വയനാട്ടിലെ വീട് ഒരു പത്ത് സെന്റ് സ്ഥലത്തായിരുന്നു. ഇടത് വശത്ത് എല്ലാവരും കൊല്ലൻ എന്ന് വിളിച്ചിരുന്ന കൊല്ലന്റെ ആല. വലത് വശത്ത് പെരുമ്പാവൂര്കാരനായ പൗലോസ് വൈദ്യർ. റോഡിന് എതിർ വശത്ത് ഒരു മില്ലും മില്ലിനോട് ചേർന്ന വഴിയിലൂടെ പോയാൽ കാദർക്കാന്റെ വീടും.
ഒരു പഴയ പോസ്റ്റിൽ കാദർക്കാന്റുമ്മാനെ പറ്റി ഒന്നോടിച്ചെഴുതി വെച്ചിട്ടുണ്ട്. പത്തിരി ആദ്യമായി കഴിക്കുന്നത് കാദർക്കാന്റുമ്മ ഉണ്ടാക്കിയിട്ടാണ്. അന്ന് മുതൽ ഇന്നു വരെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പത്തിരി. ഓരോ തവണ പത്തിരി കഴിക്കുമ്പോഴും ഇപ്പോഴും കദർക്കാന്റുമ്മാനെ ഓർക്കും. കോഴിക്കോട് പോയാൽ സാഗറിൽ നിന്നും zains ഇൽ നിന്നും കഴിക്കുകയാണെങ്കിൽ പത്തിരി കഴിക്കാതെ വരാറില്ല. സ്റ്റ്യൂ ആണ് പത്തിരിയുടെ കൂടെ എന്റെ ഇഷ്ടപ്പെട്ട കോമ്പിനേഷൻ. നല്ല സ്റ്റ്യൂ പക്ഷെ ഇപ്പൊ പത്തിരിയുടെ കൂടെ ചിലപ്പോ കിട്ടാറില്ല. ഒരിക്കൽ zains ഇൽ കിട്ടി. പാരഗണിൽ സ്റ്റ്യൂ കിട്ടിയെങ്കിലും അന്ന് പത്തിരി കിട്ടിയിട്ടില്ല. അങ്ങനെ പത്തിരിയും ബീഫും അല്ലെങ്കിൽ പത്തിരിയും ഫിഷ് മുളകിട്ടതുമൊക്കെ കഴിച്ച് അഡ്ജസ്റ്റ് ചെയ്യുകയാണ് പതിവ്.
കഴിഞ്ഞ തവണത്തെ കോഴിക്കോട് യാത്രയിൽ അമ്മയുടെ കസിൻ മനു uncle ന്റെ വീട്ടിൽ പോയപ്പോൾ അവര് പത്തിരിയുണ്ടാക്കിയിരുന്നു. കണ്ണൂരൊക്കെ കിട്ടുന്ന പോലത്തെ പത്തിരി. ഇത്തിരി കട്ടിയുള്ളത്. കർണാടകയിലെ അക്കിറോട്ടിയെ ഓർമപ്പെടുത്തുന്ന പത്തിരി. ഇന്ഫോസിസിലായിരുന്ന കാലത്ത് ലോട്ടസ് ഫുഡ് കോർട്ടിൽ നിന്ന് രാവിലെ ഇരുപത് രൂപയ്ക്കു സ്ഥിരമായി വാങ്ങി കഴിച്ചിരുന്ന ഒരു ഐറ്റം ആയിരുന്നു അക്കി റൊട്ടി. അവരുടെ ചട്ണിയുടെ കൂടെ. ചുവന്ന കളറിലുണ്ടാക്കുന്ന ചട്ണി ഒരു പക്ഷെ ടൊമാറ്റോ ചട്ണി ആയിരുന്നിരിക്കണം. രുചിച്ച് ingredients മനസ്സിലാക്കാനുള്ള കഴിവ് എനിക്കില്ല കേട്ടോ. ചട്ണി എന്ന് വിളിക്കുമെങ്കിലും എന്റെ ജെനെറേഷൻ മലയാളി ചമ്മന്തി എന്ന് വിളിക്കുന്ന ഐറ്റം പോലൊന്ന്. ഒരു കട്ടിയുള്ള വേർഷൻ. ആദ്യമായി അക്കി റൊട്ടി കഴിക്കുന്നത് സുഹൃത്ത് ഭവാനിയുടെ വീട്ടിൽ നിന്നാണ്. ഒരു പാട് കാലം കഴിഞ്ഞ് പത്തിരി കണ്ട സന്തോഷത്തിൽ അക്കി റൊട്ടി നല്ല തട്ട് തട്ടിയത് ഓർക്കുന്നുണ്ട്. അതിനു ശേഷമാണ് കാമത്തിലെ ഈ അക്കി റൊട്ടി അഡിക്ഷൻ.
ഇപ്പൊ ഇവിടെ അടുത്തൊന്നും കാമത്ത് ഇല്ല. യാത്രയിലെവിടെയെങ്കിലും കാമത്ത് കണ്ട് നിർത്തുകയാണെകിൽ ചോദിക്കുന്ന ഒരു ഐറ്റം ആണ് അക്കി റൊട്ടി. ഇപ്പൊ കിട്ടാറില്ല. ബ്രേക്ഫാസ്റ്റ് സമയം കഴിയുന്നത് കൊണ്ടാവണം. ആനന്ദ് ഭവനിൽ ഒരിക്കെ അക്കി റൊട്ടി കണ്ട് ഓർഡർ ചെയ്തു. പക്ഷെ വന്നപ്പോൾ ഉള്ളിയും മല്ലിയിലയും ഒക്കെ ചേർത്ത വേറൊരു സ്റ്റൈൽ അക്കി റൊട്ടി ആയിരുന്നു അത്. ടേസ്റ്റി ആയിരുന്നെങ്കിലും നമ്മടെ പത്തിരി ഫീലിന് വേണ്ടി ഓർഡർ ചെയ്തിട്ട് വേറൊരു ടേസ്റ്റ് കിട്ടിയതിന്റെ സങ്കടത്തോടെ ഇറങ്ങി വന്നു.
എന്തായാലും മനു അങ്കിൾന്റെ വീട്ടിൽ അവരുണ്ടാക്കുന്ന രീതിയൊക്കെ അടുത്ത് നിന്ന് കണ്ടപ്പോ തോന്നി എന്തായാലും പത്തിരി വീട്ടിൽ ഉണ്ടാക്കിയിട്ട് തന്നെ കാര്യം എന്ന്. പത്തിരി നന്നാവാനുള്ള ടിപ്സ് ഒക്കെ മനു അങ്കിൾന്റെ എന്റത്രയൊക്കെ മാത്രം പ്രായമുള്ള ആന്റി പറഞ്ഞു തന്നു. തിരിച്ച് ബാംഗ്ലൂർ എത്തിയ ഉടനെ ആദ്യത്തെ പടിയായി ഒരു ചപ്പാത്തി പ്രെസ്സർ ഓൺലൈനായി ഓർഡർ ചെയ്തു. ഒരാഴ്ച എടുത്തു ഉത്തരേന്ത്യയിൽ നിന്നും സാധനം ഇങ്ങെത്താനെങ്കിലും അവസാനം ഒരു പ്രെസ്സർ കയ്യിൽ കിട്ടി. പത്തിരി ഉണ്ടാക്കാനുള്ള സമയവും സാഹചര്യവും പക്ഷെ ഇത് വരെ ഒത്ത് കിട്ടിയില്ല.
ഇന്ന് രാത്രി ചപ്പാത്തി ഉണ്ടാക്കാൻ നോക്കിയപ്പോഴാണ് സീതയും ശ്രദ്ധിച്ചത് ആട്ട കഴിഞ്ഞു എന്ന്. എന്നാൽ പിന്നെ നമ്മടെ പത്തിരി പൊടി കുഴച്ചു വെച്ചോളാൻ പറഞ്ഞു. അവര് കടലക്കറിയുമുണ്ടാക്കി വെച്ചു. പപ്പക്ക് അവല് നനച്ചതായിരുന്നു ഡിന്നർ. അപ്പൂന് ഉച്ചക്കത്തെ ചോറുണ്ട്. അപ്പൊ എന്റെ കാര്യം എളുപ്പമായി. പരീക്ഷണാർത്ഥം ഒരു രണ്ട് പത്തിരിയുണ്ടാക്കാനുള്ള സമയം ഇത് തന്നെ. പതിവില്ലാത്ത നേരത്തു നല്ല ത്രില്ലോടെ തന്നെ അടുക്കളയിൽ കയറി. രണ്ടെണ്ണം ഉണ്ടാക്കിയെടുത്തു. ഒരു പത്തു മിനിട്ട് കൊണ്ട് കാര്യം കഴിഞ്ഞു.
ചുട്ടെടുത്തപ്പോ എന്റെ സാറേ...
അങ്ങനെ എന്റെ അടുക്കളേല് ഒരു പുതിയ ഐറ്റം എത്തി. കടലക്കറിയുടെ കൂടെയായാലെന്താ.. സ്വന്തം അടുക്കളേല് ചൂടുള്ള രണ്ട് പത്തിരി ഉണ്ടാക്കി കഴിക്കുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്..
ഹാ.. അപ്പൊ ശരി. ഭക്ഷണ പുരാണം പതുക്കെ നിർത്താം.
കാദർക്കാന്റുമ്മാനോട് ഒരു പാട് ഒരു പാട് സ്നേഹം


No comments:
Post a Comment