ഞങ്ങൾക്ക് ട്യൂഷൻ ഒരുപാടൊന്നും ഉണ്ടായിരുന്നില്ല. അത്യാവശ്യം തോന്നിയാൽ മാത്രം ട്യൂഷൻ. അതായിരുന്നു വീട്ടിലെ നിലപാട്. അച്ഛനാണ് പഠിപ്പിക്കാറ്. അതും ആറാം ക്ലാസ് ഏഴാം ക്ലാസ് വരെ മാത്രം. പിന്നെയൊക്കെ ഒറ്റക്കായിരുന്നു.
അച്ഛൻ ഒരു ഫുള്ളി ഹാൻഡ്‌സ് ഓൺ ഫാദർ ആയിരുന്നു. അഥവാ ആണ്. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാം. പി.ജി.ക്കു മുൻപ്, അച്ഛന് ജനറൽ പ്രാക്റ്റീസ് ഉള്ള കാലം. ആ വീടിൻറെ പ്ലാൻ നല്ല ഭംഗിയുള്ളതായിരുന്നു. ബേസ്‌മെന്റ് ഉണ്ട്. അവിടെ മൂന്നു മുറികൾ. ഒരു കൺസൾട്ടിങ് റൂം, പിന്നെ, രോഗികൾക്ക് ഇരിക്കാനുള്ള മുറി, അതിന് സൈഡിലായി ഒരു ഗെസ്റ്റ് ബെഡ്‌റൂം. ശനിയും ഞായറും ഗെസ്റ്റ് ബെഡ്‌റൂമിൽ ഇരുന്നാണ് ഞങ്ങളുടെ പഠിത്തം. രോഗികളെ പരിശോധിക്കുന്നതിനിടയിലെ ഗ്യാപ്പിൽ വന്നിട്ടാണ് ഞങ്ങളുടെ പഠിത്തം ശ്രദ്ധിക്കാറ്.
കണക്കിൽ ഞാൻ ഒരു ആവറേജ് സ്റ്റുഡൻറ് ആയിരുന്നു. (കണക്കിൽ മാത്രമല്ല എല്ലാത്തിലും.) പഠിപ്പിക്കാൻ പ്രൊഫെഷണലി ട്രെയിൻഡ് അല്ലാത്ത ആളുകൾ പഠിപ്പിക്കുന്നതിന്റെ എല്ലാ കുഴപ്പവും അച്ഛനും ഉണ്ടായിരുന്നു.
7 * 8 എത്രയാണ് എന്ന് ചോദിച്ചാൽ ആലോചിക്കാനുള്ള സമയമൊന്നും അച്ഛൻ തരില്ല.
ഉത്തരം വൈകുമ്പോ "ഉം.. പറഞ്ഞൂടങ്ങോട്ട്..." എന്നൊരു അമർച്ചയായിരിക്കും! അത് കേൾക്കുമ്പോഴേ ചിന്തിക്കാനുള്ള കഴിവ് അവിടെ വെച്ച് ബ്ലോക്ക് ആവും.
എന്തൊക്കെ പറഞ്ഞാലും തല്ല് കൊണ്ടും, നുള്ള് കൊണ്ടും, ചീത്ത വിളി കേട്ടും ഞങ്ങൾ പഠിത്തിന്റെ കാര്യത്തിൽ ഒരു വിധം രക്ഷപ്പെട്ടു പോന്നു. മൊത്തത്തിൽ ഫസ്റ്റ് റാങ്ക് വാങ്ങിക്കണം, എല്ലാവരിലും മുകളിൽ ആവണം, എല്ലാത്തിലും മുൻപന്തിയിൽ ആവണം തുടങ്ങിയ പ്രെഷർ ഒന്നും ഇല്ലാത്തതു കൊണ്ട് പഠനം ഒരിക്കലും ഒരു സ്ട്രെസ് ആയി തോന്നിയിട്ടില്ല. സ്‌കൂളിൽ നിന്നുള്ള സ്ട്രെസ് അല്ലാതെ.
പറഞ്ഞു വന്നത്, അച്ഛന്റെ ഒരു സ്ഥിരം ചീത്ത വിളി ഉണ്ട്. ഒരു പുസ്തകത്തിന് രണ്ടു രൂപ. അപ്പൊ പതിനഞ്ചു പുസ്തകത്തിന് എത്ര രൂപ? ചോദ്യം തന്ന് അച്ഛൻ രോഗികളെ നോക്കാൻ പോവും. അച്ഛൻ വരുമ്പോഴേക്കും കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ഒക്കെ ഉത്തരം കണ്ടു പിടിക്കും, എന്നിട്ടു അനിയനുമായി ഗുസ്തി തുടങ്ങും.
അച്ഛൻ വരുമ്പോഴേക്കും ഉത്തരം പുസ്തകത്തിൽ കറക്റ്റ് ആയി എഴുതിയിട്ടുണ്ടാവും. മുപ്പത്.
അച്ഛൻ ചോദിക്കും, "മുപ്പത് എന്നെഴുതിയാൽ ഉത്തരം ശരിയാവുമോ?"
ആദ്യം ധൈര്യത്തോടെ പറയും "അതേ".
അച്ഛന്റെ ശബ്ദം കനക്കും. "ശരിയാണോ, വേറെ ഒന്നും വേണ്ടേ?"
ഞാൻ പേടിച്ചു തുടങ്ങിയിരിക്കും. ഒന്നും മിണ്ടില്ല. ചോദ്യം തന്നെ മറന്നു പോയിട്ടുണ്ടാവും.
പിന്നേം അച്ഛന്റെ ശബ്ദം, "ഉം.. പറഞ്ഞൂട്.."
"പറഞ്ഞൂടങ്ങോട്ട് - മുപ്പത് ചക്കയോ, മാങ്ങയോ തേങ്ങയോന്ന്.. "
എനിക്ക് കുസൃതി തോന്നും. ഞാൻ പറയും - "മുപ്പത് ചക്ക".
അതോട് കൂടി അച്ഛന് മതിയായിട്ടുണ്ടാവും . "എഴുതിക്കൂടങ്ങോട്ട്, മുപ്പത് രൂപ".
ക്ഷമ നശിച്ച അച്ഛൻ അന്നത്തെ പഠിത്ത സമയം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കും. ഞങ്ങൾ കളിക്കാനോടും.
കഥ ആവർത്തിക്കുകയാണ്. അപ്പുവിന് ഹിന്ദിക്ക് മാത്രമേ ട്യൂഷൻ ഉള്ളൂ. കണക്ക് എന്റെ വിഷയമാണ്.
മൾട്ടിപ്ലിക്കേഷനും, ഡിവിഷനും ഒക്കെ തുടങ്ങിയിട്ടുണ്ട്. പഠിപ്പിക്കുക എന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. അത് കൊണ്ട്, കുറെ കൂടി ക്ഷമയോടെ പഠിപ്പിക്കാനൊക്കെ "ശ്രമിക്കാറുണ്ട്". എന്നാലും, ജോലിക്കിടയിൽ അപ്പുവിനെ പഠിപ്പിക്കുമ്പോൾ കാര്യങ്ങൾ ഒക്കെ തഥൈവ.
അവൻ കണക്കു ചെയ്തു കൊണ്ട് വന്നു കാണിക്കും.
ഒരു ബോക്സിൽ 22 റിബ്ബൺ ഉണ്ട്. അപ്പോൾ അങ്ങനത്തെ പതിനഞ്ചു ബോക്സിൽ എത്ര റിബ്ബൺ ഉണ്ട്. അപ്പു എഴുതി വെച്ചിട്ടുണ്ടാകും മുന്നൂറ്റി മുപ്പത് എന്ന്.
"മുന്നൂറ്റി മുപ്പത് എന്ത്?" അവൻ എന്നെ നോക്കും. ഒന്നും പറയില്ല.
എന്റെ മനസ്സിൽ ആ ചോദ്യം വരും.. 330 ചക്കയോ മാങ്ങയോ തേങ്ങയോ?
ഞാൻ പൊട്ടിപ്പൊട്ടി ചിരിക്കും.

ഹ ഹ രസമുള്ള ഓർമ്മ, രസികൻ എഴുത്ത്...
ReplyDelete