ഒരു വിഷുക്കാലത്തെ കുറിച്ച് എഴുതാൻ വിചാരിച്ചിരുന്ന കാര്യങ്ങൾ എഴുതിത്തീരുമ്പോഴേക്കും ഒരു നാലഞ്ച് വിഷു കടന്ന് പോവുമെന്നാ തോന്നുന്നത്. ആദ്യമായി ഒരു സീരീസ് മുഴുമിക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. അത് എഴുതി തീർക്കണം. പത്തു വർഷമെടുത്തിട്ടായാലും!
ഇന്നിപ്പോ കുട്ടിക്കാലത്തെ അവധിക്കാല വിശേഷങ്ങളാണ് വിഷയം. ഒരു പക്ഷെ, ആ ഓർമകളും അനുഭവങ്ങളുമാണ് ഇക്കഴിഞ്ഞ അവധിക്കാലം പ്ലാൻ ഇടാനും ഇങ്ങനെയൊരു ബ്ലോഗ് എഴുതാനുമുള്ള നിമിത്തമായത്.
മുൻപൊരിക്കൽ ബ്ലോഗിൽ എഴുതിയിട്ടുള്ളത് പോലെ, ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ സ്നേഹിക്കാൻ പഠിച്ചത് അച്ഛനിലൂടെ ആണ്. പാലക്കാട്ടേക്കുള്ള ഡ്രൈവ് മുഴുവൻ ഞാൻ പ്രമിത്തിനോട് ഞങ്ങളുടെ പഴയ കാല അവധിക്കാലങ്ങളെ കുറിച്ച് പറയുകയായിരുന്നു. കേട്ട് കേട്ട് പ്രമിത്തിന് മടുത്തു തുടങ്ങിയെങ്കിലും ഞാൻ ഓർമ്മകൾ പങ്ക് വെക്കുന്ന പതിവ് ഇത് വരെ നിർത്തിയിട്ടില്ല.
കാറില്ലാത്ത കാലത്ത് ടാക്സി ജീപ്പിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ യാത്രകൾ അധികവും. അമ്മയും അച്ഛനും ഫ്രണ്ട് സീറ്റിൽ. ഞാനും അനിയനും പിറകിൽ. യാത്രകൾക്ക് അജയേട്ടന്റെ KLW - 2557 ജീപ്പ് ആയി മാറിയത് അമ്മക്ക് ഹിന്ദുത്വം തലയിലോതിക്കൊടുത്ത ഒരു സുഹൃത്തതിന്റെ (പേര് പറയുന്നില്ല) വരവോട് കൂടിയായിരിക്കണം. "കിളി"യായി സുരേന്ദ്രൻ ചേട്ടനും വരുമായിരുന്നു ആ യാത്രകളിൽ. അതിന് മുൻപ് സുബേർക്കായുടെ ജീപ്പ് ആയിരുന്നു. സുബേർക്കാ (ഇപ്പൊ ഇല്ല) ഗൾഫിൽ പോയതിന് ശേഷമാണ് അജയേട്ടന്റെ വരവ്. KLW 2639 ആയിരുന്നു സുബേർക്കാന്റെ ജീപ്പിന്റെ നമ്പർ. അന്നൊക്കെ പരിചയമുള്ളവരുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ ഓർത്തു വെക്കുക ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു.
എല്ലാ കണക്കുകളും കൃത്യമായി സൂക്ഷിക്കുന്ന അച്ഛൻ 900 രൂപയ്ക്കു ഒരു വിഷുവിനോ നവരാത്രിക്കോ പെട്രോൾ അടിച്ചതിന്റെ കണക്ക് ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പറഞ്ഞു കേട്ടത് ഓർക്കുന്നുണ്ട്. വയനാട് നിന്ന് കോഴിക്കോട് വഴി പാലക്കാടും കോയമ്പത്തൂരും പോയി അവിടെന്നു തിരിച്ച് കോഴിക്കോട് വഴി വയാനാട്ടിലെ വീട്ടിലേക്ക്. അതായിരുന്നു വെക്കേഷൻ യാത്രകളിലെ സ്ഥിരം റൂട്ടുകളിലൊന്ന്. അതിനാണ് 900 രൂപയുടെ പെട്രോൾ. 92 ന് മുൻപെപ്പോഴോ ആയിരുന്നിരിക്കണം 900 രൂപയുടെ പെട്രോൾ അടിച്ച അവധിക്കാലം!
പിന്നെ കാർ വന്നപ്പോ കാറിലായി യാത്ര. KL - 12, 1510. നീല നിറമുള്ള മാരുതി കാർ. നാട്ടിൽ പോവാനുള്ള വിഷുക്കാല ബസ് യാത്രകളിൽ നിന്നും ഒരു വിടുതൽ കിട്ടി, കാർ വന്നപ്പോൾ. അല്ലെങ്കിൽ ബത്തേരി കെ. എസ് ആർ. ടി. സി സ്റ്റാൻഡിൽ നിന്നും വിഷുക്കാലത്ത് നാട്ടിലേക്കുള്ള തിരക്കുള്ള ബസ്സുകളിൽ കയറിപ്പറ്റുക എന്നത് ഒരു ബുദ്ധിമുട്ടുള്ള ഏർപ്പാട് തന്നെയായിരുന്നു. ലക്ഷ്വറിയിൽ വളർന്ന 'അമ്മയ്ക്ക് ബസ്സ് യാത്ര അത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ല. അമ്മ ബസ്സ് യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ഞങ്ങളെ എഴുന്നേൽപ്പിച്ച് നിർത്തി ഞങ്ങളുടെ സീറ്റ് മുഴുവൻ അപഹരിച്ച് അതിൽ നീണ്ട് നിവർന്ന് കിടക്കാൻ തുടങ്ങും. ആ യാത്രകളിൽ ഏറ്റവും നല്ല ഓർമയുള്ളത് ചുരത്തിലൂടെ ഉള്ള യാത്രയാണ്. കാറിൽ പോവുന്ന പോലെ അല്ല. ബസ്സിലിരിക്കുമ്പോ ഉയരത്തിൽ നിന്ന് കൊക്കയൊക്കെ നല്ലോണം കാണാം. അതൊക്കെ അതിശയത്തോടെ നോക്കി ഇരിക്കും. മോഷൻ സിക്നെസ്സ് ഉള്ളവർ ശർദ്ദിക്കാൻ തുടങ്ങുമ്പോ പിന്നെ പുറത്തേക്കുള്ള നോട്ടം അവസാനിക്കും. മഴക്കാല യാത്രകളാണെങ്കിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളാണ് ചുരത്തിന്റെ ആകർഷണം. ഉരുൾ പൊട്ടൽ ഉണ്ടാവുമോ എന്ന പേടിയുണ്ടാവുമെങ്കിലും.
ടാക്സിയിലാണ് രാത്രി യാത്രയെങ്കിൽ സ്‌കൂളിൽ നിന്ന് കേട്ട കരിന്തണ്ടന്റെ കഥ ഓര്മ വരും. അവിടത്തെ ചങ്ങലക്കടുത്ത് വണ്ടി സ്ലോ അക്കാതെയാണ് യാത്ര തുടരുന്നതെങ്കിൽ കരിന്തണ്ടന്റെ പ്രേതം ഉപദ്രവിക്കുമോ എന്ന പേടി തുടങ്ങിയത് സ്‌കൂളിൽ നിന്ന് ഒരിക്കൽ കരിന്തണ്ടനെ കുറിച്ച് ഒരു നാടകം കണ്ട ശേഷമാണ്. കരിന്തണ്ടൻ എന്ന് തന്നെയാണോ അന്ന് കേട്ട പേര് എന്ന് ഇപ്പൊ ഉറപ്പില്ല.
ചില കാർ യാത്രകളിൽ അമ്മയും അച്ഛനും വഴക്കിടും. അമ്മ വഴിയിലിറങ്ങി തിരിച്ചു പോവും. ഞങ്ങൾ യാത്ര തുടരും. 'അമ്മ വീട്ടിൽ എത്തിയിട്ടുണ്ടാവുമോ എന്ന് ആദ്യമൊക്കെ ഒരു ആധിയുണ്ടാവുമെങ്കിലും പിന്നീട് അതൊക്കെ മറന്നു അവധിക്കാലത്തെ "വിരുന്നു പോക്കുകളിൽ" മുഴുകും. പൊന്നാനിയിലെ അച്ഛാച്ചനെയും അച്ഛമ്മയെയും കാണാത്ത വിഷു അവധിക്കാലങ്ങൾ ആ കാലത്ത് ഉണ്ടായിട്ടില്ല. അരണ്ട വെളിച്ചമുള്ള അച്ഛാച്ചന്റെ ഡൈനിങ്ങ് റൂമിലെ ഊണും, മേശപ്പുറത്തുണ്ടാവാറുള്ള ജീരകവെള്ളവും, പ്ലേറ്റിന്റെയോ ഇലയുടെയോ സൈഡിൽ വെച്ച് തരുന്ന പുളിയിഞ്ചിയും ഒക്കെ ചേർന്നതാണ് ആണ് എന്റെ കുട്ടിക്കാല വിഷുക്കാല ഓർമ്മകൾ. മറന്നു, അച്ചാച്ചന്റെ മട്ടൻ കറിയും. അച്ഛമ്മയെക്കാൾ കൂടുതൽ മേശപ്പുറത്തെ കാര്യങ്ങളിലും വിളംബലുകളിലും അച്ഛാച്ചൻ ആയിരുന്നു കൂടുതലും നിറഞ്ഞു നിന്നിരുന്നത്. ഒരു പക്ഷെ, ഫെമിനിസമൊക്കെ തലയ്ക്കു പിടിക്കുന്നതിന്റെ ഒരുപാട് മുൻപ് തന്നെ അടുക്കളയും ഡൈനിങ്ങ് ടേബിളുകളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ലാ എന്ന എന്റെ ചിന്തകളുടെ തുടക്കം അങ്ങനെ ഹാൻഡ്‌സ് ഓൺ ആയ ഒരു അച്ഛാച്ചനെ കണ്ടു വളർന്നത് കൊണ്ടായിരിക്കണം എന്ന് ഇടക്കൊക്കെ തോന്നാറുണ്ട്.
പൊന്നാനിയിലേക്കുള്ള യാത്രകളിൽ അച്ഛനും അമ്മയും മാറി മാറി ഡ്രൈവ് ചെയ്യും. അധികവും അച്ഛൻ തന്നെ. ഇപ്പൊ ഡ്രൈവ് ചെയ്യാറില്ലെങ്കിലും, ഞാൻ ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല ഡ്രൈവർ എന്റെ അച്ഛനാണ്. കോഴിക്കോട്ടങ്ങാടിയിലെ തിരക്കിലേക്കിറങ്ങിയാൽ മൂപ്പരുടെ കണ്ട്രോൾ പോവുമായിരുന്നെങ്കിലും! ഡ്രൈവിംഗ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ലിബറേറ്റിംഗ് സ്കിൽ ആയിരുന്നു. ഡ്രൈവിംഗ് അറിയാത്തത് കൊണ്ട് നഷ്ടപ്പെട്ടു പോയ നല്ല ഒപ്പോർട്ടുണിറ്റീസ് പലതും ഉണ്ടായിട്ടുണ്ട്, ബാംഗ്ലൂരിലെ ആദ്യ കാലങ്ങളിൽ. പക്ഷെ, ഞാൻ ഒരു പാഷൻ പോലെ ഡ്രൈവിംഗ് പഠിച്ചെടുത്തത് റോഡിലൂടെ കാറോടിച്ചു ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കൊക്കെ യാത്ര ചെയ്യാനുള്ള ഫ്രീഡം എന്ന സ്വപ്നം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്. ആ സ്വപ്നങ്ങളുടെ തുടക്കവും ഞങ്ങളുടെ പഴയ കാല ഓണം വിഷു യാത്രകളിൽ നിന്നാണ്.
ഓണക്കാലത്താണ് യാത്രയെങ്കിൽ മഴയുണ്ടാകും. കോരിച്ചൊരിയുന്ന മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഞങ്ങൾക്ക് (എനിക്കും അനിയനും) രണ്ട് ജോലികളുണ്ട്. റോഡിൽ കുഴികളുണ്ടോ എന്ന് നോക്കുക. അന്നത്തെ റോഡിൻറെ സ്ഥിതിയൊക്കെ പരിതാപകരമായിരുന്നു. ചെറിയ റോഡുകൾ, വാഹനങ്ങളും കുറവ്. അധികവും ബസും ലോറിയും ടാക്സി ജീപ്പുകളുമായിരുന്നു റോഡിൽ. രണ്ടാമത്തെ ജോലി ട്രാഫിക് സൈൻസ് നോക്കുക. അന്നൊക്കെ ബ്ലാക്ക് ആൻഡ് യെല്ലോ അല്ലെങ്കിൽ ബ്ലാക്ക് ആൻഡ് ഗ്രേ ബോർഡുകളായിരുന്നു സൈൻ ബോർഡുകൾ.
സൈൻ ബോർഡുകൾ വായിക്കാനും ആ യാത്രകളിലാണ് പഠിക്കുന്നത്. ഇടത്തോട് ചരിഞ്ഞ ആരോ ആണെങ്കിൽ റോഡ് ഇടത്തോട്ട് തിരിയും എന്നും, വലത്തോട്ടുള്ള ആരോ ആണെങ്കിൽ റോഡിൽ വലത്തോട്ടൊരു വളവുണ്ടാവുമെന്നുമൊക്കെ അച്ഛൻ പറഞ്ഞു തന്നു.
കയറ്റം വരാൻ പോവുന്നു, ഇറക്കം വരാൻ പോവുന്നു, ജംഗ്ഷൻ വരാൻ പോവുന്നു, ഇടത്ത് നിന്നൊരു റോഡ് വന്നു ചേരാൻ പോവുന്നു എന്നും, വലത്തോട്ട് ഒരു റോഡ് വന്നു ചേരാൻ പോവുന്നുമെന്നൊക്കെ സൈൻസ് നോക്കി ഞങ്ങൾ അച്ഛന് വാണിംഗ് കൊടുക്കും.
യാത്രകളിലെ ബോർ അടി മാറ്റിത്തന്നിരുന്നത് മൈൽ സ്റ്റോണുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. കുറ്റിപ്പുറം 40 കി. മി., എടപ്പാൾ 4 കി. മി. ഞങ്ങൾ അങ്ങനെ "കി. മി" ബോർഡുകൾ ഉറക്കെ വായിക്കും.
പൊന്നാനി ഇടത്തോട്ട്, ഗുരുവായൂർ വലത്തോട്ട്, കുന്നംകുളം നേരെ - ഇത്തരം ബോർഡുകൾ പിന്നെ നേവി ബ്ലൂ ബാക് ഗ്രൗണ്ടിൽ വെള്ള എഴുത്തും, ചുവപ്പ് ബോർഡറും ഉള്ള ബോർഡുകളായി മാറി. ഗൂഗിളിൽ തപ്പിയിട്ടു ആ കളറുള്ള സൈൻ ബോർഡുകളുടെ ഒരു ഫോട്ടോ പോലും കിട്ടിയില്ല. ഇനി നാട്ടിൽ പോവുമ്പോൾ കുറച്ചു ഫോട്ടോ എടുത്ത് ഈ ബ്ലോഗുകൾ അപ്ഡേറ്റ് ചെയ്യണം.
മയിൽക്കുറ്റികൾ എന്ന് വിളിച്ചുരുന്ന മൈൽസ്റ്റോണുകൾക്ക് വെള്ളയും കറുപ്പുമായിരുന്നു അന്നൊക്കെ നിറം. ഇന്നത് പച്ച ബോർഡുകൾക്ക് വഴി മാറിയെങ്കിലും ഇന്നും മയിൽസ്റ്റോണുകൾ കാണാറുണ്ട്. കറുപ്പ് "തൊപ്പി"ക്ക് പകരം മഞ്ഞ "തൊപ്പി" ആയി എന്ന് മാത്രം.
കേരളത്തിലൂടെ റോഡ് വഴിയുള്ള യാത്രകൾ എന്നാൽ എനിക്ക് ഇന്നും അച്ഛന്റെ (അമ്മയുടെയും) ഡ്രൈവിങ്ങിൽ നാട്ടിലേക്കുള്ള യാത്രകളാണ്. 'അമ്മ നല്ല ഓർമകളിൽ അധികം ഇല്ല. ഉള്ള ഓർമകളിൽ ഫ്രണ്ട് സീറ്റിൽ മുഖം വീർപ്പിച്ചു ഇരിപ്പായിരിക്കും കക്ഷി. ഡിസിപ്ലിൻ എന്ന അസുഖം ഉള്ളത് കൊണ്ടാവാം കെയോസ് കക്ഷിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റില്ല. അധികം സംസാരിക്കുന്ന ഞങ്ങളുടെ വായ എങ്ങനെ അടപ്പിക്കാം എന്ന ആലോചനയിലായിരുന്നിരിക്കും കക്ഷി അധികവും എന്ന് ഇപ്പൊ തോന്നുന്നു.
പഴയകാല ഓർമ്മകൾ തൽക്കാലം നിർത്താം. എന്നിട്ടു പാലക്കാട് വിശേഷങ്ങളോ, തലശ്ശേരിയിലെ കപ്പ വിശേഷങ്ങളോ ആയി അടുത്ത പോസ്റ്റിൽ തുടരാം. പ്രമിത്ത് പറയാറുള്ളത്, മനുഷ്യൻ മുൻപോട്ട് പോണമെന്നാണ്. പഴയ ഓർമകളിൽ തങ്ങി നിൽക്കരുതെന്നും. ശരിയാണെന്ന് തോന്നുന്നു. ഒന്നൂല്ലെങ്കിലും എന്റെ ഇഡിയോസിൻക്രസികൾക്കൊക്കെ കൂട്ട് വന്ന ആളല്ലേ, പറയുന്നത് കേട്ടേക്കാം. മുൻപോട്ടു പോയേക്കാം. പഴയ ഓർമകൾക്ക് തൽക്കാലം വിട.
എൻ. ബി: എന്റെ ബ്ലോഗുകളിൽ അമ്മയെ ഒരു നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമായി അവതരിപ്പിക്കുമ്പോ ഒരു പേടിയില്ലാതില്ല. അപ്പുവിന്റെ കഥകളിലെ നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രം ഞാനായിരിക്കുമല്ലോ എന്നോർത്ത്


No comments:
Post a Comment