പണ്ട് പണ്ട് -
അന്നപ്പൂവിന് മൂന്ന് വയസ്സ് ഉണ്ടായിരുന്നുള്ളൂ..
അച്ഛനെ പോലെ സ്പോർട്സ് പ്രേമിയാണ് പ്രമിത്തും. അച്ഛനെക്കാൾ ഒരു പടി മുകളിൽ. അപ്പു ഫുട്ബോൾ പ്രേമിയായിട്ടില്ല. എന്റെ സ്പോർട്സ് പ്രേമം അക്കാലത്തെ പല സ്ത്രീകളെയും പോലെ ട്വൻറി ട്വൻറി ഫോർമാറ്റ് ക്രിക്കറ്റ് വരുന്നതിന് മുൻപ് തന്നെ അവസാനിച്ചിരുന്നു. സ്പോർട്സുമായുള്ള എന്റെ ബന്ധം എന്നാൽ ക്രിക്കറ്റ് കാണുക മാത്രമായിരുന്നുവെങ്കിലും.
ഇന്നിപ്പോ കൂടെ നീന്താൻ വരുന്ന സ്ത്രീയ്ക്ക് അറുപത്തിയാറ് വയസ്സുണ്ട്. കാലം സ്ത്രീകൾക്കനുകൂലമായി കുറേ ദൂരമെങ്കിലും മുന്നോട്ട് പോയത് കൊണ്ട് നാല്പത്തിയാറാം വയസ്സിലും എനിക്കിങ്ങനെ ഫേസ്ബുക്കിൽ പോസ്റ്റിടാം.
പറഞ്ഞു വന്നത് ഒരു ബ്രസീൽ പ്രേമിയുടെ കഥയാണ്.
സ്റ്റാർട്ട് അപ്പ് ഒക്കെ മുങ്ങി നല്ല ദാരിദ്ര്യത്തിൽ ആയിരുന്നെങ്കിലും അന്ന് വീട്ടിൽ ബ്രസീലിന്റെ ഒരു ഒറിജിനൽ മഞ്ഞ ജേഴ്സിയുണ്ടായിരുന്നു. നല്ല കാലത്ത് പ്രമിത്ത് വാങ്ങി വെച്ചതാണ്. ബ്രസീലിന്റെ മേച്ച് ഉള്ള ദിവസം കക്ഷി ആ ജേഴ്സിയൊക്കെയിട്ടാണ് മേച്ച് കാണാനിരിക്കുക.
മേച്ചുകളൊക്കെ യൂറോപ്പിയൻ ടൈം സോണിൽ ആയിരുന്നുവെന്നാണ് ഓർമ. രാത്രി ബ്രസീലിന്റെ മേച്ച് കാണാനിരിക്കുന്ന പ്രമിത്തിനോട് ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നു.
അച്ഛന് ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും പ്രത്യേകിച്ചൊരു ടീമിനോടും സ്നേഹമില്ല. ആ വർഷത്തെ നല്ല ടീമിനെയാണ് അച്ഛൻ സപ്പോർട് ചെയ്യുക. ആ വർഷം അച്ഛന്റെ "പിക്ക്" ജർമനി ആയിരുന്നു.
ജൂലൈ 8, 2014 - ബ്രസീൽ ടീം സങ്കടത്തിലാണ്. നെയ്മറിന് നട്ടെല്ലിന് പരിക്കേറ്റ് വേൾഡ് കപ്പിൽ കളിക്കില്ല എന്നറിഞ്ഞിരുന്നുവെങ്കിലും പ്രതീക്ഷയോടെ തന്നെയാണ് പ്രമിത്ത് മേച്ച് കാണാൻ പോയത്. രാത്രി മേച്ച് കാണുന്നതിനെച്ചൊല്ലി ഒരു മുറുമുറുപ്പോക്കെ ഉണ്ടായിരുന്നെങ്കിലും പ്രമിത്തിന്റെ ടീമിനോടുള്ള പ്രണയം കണ്ട് ബ്രസീൽ ജയിക്കാൻ ഞാനും ആഗ്രഹിച്ചാണ് കിടന്നത്.
ഒന്നിച്ചുള്ള ജീവിതം തുടങ്ങിയ ശേഷം പ്രമിത്തിനോട് ഏറ്റവും കൂടുതൽ സ്നേഹം തോന്നിയ ഒരു ദിവസമായത് കൊണ്ടാവണം - ആ ദിവസം എന്റെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്ത് കൊണ്ടോ അന്ന് ഞങ്ങൾ കോഴിക്കോട് അച്ഛന്റേം അമ്മയുടേം വീട്ടിലായിരുന്നുവെന്ന് ഓർക്കുന്നു. രാത്രി ഉറക്കത്തിനിടയിൽ ഒരാള് വന്നെന്നെ ഉണർത്തി. അടുത്ത മുറിയിൽ അച്ഛനും അമ്മയും കിടന്നുറങ്ങുന്നത് കൊണ്ട് - പതിഞ്ഞ സ്വരത്തിലാണ് പറയുന്നത് - എങ്കിലും "വികാരങ്ങളുടെ തള്ളിക്കയറ്റം" ഉണ്ടായിരുന്നു.
"എണീക്ക് എണീക്ക് - അവര് അഞ്ച് ഗോൾ അടിച്ചു. ഹാഫ് ടൈം ആയതേ ഉള്ളൂ.." പ്രമിത്തിന്റെ ശബ്ദത്തിൽ ദുഖവും തമാശയും എല്ലാം കലർന്നിരുന്നു.
"അഞ്ച് ഗോളോ? ബ്രസീലിനെതിരെ വേൾഡ് കപ്പിലോ?"
"ആ.."
"ഒന്ന് പോയെ പപ്പാ.. ഇങ്ങള് തമാശ പറയാണോ"
"അല്ലെടോ .. ശരിക്കും"
സംഭവം ശരിയായിരുന്നു - ആ സെമി ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോൾ അടിച്ച് എതിർ ടീം ആ വർഷം ലോക കപ്പ് ഫൈനലിൽ എത്തി. എനിക്ക് പ്രമിത്തിനെയാലോചിച്ച് സങ്കടം തോന്നി.
അന്ന് ജയിച്ച എതിർ ടീം ബ്രസീൽ ഫേൻസിന് ചെറിയൊരു ആശ്വാസം കൊടുത്ത് കൊണ്ട് ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ലോകകപ്പും നേടി.
ആ എതിർ ടീം ജർമനിയാണെന്ന് ഫുട്ബാൾ പ്രേമികളോട് പറയേണ്ട ആവശ്യമില്ലല്ലോ.
വീണ്ടുമൊരു ലോകകപ്പ് കാലം.
അമ്മ മരിച്ചിട്ട് ഒരു മാസമേ ആയുള്ളു. ഇത്തവണ അച്ഛന് ഫുടബോളിൽ താല്പര്യമോ പ്രത്യേകിച്ച് ടീമോ ഇല്ല.
അപ്പു കഴിഞ്ഞ തവണ അർജെന്റിന ഫാൻ ആയിരുന്നു. ഇത്തവണ പക്ഷെ,ഇംഗ്ലണ്ടിനോടാണ് സ്നേഹം. പ്രമിത്ത് കറ കളഞ്ഞ ബ്രസീൽ ഫാൻ തന്നെ.
ഫുട്ബോൾ ഒന്നും കാണാറില്ലെങ്കിലും എനിക്കൊരു ജേഴ്സി വാങ്ങിയിടാൻ മോഹം തോന്നുന്നു. ജർമനിയുടെ. അമ്മയുടെ അസുഖകാലത്ത് അത്യാവശ്യ കാര്യങ്ങൾ ഒക്കെ നടത്താനും, പെട്ടെന്ന് പെട്ടെന്ന് ഇങ്ങോട്ട് വരാനും ഒക്കെ വഴിയൊരുക്കിത്തന്ന വിധത്തിൽ എനിക്കൊരു ജോലി തന്ന രാജ്യത്തിനോട് പെട്ടെന്നൊരു സ്നേഹം.
ഞാൻ നാട്ടിലാണ്. കോഴിക്കോട് അന്ന് അമ്മയും അച്ഛനും കിടന്നുറങ്ങിയ മുറിയിൽ ഇപ്പൊ ഞാനാണ്. അന്ന് ഞാൻ കിടന്ന മുറിയിൽ അച്ഛനും.
ഏ ഐ ഉപയോഗിച്ച് ജർമനിയുടെ ജേഴ്സി ധരിച്ച ഒരു ഫോട്ടോ ഉണ്ടാക്കിയെടുത്ത് ഞാനും പ്രമിത്തും അപ്പുവും മാത്രമുള്ള ഗ്രോപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ പ്രമിത്ത് പറഞ്ഞു - "ഈ ടീമിനെ എനിക്കിഷ്ടമല്ല" - എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ - ഇവിടെ ടീ വിയിൽ സീബെൻ ഐൻസ് എന്ന് കേട്ട് മടുത്തിരിക്കുകയാണ്. "ഇനിയും ആക്കാലം ഓർക്കാൻ ഇഷ്ടമല്ല".
സീബൻ എന്നാൽ ഏഴ് എന്നാണെന്നും ഐൻസ് എന്നാൽ ഒന്നെന്നെന്നും ഇന്നറിയാം. അത് ശരിയാണല്ലോ അന്ന് ബ്രസീലിനെ തോൽപ്പിച്ച ആ ടീം ഇന്നെനിക്ക് ഇഷ്ടം തോന്നിയ ജർമനിയാണ്.
ഏ ഐ യിൽ ഉണ്ടാക്കിയ ജർമനിയുടെ ജേഴ്സി ധരിച്ച എന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ പ്രമിത്ത് പറഞ്ഞു - "ഞാൻ ലൈക് ചെയ്യില്ല കേട്ടോ"

No comments:
Post a Comment