പാരന്റിങ് വിശേഷങ്ങൾ. 

അങ്ങനെയുള്ള കൊച്ചിനേം കൊണ്ടാണ് ഒരു അവധി വന്നാൽ എവിടെയെങ്കിലും പോകേണ്ടത്. അവനെ സമ്മതിപ്പിച്ചെടുക്കേണ്ട ബുദ്ധിമുട്ടാലോചിക്കുമ്പോൾ തന്നെ എവിടെയെങ്കിലും പോവാനുള്ള മൂഡ് പോവും. 

നല്ലൊരു അവസരമാണല്ലോ എന്ന് കരുതി - അടീം പിടീം ഒക്കെ ഉണ്ടാക്കി അവസാനം ഈ നാല് ദിവസത്തിൽ എവിടെയെങ്കിലും പോവാൻ തീരുമാനിച്ചു. ഇനി എവിടെ എന്നതാണ് പ്രശ്നം. പ്രമിത്തിന്റെ സുഹൃത്ത് വരാൻ സാധ്യതയുള്ളത് കൊണ്ട് ഒരു ദിവസത്തെ പരിപാടി ആക്കാമെന്ന് കരുതി. 


പ്രമിത്ത് ഒരു ഇടത് പക്ഷ സഹയാത്രികനായത് കൊണ്ട് - പ്രമിതത്തിന് ജർമനിയിൽ കാണാനിഷ്ടമുള്ള സ്ഥലങ്ങളിൽ ഒന്ന് ട്രൈയർ ആയിരുന്നു. കാൾമാക്സിന്റെ ജന്മ സ്ഥലം. രണ്ട് മൂന്ന് വർഷം മുൻപ് പ്രമിത്ത് യു കെയിൽ പോയപ്പോൾ അവിടെ കാൾമാക്സിനെ അടക്കം ചെയ്ത സ്ഥലം അന്വേഷിച്ച് പോയി. ഗൂഗ്ൾമേപ്പ് ആ സ്ഥലത്തിന് പകരം പക്ഷെ പ്രമിത്തിനെ ഒരു ഭ്രാന്താശുപത്രിയിലാണ് എത്തിച്ചത്!  


ട്രൈയർ കാണാൻ എനിക്കും താല്പര്യം തോന്നി. വോട്ട് ചെയ്യാൻ തുടങ്ങിയ ശേഷം ഇത് വരെ ഞാൻ ഇടത് പക്ഷത്തിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. നേരത്തെ പറഞ്ഞ പോലെ രാഷ്ട്രീയം എനിക്ക് വലിയ അറിവുള്ള മേഖലയൊന്നുമല്ല. എന്നാലും കേട്ട് മനസ്സിലാക്കിയിടത്തോളം, അവർ പറയുന്ന കാര്യങ്ങളോടാണ് എനിക്ക് കൂടുതലും റിലേയ്റ്റ് ചെയ്യാൻ പറ്റാറുള്ളത്. അത് കൊണ്ട് തന്നെ മാക്സിന്റെ ജന്മസ്ഥലം കാണാൻ പോവാൻ എനിക്കും താല്പര്യം തോന്നി. 


രാവിലെ ഭക്ഷണമൊക്കെ കഴിഞ്ഞാണ് ഇറങ്ങിയത്. കാൾസ്രൂഅയിൽ (ഇപ്പോഴും എനിക്ക് ശരിക്ക് ഉച്ചരിക്കാനറിയില്ല ഈ സ്ഥലത്തിന്റെ പേര്)  നിന്നും എട്ടേ അഞ്ചിനൊരു റീജിയണൽ ട്രെയിൻ ഉണ്ടായിരുന്നു. അതിൽ പോവണമെന്നാണ് ആദ്യം കരുതിയത്. പക്ഷെ, പതിവ് പോലെ തന്നെ അത് നടന്നില്ല. കൃത്യം ഒരു മണിക്കൂറിന് ശേഷമുള്ള ട്രെയിൻ ആണ് എടുത്തത്. അവധി ദിവസങ്ങളായത് കൊണ്ടാണോ - റീജിയണൽ ട്രെയിനിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അപ്പുവിനെ ഒരിടത്ത് ഇരുത്തി, ഞാൻ മറ്റൊരു സ്ഥലത്ത് ഇരുന്നു. രണ്ട് സ്റ്റേഷനോളം കഴിഞ്ഞപ്പോൾ പ്രമിത്തിനും ഇരിക്കാനൊരു സ്ഥലം കിട്ടി. ടീനേജെർ "ഫ്രീ സീറ്റ്" എന്ന് പ്രമിത്തിന് മെസ്സേജ് ചെയ്തു എന്നാണ് ഇരിക്കാൻ സ്ഥലം കിട്ടിയതിന്റെ പിന്നിലെ കഥ. ഞങ്ങൾ മൂന്ന് പേർക്കും ഡോയ്‌ച്ച്ലേന്റ് ടിക്കറ്റ് ഉള്ളത് കൊണ്ട് പ്രത്യേക ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ടായില്ല. നാൽപ്പത്തിയഞ്ച് മിനിറ്റോളം യാത്ര ചെയ്ത് കൈസർസ്ലവ്റ്റെൺ എന്ന സ്ഥലത്ത് പോയി ഇറങ്ങി. 








കൈസർസ്ലവ്റ്റെണിൽ നിന്നും രണ്ട് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നു ട്രൈയറിലേക്ക്. ആ ട്രെയിനിലും അത്യാവശ്യം തിരക്കുണ്ടായിരുന്നുവെങ്കിലും ഇരിക്കാൻ സ്ഥലം കിട്ടി. 

ട്രൈയറിൽ എത്തിയപ്പോൾ ഒരു കഫെയിൽ നിന്ന് പ്രമിത്ത് ഒരു കോഫിയും കുടിച്ച് ഒരു ക്രൊസ്സാന്റും  വാങ്ങിക്കഴിച്ചു. പിന്നെ അവിടെ ഓരോ യൂറോ കൊടുത്ത് ടോയ്‌ലെറ്റിലൊക്കെ പോയി. 



സമയം നോക്കിയപ്പോൾ ഒന്നാവാൻ പോവുന്നു. ഒരു മണിക്ക് കാൾമാക്സ് ഹൌസ് അടയ്ക്കും എന്നത് കൊണ്ട് ഭക്ഷണം കഴിച്ച ശേഷം പോവാമെന്ന് വിചാരിച്ചു. അടുത്തുള്ള ബർഗർ കിങ്ങും ഗോൾഡൻ ഡ്രാഗൺ എന്ന ചൈനീസ് റെസ്റ്റോറന്റും ഒക്കെ അടച്ചിട്ടാണ് കണ്ടത്. ഈസ്റ്റർ ആയത് കൊണ്ടായിരിക്കണം. പക്ഷെ, ഞങ്ങളുടെ രക്ഷയ്ക്ക് ഒരു ടർക്കിഷ് ഡൂണർ ഷോപ്പ് തുറന്നിരുന്നു. അവിടെ പോയി ഓരോ ഡൂണർ വീതം വാങ്ങിച്ച് കഴിച്ചു. അവിടെയവിടെ ഇന്ത്യൻ വിദ്യാർത്ഥികൾ എന്ന് തോന്നിക്കുന്ന ഗ്യാങ്ങുകളെ കാണാനുണ്ടായിരുന്നു. 





റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെയാണ് ബസ് സ്റ്റാൻഡ്. അവിടെ നിന്ന് ഡോയ്‌ച്ച്ലേന്റ് ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി ഞങ്ങൾ കാൾമാക്സ് ഹൗസ് സ്റ്റോപ്പിൽ ഇറങ്ങി. നേരത്തെ എടുത്തിരുന്ന ടിക്കറ്റ് സ്കേൻ ചെയ്ത് അവർ ഞങ്ങളെ അകത്ത് കയറ്റി വിട്ടു. ഓർമയിൽ കുറച്ച് കാലത്തേക്ക് നിൽക്കുന്ന കാര്യങ്ങളിൽ ഒന്ന് കാൾ മാക്സ് ഇരുന്നിരുന്ന ഒരു കസേരയാണ്. അതിൽ ഇരുന്നു കൊണ്ടാണ് അദ്ദേഹം മരിച്ചത് ഇന്നവിടെ എഴുതിക്കണ്ടു. കാൾമാക്സ് ഹൗസ് ആണെങ്കിലും അവിടത്തെ ചിത്രങ്ങളും എഴുത്തുകളും കാൾമാക്‌സിനെ ചുറ്റിപ്പറ്റി കൊണ്ടുള്ളത്  മാത്രമല്ല. ലോകത്തിന്റെ ചരിത്രം തന്നെ അവിടെ രേഖപ്പെടുത്തിയത് കാണാം. പുതിയ ലോകത്തെ സൂചിപ്പിക്കാൻ ബാംഗ്ലൂർ നഗരത്തിലെ ഐ. റ്റി രംഗത്തെ കൂടി പരാമർശിക്കുന്ന ഒരു ചിത്രം ഉള്ളത് പ്രമിത്ത് എന്നെ വിളിച്ച് കാണിച്ച് തന്നു.   






പുറത്ത് മാക്സിന്റെ ഒരു കൽപ്രതിമ വെച്ചിട്ടുണ്ട്. അവിടെ നിന്ന് ആളുകൾ ചിത്രങ്ങൾ എടുക്കുന്നത് കണ്ടു. ഞങ്ങളും പോയി എടുത്തു. പുറത്തെ ശാന്തതയിൽ പ്രമിത്തും അപ്പുവും കുറച്ച് നേരം ഇരുന്നു. അപ്പുവും ശാന്തനായിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 







പ്രമിത്തിനെന്തായാലും യാത്ര തൃപ്തികരമായിരുന്നു എന്ന് തോന്നുന്നു. അടുത്ത യാത്ര എനിക്ക് പോകാൻ ആഗ്രഹമുള്ള സ്ഥലത്തേക്കാവാമെന്ന് പറഞ്ഞു.  

അപ്പുവിന് ക്ഷമ നശിച്ചു തുടങ്ങിയിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് അവൻ എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു. അതിലൊന്ന്, "ഈ സ്ഥലം വർക്കിംഗ് ആളുകൾക്കുള്ള സ്ഥലമാണ്. എന്തിനാണ് എന്നെ ഇവിടെ കൊണ്ട് വന്നത്" എന്നാണ്  :D. പിന്നെ ഒരു കാര്യം ചോദിച്ചത് - "ഈ ആളാണോ സ്ട്രൈക്ക് ഉണ്ടാക്കിയത്" എന്നാണ്. കുഞ്ഞ് മനസ്സിൽ എന്തൊക്കെയോ ചെന്നടിയുന്നുണ്ട് എന്ന് എനിക്ക് തോന്നി. 💗💜




പുറത്തിറങ്ങാൻ നേരത്ത് ഞാനും പ്രമിത്തും ഓരോ സൂവനീർ വീതം വാങ്ങി. പ്രമിത്ത് വാങ്ങിച്ചത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ്. ഞാൻ ഇറെയ്സർ ആണെന്നറിയാതെ ഒരു കാൾമാക്സിന്റെ രൂപവും. 









വഴിയിലെ കാഴ്ചകളൊക്കെ കണ്ട് കൊണ്ട് ഞങ്ങൾ തിരിച്ചു വന്നു. വീട്ടിലെത്തുമ്പോഴേക്കും രാത്രി ഏഴായിരുന്നു. സമ്മർ ടൈം ഒക്കെ തുടങ്ങിയത് കൊണ്ട്. ഇരുട്ടായിരുന്നില്ല. നല്ല വെളിച്ചമുണ്ടായിരുന്നു.









No comments:

Post a Comment